ലോകം മാറുന്നു…നമ്മളും മാറണം

386

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 2015ല്‍ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ പ്രധാനമന്ത്രി ആയ ട്രൂഡോയുടെ മന്ത്രിസഭയിലെ 50 ശതമാനം മന്ത്രിമാരും വനിതകളായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ ഇരുന്നപ്പോള്‍ 20 ശതമാനത്തിന് അടുത്തായിരുന്നു വനിതാ പ്രാതിനിധ്യം. ഇത് ചൂണ്ടിക്കാട്ടിയവരോട് ട്രൂഡോ പറഞ്ഞത് “Because it’s 2015” എന്നാണ്. 1969ല്‍ ഒരു വനിതാ മന്ത്രി മാത്രം ഉണ്ടായിരുന്ന ഒരു രാജ്യം ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കിയ മാറ്റമാണിത്.
മാര്‍ച്ച് 4ന് മികച്ച നടിക്കുള്ള ഓസ്കാര്‍ പുരസ്കാരം ഏറ്റുവാങ്ങിയ ഫ്രാന്‍സ് മക്ഡോമന്‍സ് പ്രധാനമായും പറഞ്ഞത് “ഇന്‍ക്ലൂഷന്‍ റൈഡര്‍” എന്ന രണ്ട് വാക്കുകളാണ്. ചലചിത്ര രംഗത്ത് ലിംഗനീതിയും ബഹുസ്വരതയും ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഈ മേഖലയില്‍ ഉള്ള മുന്‍ നിര താരങ്ങള്‍ ഏറ്റെടുക്കാനുള്ള ആഹ്വാനമായിരുന്നു അത്. 2017 ഒക്ടോബറില്‍ ‘Me too’ ഹാഷ് ടാഗ് കാമ്പെയിന്‍ സമൂഹ മാധ്യമങ്ങളിലൂടെ ജോലി സ്ഥലങ്ങളില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളും തുറന്നു പറയാനുള്ള ആര്‍ജ്ജവം നല്‍കി. ചൈനീസ്, അമേരിക്കന്‍ പ്രസിഡന്റുമാരെ മറികടന്ന് ടൈംസ് മാഗസിന്റെ പേര്‍സണ്‍ ഓഫ് ദി ഇയര്‍ ആയി ‘Me too’ ഹാഷ് ടാഗിനെ തെരഞ്ഞെടുത്തത് മാറ്റത്തിന്റെ സൂചനയാണ്.
പുരോഗതിക്കുവേണ്ടിയുള്ള ശബ്ദമാണ് ഈ വർഷത്തെ വനിതാദിന പ്രമേയം. എന്നാല്‍ ഇന്ത്യ, ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ പിറകോട്ട് പോവുകയാണ്. ലോക സാമ്പത്തിക ഫോറം 2017ല്‍ പുറത്തിറക്കിയ ലിംഗ അസമത്വ റിപ്പോര്‍ട്ടില്‍ 21 സ്ഥാനം പിറകോട്ട് പോയി 108ാം സ്ഥാനത്താണ് ഇന്ത്യ. ഇന്നത്തെ രീതിയില്‍ മുന്നോട്ട് പോയാല്‍, ജോലിസ്ഥലത്തെ ലിംഗ സമത്വം ഉറപ്പാക്കാന്‍ 217 വര്‍ഷം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. രാഷ്ട്രീയ അധികാരം പങ്കു വയ്ക്കുന്നതിലും ലിംഗാനുപാതത്തിലും സാക്ഷരതയിലും ആയുര്‍ദൈര്‍ഘ്യത്തിലും ജോലി പങ്കാളിത്തത്തിലും കൂലിയിലും വിടവ് നിലനില്‍ക്കുന്നതാണ് ഇന്ത്യയുടെ പിന്നോട്ട് പോക്കിന് കാരണം. പാരമ്പര്യത്തിന്റേയും സംസ്കാരത്തിന്റേയും പേരില്‍ സ്ത്രീകളെ മഹത്വവല്‍ക്കരിക്കുന്നതിന് പകരം അധികാരത്തിലെ പങ്കാളിത്തവും വിവേചനരഹിതമായ അന്തരീക്ഷവും ഒരുക്കാന്‍ രാജ്യത്തിന് കഴിയണം.
സ്വന്തം കുടുംബങ്ങളിൽ നടക്കുന്ന വിവേചനങ്ങളെ ചോദ്യം ചെയ്താണ് താൻ ഒരു ഫെമിനിസ്റ്റ് ആയി മാറിയതെന്ന് റിമ കല്ലിങ്കൽ പറഞ്ഞതിനെ സ്ത്രീകൾ ഉൾപ്പടെയുള്ളവര്‍ കളിയാക്കിയത് കേരളീയ പൊതു ബോധം ഇനിയും മാറാനുണ്ട് എന്നതിന് തെളിവാണ്. കുട്ടികൾ എന്ത് പഠിക്കണം, ഏതു കോളേജില്‍ പഠിക്കണം, വിദേശത്ത് പോകാമോ, വിനോദയാത്രക്ക് പോകാമോ, രാത്രി സഞ്ചരിക്കാമോ എന്നിങ്ങനെ മിക്ക കാര്യങ്ങളിലും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കാര്യത്തിൽ വ്യത്യസ്ത നിലപാടാണ് ഭൂരിഭാഗം കുടുംബങ്ങളിലും. ലിംഗാധിഷ്ഠിതമായ വിലക്കുകള്‍ അവസാനിക്കുന്നിടത്തു നിന്നുമാണ് സമത്വം തുടങ്ങേണ്ടത്. ആണത്ത പൈതൃകം നമ്മുടെ സംസ്കാരമാണെന്ന് ധരിക്കുന്നവരാണ് സമത്വത്തിന്റെ ആശയം മുന്നോട്ട് വയ്ക്കുന്ന സ്ത്രീകളെ ഫെമിനിച്ചി എന്ന് വിളിച്ച് ആക്ഷേപിക്കുന്നത്. സമൂഹത്തിൽ 50 ശതമാനമുള്ള സ്ത്രീകൾക്ക് തുല്യമായ അവസരങ്ങൾ ലഭിക്കണമെന്ന് വാദിക്കുന്നത് ഔദാര്യമല്ല. എല്ലാവരുടെയും കഴിവുകള്‍ സമൂഹനന്മക്ക് വേണ്ടി ഉപയോഗിക്കുമ്പോളാണ് സമൂഹത്തിന് പുരോഗതിയുണ്ടാകുന്നത്. ഇക്കാര്യത്തിൽ പുരുഷന്മാരുടെ ചിന്ത മാത്രമല്ല, സ്ത്രീകളുടേതും മാറണം. ഇതിനു വേണ്ടി ശ്രമിക്കേണ്ടത് സ്ത്രീകൾ മാത്രമല്ല പുരുഷന്മാരുമാണ്.
സധൈര്യം സ്ത്രീസമൂഹം മുന്നോട്ട് കുതിക്കണമെന്ന ആഹ്വാനമാണ് ഈ വർഷത്തെ വനിതാ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ വനിതാദിനാചരണമാണിത് എന്ന പ്രത്യേകത കേരളത്തിനുണ്ട്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജെന്‍ഡര്‍ സാക്ഷരതാ യജ്ഞത്തിനും സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണ്. ലിംഗ സമത്വം ഉറപ്പാക്കാനുള്ള ശ്രമങ്ങളില്‍ സംഘടനാപരമായി പിന്തുണയും പ്രചരണവും നല്‍കണം.
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംഘടനയിലും സ്ഥാപനത്തിലും ലിംഗനീതി ഉറപ്പു വരുത്താന്‍ വേണ്ടി ധാരാളം ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ജോലി ഉണ്ടെന്ന് കരുതി സ്ട്രീകളുടെ സാമൂഹിക പിന്നോക്കാവസ്ഥ ഇല്ലാതാവുന്നില്ല. അതു കൊണ്ട് തന്നെ അത്തരം കുറവുകള്‍ നികത്തുന്നതിന് സ്ത്രീകള്‍ക്ക് ജോലി സ്ഥലത്ത് അധിക പരിഗണന നല്‍കേണ്ടതുണ്ട്. ഓണ്‍ലൈന്‍ സ്ഥലം മാറ്റത്തിലടക്കം സ്ത്രീകള്‍ക്ക് അധിക പരിഗണന നല്‍കാന്‍ സംഘടന നിലകൊണ്ടത് ഇതിനാലാണ്.
സമൂഹത്തിന്റെ വികസനവീക്ഷണങ്ങൾ നിശ്ചയിക്കുന്ന വേദികളിലും അധികാര ശ്രേണികളിലും സ്ത്രീകളുടെ സാന്നിധ്യം അംഗബലം കൊണ്ടുകൂടി പ്രകടമാകുമ്പോൾ മാത്രമേ അവർ അർഹമായത് നേടാൻ ആരംഭിച്ചുവെന്ന് പറയാനാകൂ. സംഘടനയുടെ നേതൃ നിരയില്‍ ആനുപാതിക സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്താനും സംഘടനാ പരിപാടികളുടെ വേദികളില്‍ സ്ത്രീകള്‍ ഉണ്ടെന്ന് ഉറപ്പു വരുത്താനും ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ഊര്‍ജ്ജം പകരാന്‍ വനിതാ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നുണ്ട്. കെ എസ് ഇ ബി ഒ എ യുടെ വനിതാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ സ്ഥാപനത്തിലെ വനിതകള്‍ മാതൃകാപരമായി കാണുന്നതും ഇതിനാലാണ്. ഇത്തവണത്തെ വനിതാദിനത്തിന്റെ ഭാഗമായി കെ എസ് ഇ ബിയിലെ മുഴുവന്‍ വനിതകളേയും ഏകോപിപ്പിച്ചു കൊണ്ട് പരിപാടികള്‍ നടത്താനാണ് വനിതാ കമ്മിറ്റി തീരുമാനിച്ചത്. മിക്ക ജില്ലകളിലും ഇതേ രീതിയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടപ്പിലാക്കാനും സംഘടനക്ക് സാധിച്ചിട്ടുണ്ട് എന്നത് അഭിമാനകരമാണ്.