ഭാരത് പെട്രോളിയവും സ്വകാര്യ മേഖലയ്ക്ക്

128

ഭാരത്‌ പെട്രോളിയം കോർപറേഷൻ ഉൾപ്പെടെ ലാഭത്തിൽപ്രവർത്തിക്കുന്ന അഞ്ച്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. ആശങ്കകള്‍ ശരി വെച്ചു കൊണ്ട് കൊച്ചി ബിപിസിഎൽ എണ്ണശുദ്ധീകരണശാലവിൽക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിലുണ്ട്‌. ബുധനാഴ്‌ച വൈകിട്ട്‌ ചേർന്ന മന്ത്രിസഭായോഗമാണ്‌ തീരുമാനമെടുത്തത്‌. ഈ സ്ഥാപനങ്ങളിലെ സർക്കാർ ഓഹരികൾ വിറ്റൊഴിയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ രാത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുകൂടാതെ 23 സ്ഥാപനങ്ങളുടെ 51ശതമാനത്തിൽ താഴെ ഓഹരികൾ വിൽക്കാനും തീരുമാനമായി. ഓഹരി വിൽപ്പനയ്‌ക്കൊപ്പം ഉടമസ്ഥാവകാശ കൈമാറ്റവും പ്രഖ്യാപിച്ചിട്ടുണ്ട്‌.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണശുദ്ധീകരണ സ്ഥാപനമായ ബിപിസിഎല്ലിന്റെ ഓഹരികൾ ഇതോടെ പൂർണമായും സർക്കാർ കൈയ്യൊഴിയും. ഷിപ്പിങ് കോർപറേഷനിൽ കേന്ദ്രസർക്കാരിനുള്ള 63.75 ശതമാനം ഓഹരികളിൽ 53.75ശതമാനവും വിൽക്കാൻ സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭ സബ്‌കമ്മിറ്റി തീരുമാനിച്ചു. കണ്ടെയ്‌നർ കോർപറേഷൻ ഓഫ്‌ ഇന്ത്യയുടെ (കോൺകോർ) 30. 9 ശതമാനം ഓഹരികളും വിൽക്കും. കോൺകോറിൽ 54. 80 ഓഹരിയാണ്‌ കേന്ദ്രസർക്കാരിനുള്ളത്‌. ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉൾപ്പെടെയുള്ള തെരഞ്ഞെടുത്ത പൊതുമേഖലാസ്ഥാപനങ്ങളുടെ നിയന്ത്രണം നിലനിർത്തി 51 ശതമാനത്തിൽ താഴെ ഓഹരി വിൽക്കും.
ഇന്ത്യ ഗവൺമെന്റ്‌ 27.75 കോടിരൂപ ചെലവഴിച്ച് സ്ഥാപിച്ച ബിപിസിഎൽ 3.38 ലക്ഷം കോടി രൂപയിലധികം വിറ്റുവരവും 7132 കോടിരൂപ ലാഭവുമുള്ള സ്ഥാപനമാണ്‌. 48,182 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങളും നടക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ വ്യവസായസ്ഥാപനം കൂടിയാണ്‌. വിൽപന രാജ്യത്തിന്റെ ഊർജസുരക്ഷയെയും ബാധിക്കും.


ബിപിസിഎല്ലിന്റെ കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരള സർക്കാർകൂടി മുൻകൈ എടുത്താണ്. റിഫൈനറി ബിപിസിഎൽ ഏറ്റെടുത്തപ്പോൾ സംസ്ഥാനത്തിന്റെ ഓഹരി നിലനിർത്തുകയും ബോർഡിൽ ഒരു ഡയറക്ടറെ ഉൾപ്പെടുത്തുകയും ചെയ്തു. സ്ഥാപനത്തിന്റെ വളർച്ചയിൽ സംസ്ഥാന സർക്കാർ സാമ്പത്തികവും സാമ്പത്തികേതരവുമായ പിന്തുണ നൽകി വന്നു. കേരളത്തിന്റെ 5426 കോടിരൂപയുടെ വ്യവസായ സ്വപ്‌നപദ്ധതിയായ പെട്രോകെമിക്കൽ പാർക്കും ത്രിശങ്കുവിലാകും.
മുപ്പതിനായിരത്തോളം സ്ഥിരം, കരാർ ജീവനക്കാരുടെ തൊഴിൽ സ്ഥിരതയെ ഈ നീക്കം ദോഷകരമായി ബാധിക്കും. കോടിക്കണക്കിന് വരുന്ന പാചകവാതക ഉപയോക്താക്കൾക്ക്‌ നിലവിൽ ലഭിക്കുന്ന സബ്‌സിഡി ഭാവിയില്‍ നഷ്ടമാകാന്‍ ഇടയാകും. രാജ്യത്തിന്റെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിൽ മർമപ്രധാനമായ പങ്കുവഹിക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനിയുടെ സ്വകാര്യവൽക്കരണം രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്നതാണ്.

ബിപിസിഎൽ വിൽപ്പനയ്‌ക്ക്‌ കേന്ദ്രസർക്കാർ നീക്കമാരംഭിച്ച ഘട്ടത്തിൽത്തന്നെ നിരവധി ബഹുരാഷ്‌ട്ര എണ്ണകമ്പനികൾ താൽപര്യം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയിരുന്നു. അമേരിക്കൻ എണ്ണക്കമ്പനിയായ ടെലൂറിയനാണ്‌ ഇവരിൽ മുൻപന്തിയിലുള്ളത്‌.