സംസ്ഥാന നേതൃത്വത്തിന്റെ ജില്ലാതല പര്യടനം

82

സംസ്ഥാന നേതൃത്വത്തിന്റെ ജില്ലാ തല പര്യടനത്തിനു കാസര്‍ഗോഡ് ജില്ലയില്‍നിന്നും തുടക്കമായി. തുടർന്ന്‌ കണ്ണൂര്‍, വയനാട് ജില്ലകളിലും പൂര്‍ത്തിയാക്കി. നിലവിൽ വൈദ്യുതി മേഖലയിലെയും കെഎസ്ഇബി യിലെയും വിവിധ വിഷയങ്ങള്‍ സംഘടനാംഗങ്ങളുമായി നേരിട്ട് സം‌വദിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റും ഉള്‍പെടുന്ന നേതാക്കള്‍ ജില്ലകളില്‍ സന്ദര്‍ശനം നടത്തി.
സംസ്ഥാന പ്രസിഡണ്ട് ഡോ. എം.ജി സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ശ്രീ. ബി.ഹരികുമാർ, വൈസ് പ്രസിഡണ്ട് ശ്രീ. ലതീഷ്, മേഖല സെക്രട്ടറി ശ്രീമതി. ശ്രീലകുമാരി എന്നിവരുടെ നേതൃത്വത്തില്‍ ഫെബ്രുവരി എട്ടിനു കാസര്‍ഗോഡ് ജില്ലയിലാണ് പര്യടനം തുടങ്ങിയത്. സർക്കിൾ ഓഫീസ്, മൈലാട്ടി സബ് സ്റ്റേഷൻ, മാവുങ്കാൽ സബ് സ്റ്റേഷൻ, കാഞ്ഞങ്ങാട് ഡിവിഷൻ എന്നിവിടങ്ങളിൽ അംഗങ്ങളുമായി സംവദിച്ചു. ജില്ലയിലെ പ്രധാന പ്രസരണ ലൈനായ മൈലാട്ടി-വിദ്യാനഗർ 110 കെ.വി ലൈനിന്റെ ശേഷി വർദ്ധിപ്പിക്കുന്ന പദ്ധതി നേരിടുന്ന പ്രശ്നങ്ങളുൾപ്പെടെ ബോർഡ് തലത്തിൽ ശ്രദ്ധയിൽ പെടുത്തേണ്ട കാര്യങ്ങളും ഉയർന്നുവന്നു.
പയ്യന്നൂരിലാണ് കണ്ണൂര്‍ ജില്ലാതല പര്യടനത്തിന്‌ തുടക്കം കുറിച്ചത്. ഫെബ്രുവരി 9ന് മട്ടന്നൂർ, ഇരിട്ടി, ശ്രീകണ്ഠാപുരം, കണ്ണൂർ വൈദ്യുതി ഭവൻ, കാഞ്ഞിരോട്‌, തലശ്ശേരി മിനി വൈദ്യുതി ഭവൻ എന്നീ സ്ഥലങ്ങളിലെ പരിപാടിയോടു കൂടി കണ്ണൂർ ജില്ലയിലെ പര്യടനം അവസാനിച്ചു. പഴശ്ശി സാഗർ ജലവൈദ്യുത പദ്ധതി പൂർത്തീകരണം, ജില്ലയിലെ ട്രാൻസ്മിഷൻ രംഗത്തെ പുതിയ നിർദ്ദേശങ്ങൾ, സാധന സാമഗ്രികളുടെ ലഭ്യതക്കുറവ് എന്നിവയും സമകാലീന സാഹചര്യങ്ങളും ചർച്ചാ വിഷയമായി.
ഫെബ്രുവരി പത്തിന്‌ രാവിലെയാണ് വയനാട് ജില്ലയിലെ പര്യടനം ആരംഭിച്ചത്. പടിഞ്ഞാറത്തറ, കണിയാമ്പറ്റ ട്രാൻസ്മിഷൻ ഡിവിഷൻ, സുൽത്താൻ ബത്തേരി 66 KV സബ്‌സ്‌റ്റേഷൻ, കൽപ്പറ്റ സർക്കിൾ ഓഫീസ് എന്നിവിടങ്ങളിൽ വച്ച് സംഘടനാ അംഗങ്ങളുമായി ഭാരവാഹികൾ ചർച്ച നടത്തി. ജില്ലയിൽ വൈദ്യുതി ഭവനം, വിതരണമേഖലയിലെ പ്രശ്നങ്ങൾ, ബോർഡ് മാനേജ്‌മെന്റിന്റെ പ്രവർത്തനങ്ങൾ എന്നിവ ചർച്ചയായി.
ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും സംഘടനാംഗങ്ങളെ നേരില്‍ കണ്ട് സം‌വദിക്കുന്ന ഈ ഉദ്യമത്തിന് വലിയ സ്വീകാര്യതയാണ് ഉണ്ടായതെന്ന് ജില്ലകളിലുണ്ടായ മികച്ച പങ്കാളിത്തത്തില്‍ നിന്ന് വ്യക്തമാണ്. ഒപ്പം തന്നെ സംഘടനാ പ്രവര്‍ത്തനത്തിനു ഊര്‍ജ്ജം പകരുന്ന വിധം മുഴുവന്‍ അംഗങ്ങള്‍ക്കും പ്രചോദനമേകാനും ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാനും ജില്ലാ പര്യടനത്തിനു കഴിഞ്ഞിട്ടുണ്ട്.