ചെലവിനു പണം കണ്ടെത്താൻ ഓഹരിവിൽപ്പന-കേന്ദ്ര ബഡ്ജറ്റ്

131

ചെലവിനു പണം കണ്ടെത്താൻ ദേശീയ ആസ്‌തികളും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികളും കൂട്ടത്തോടെ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കോർപറേറ്റുകൾക്ക്‌ ഇളവുകൾ തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇക്കൊല്ലം ഓഹരിവിറ്റ് 1,75,000 കോടി രൂപ സമാഹരിക്കും. ബിപിസിഎൽ, എയർഇന്ത്യ, ഷിപ്പിങ്‌ കോർപറേഷൻ, കണ്ടെയ്‌നർ കോർപറേഷൻ, ഐഡിബിഐ ബാങ്ക്‌, ബെമൽ, പവൻ ഹാൻസ്‌, നീലാചാൽ ഇസ്‌പാത്‌ നിഗം എന്നിവയുടെ ഓഹരിവിൽപ്പന 2021–-22ൽ പൂർത്തിയാക്കും. ഐഡിബിഐയ്‌ക്ക്‌ പുറമെ രണ്ട്‌‌ പൊതുമേഖലാ ബാങ്കും ഒരു ജനറൽ ഇൻഷുറൻസ്‌ കമ്പനിയും സ്വകാര്യവൽക്കരിക്കും.


അടുത്തഘട്ടം തന്ത്രപ്രധാന ഓഹരിവിൽപ്പന നടത്താനുള്ള സ്ഥാപനങ്ങളുടെ പട്ടിക നിതി ആയോഗ്‌ തയ്യാറാക്കും. നാല്‌ തന്ത്രപ്രധാന മേഖലയിൽമാത്രം ചുരുക്കം സ്ഥാപനങ്ങൾ പൊതുമേഖലയിൽ നിലനിർത്തും. മറ്റെല്ലാ സ്ഥാപനവും സ്വകാര്യവൽക്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യും.
ഇൻഷുറൻസ്‌ മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ(എഫ്‌ഡിഐ) പരിധി 49ൽനിന്ന്‌ 74 ശതമാനമായി ഉയർത്താൻ ഇൻഷുറൻസ്‌ നിയമം–1938 ഭേദഗതി ചെയ്യും. എൽഐസി ഓഹരികൾ പൊതുവിപണിയിൽ വിൽക്കും. ദേശീയ പാതകൾ, റെയിൽവേ ചരക്കുകടത്ത്‌ ഇടനാഴികൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വാതക പൈപ്പ്‌ലൈൻ, സംഭരണശാലകൾ, സ്‌റ്റേഡിയങ്ങൾ എന്നിവയുടെ നടത്തിപ്പും സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കും.