സമഷ്ടിയും പുസ്തകപ്പുരയും സംയുക്തമായി നടത്തിയ പ്രതിമാസ പരിപാടി സെപ്തംബര്‍ 27-ാം തീയതി വൈകുന്നേരം ഓഫീസേഴ്സ് ഹൗസില്‍ വച്ചു നടന്നു. കേരളത്തെ ഗ്രസിച്ച മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രളയദൃശ്യങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് ‘പ്രളയം 2018’ വീഡിയോ പ്രദര്‍ശനവും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച മത്സ്യത്തൊഴിലാളികളെ ആദരിക്കലുമായിരുന്നു പരിപാടികള്‍.
നൂറ്റാണ്ടു കണ്ട മഹാപ്രളയത്തിന്റെ സംഹാരരൗദ്രതയും വ്യാപ്തിയും പ്രളയബാധിതരുടെ ദുരിതവും ദൈന്യതയും നിസ്സഹായാവസ്ഥയും വെളിവാക്കുന്നതായിരുന്നു വീഡിയോ പ്രദര്‍ശനം. പരസ്പര സ്നേഹത്തിന്റെയും ത്യാഗ സന്നദ്ധതയുടെയും മാനവികതയുടെയും ഉദാത്ത മാതൃകയായി മാറിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ പ്രത്യാശ നല്‍കുന്നു.
മത്സ്യത്തൊഴിലാളികളെ ആദരിച്ചു
ദുരന്തഭൂമിയില്‍ രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികളെ പ്രതിനിധീകരിച്ച് മര്യനാട് നിന്നും എത്തിയ ഫ്രെഡി എമ്മോസ്, ജോസ് ജൂസടിമ, പ്ലാസ്റ്റിന്‍ എസ്, ജോണി ദാസന്‍, സില്‍വെസ്റ്റര്‍ കെ എന്നിവരെ ആദരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങള്‍ അവര്‍ വിവരിച്ചു.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇത് കണക്കിലെടുത്തുകൊണ്ടാകണം സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മത്സ്യത്തൊഴിലാളികളുടെ സഹായം അഭ്യര്‍ത്ഥിച്ചത്. മര്യനാട് പള്ളിയില്‍ അച്ചന്‍ വിളിച്ചുകൂട്ടിയ ആലോചനായോഗം അടിയന്തിരമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധത അറിയിച്ചപ്പോള്‍ ചിലര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പ്രളയവുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍ എല്ലാവരിലും ആശങ്ക സൃഷ്ടിച്ചിരുന്നു.
സാങ്കേതിക വിദ്യയുടെ സഹായം
ജിപിഎസ്, വയര്‍ലെസ് സെറ്റുകള്‍, ബാറ്ററി ചാര്‍ജര്‍, ടോര്‍ച്ച് എന്നിവ കരുതിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അപകടത്തില്‍ പെട്ടാല്‍ തിരിച്ചറിയാന്‍ വേണ്ടി തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു. ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും ചുംബനവും നല്‍കി മറ്റുള്ളവരോടെല്ലാം യാത്രയും പറഞ്ഞാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ചത്.
ആദ്യദിനം 11 വള്ളങ്ങളിലും അടുത്തദിവസം 10 വള്ളങ്ങളിലുമായി 127ഓളം പേരാണ് രക്ഷാപ്രവര്‍ത്തനങ്ങളിൽ പങ്കെടുത്തത്. ചെങ്ങന്നൂരിലേക്കുള്ള യാത്രക്കിടയില്‍ പന്തളത്തെത്തിയപ്പോള്‍ തുടര്‍ന്നുള്ള യാത്ര അപകടകരമാണെന്നറിഞ്ഞ് പോലീസ് തങ്ങളുടെ വാഹനത്തെ മുന്നില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. വഴികാട്ടാനും സഹായത്തിനുമായി പോലീസുകാരും നാട്ടുകാരുമുണ്ടായിരുന്നു. റോഡുവക്കുകളിലെ അടയാളങ്ങള്‍ കണ്ടുപിടിച്ചാണ് ദുരിതബാധിത പ്രദേശങ്ങളില്‍ സഞ്ചരിച്ചത്. പ്രളയജലത്താല്‍ പ്രദേശം മുഴുവനും മൂടപ്പെട്ടിരുന്നതിനാല്‍ പലപ്പോഴും വഴിതെറ്റി. ജി.പി.എസിന്റെ സഹായത്താലാണ് വഴി കണ്ടെത്തിയത്.
അപകടം പിടിച്ച ദൗത്യം
നേവിയുടെ ഉദ്യോഗസ്ഥര്‍ പല സ്ഥലങ്ങളിലും കുത്തൊഴുക്കാണെന്നും മുന്നോട്ടു പോകരുതെന്നും മുന്നറിയിപ്പ് നൽകി. കടലിലെ കുത്തൊഴുക്കിലും ശക്തമായ തിരമാലകള്‍ക്കിടയിലും നിത്യവും കഴിയുകയും അവ മുറിച്ചു വള്ളമോടിക്കുകയും ചെയ്യുന്ന തങ്ങള്‍ക്ക് വെള്ളം ഒരു പ്രശ്നമോ ഭീഷണിയോ അല്ല. എന്നാല്‍ കടലില്‍ നിന്നും വ്യത്യസ്തമായി ചെളി നിറഞ്ഞു കലങ്ങിയ പ്രളയജലത്തില്‍ അടിത്തട്ടിലുള്ളതൊന്നും കാണാനോ മനസ്സിലാക്കാനോ കഴിയുമായിരുന്നില്ല. പലപ്പോഴും ഗേറ്റുകള്‍, വൈദ്യുതി പോസ്റ്റുകള്‍, മതിലുകള്‍, മറ്റ് കൂര്‍ത്ത വസ്തുക്കള്‍ എന്നിവയില്‍ തട്ടി മുന്നോട്ടുള്ള പ്രയാണം തടസ്സപ്പെടുകയും വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
അതിരാവിലെ തുടങ്ങുന്ന രക്ഷാപ്രവര്‍ത്തനം ഇരുള്‍ പരക്കുന്നതുവരെ വിശ്രമരഹിതമായി തുടർന്നു. ഒരു നേരം മാത്രമായിരുന്നു ഭക്ഷണം. ഇടക്ക് കുപ്പിവെള്ളം കുടിക്കും. ഞങ്ങളെ രക്ഷിക്കണേ…. കഴിക്കാനെന്തെങ്കിലും തരണേ…. കുടിക്കാന്‍ വെള്ളം തരണേ…. എന്നിങ്ങനെ നാലുവശത്തു നിന്നുയരുന്ന രോദനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേരെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തുക എന്നുള്ള ഒറ്റ ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. മറ്റൊന്നും ചിന്തിക്കാനുള്ള സമയം കിട്ടിയിരുന്നില്ല. രക്ഷാപ്രവര്‍ത്തനം വളരെ അപകടം പിടിച്ചതായിരുന്നു. പലര്‍ക്കും മുറിവുകളേറ്റു. ഉഗ്ര വിഷമുള്ള പാമ്പുകള്‍ വെള്ളത്തിലൂടെ ഒഴുകിപ്പൊയ്ക്കൊണ്ടിരുന്നു. വള്ളത്തിലും പാമ്പുകള്‍ കയറി.
മനുഷ്യരുടെ സ്വാർത്ഥത
ദുരന്തത്തിനിടയിലും മനുഷ്യരുടെ സ്വാര്‍ത്ഥതയും സങ്കുചിതത്വവും വെളിവാക്കുന്ന സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടി വന്നു. ആള്‍ക്കാരെ രക്ഷപ്പെടുത്തി വരുന്ന വഴിയില്‍ തടസ്സമായിരുന്ന വേലിക്കെട്ട് കടന്നുപോകരുതെന്നും അത് തങ്ങളുടെ സ്വകാര്യ ആവശ്യത്തിനുള്ളതാണെന്നും പറഞ്ഞ് തടഞ്ഞ വീട്ടുകാര്‍, നിങ്ങള്‍ താഴ്ന്നവരാണെന്നും നിങ്ങളുടെ വള്ളത്തില്‍ ഞങ്ങള്‍ കയറില്ലെന്നും പറഞ്ഞ ഉന്നത ജാതിക്കാര്‍… ഇവരൊക്കെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ തങ്ങളുടെ മനസ്സില്‍ നൊമ്പരമുണ്ടാക്കി.
കാഴ്ചപ്പാടിൽ മാറ്റം വന്നു
മഹാപ്രളയത്തോടെ മത്സ്യത്തൊഴിലാളികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്നു. അകറ്റി നിര്‍ത്തപ്പെടേണ്ടവരാണ് മത്സ്യത്തൊഴിലാളികള്‍ എന്ന നിലപാടിൽ പ്രകടമായ വ്യത്യാസമുണ്ടായി. എല്ലായിടത്തു നിന്നും സ്നേഹാദരങ്ങള്‍ ലഭിച്ചു. ഒരുപാട് ജീവനുകളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയും അവര്‍ പങ്കുവെച്ചു. ഇതുപോലുള്ള ആപത്തുകളില്‍ സഹായഹസ്തവുമായി ഇനിയും തങ്ങള്‍ ഓടിയെത്തുമെന്ന് അവര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു.