ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക്കരുത്ത് പകര്‍ന്ന പ്രക്ഷോഭം

183

1990ല്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ രൂപീകരണത്തിന് ശേഷം നടന്ന നിരവധി പോരാട്ടങ്ങളില്‍, കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയ പ്രക്ഷോഭം തങ്ക ലിപികളില്‍ എഴുതപ്പെടും. വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തില്‍ ഇന്നേ വരെ ഇത്രയും ശക്തമായതും തുടര്‍ച്ചയായതുമായ ഓഫീസര്‍മാരുടെ സമരം ഉണ്ടായിട്ടില്ല. ഇത്രയേറെ ഓഫീസര്‍മാര്‍ കേന്ദ്രീകൃതമായി പങ്കെടുത്ത മറ്റൊരു പ്രതിഷേധവും ഈ സ്ഥാപനത്തില്‍ നടന്നിട്ടില്ല. ഐതിഹാസികമായ ഈ സമരം ഒത്തുതീര്‍ന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്.
സംഘടനകളോടുള്ള സമീപനം മാറ്റിയ മാനേജ്മെന്റ്
ഏത് ഭരണ കാലഘട്ടത്തിലും മാനേജ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല രീതിയില്‍ പിന്തുണ നല്‍കാന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് സാധിച്ചിരുന്നു. പൊതുവേ, ട്രേഡ് യൂണിയനുകളുമായും മാനേജ്മെന്റിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. അതു കൊണ്ടു തന്നെ, വൈദ്യുതി മേഖലയില്‍ രാജ്യത്തിന് മാതൃകയാവുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടനകളുടെ പൂര്‍ണ്ണ പിന്തുണയോടെ കേരളത്തില്‍ നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ 10 മാസക്കാലം വൈദ്യുതി ബോര്‍ഡും സംഘടനകളുമായുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണ ഒരു കാലഘട്ടമായിരുന്നു. എച്ച്. ആര്‍.എം. ചീഫ് എഞ്ചിനീയറേയും ഡപ്യൂട്ടി ചീഫ് എഞ്ചിനീയറേയും സ്ഥലംമാറ്റി കാറ്റഗറി സംഘടനാ നേതാക്കളെ നിയമിച്ചതടക്കമുണ്ടായ നടപടികള്‍ ഈ സാഹചര്യമുണ്ടാക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചു. 2021 ഓഗസ്റ്റ് മാസം മുതല്‍ ഉണ്ടായ വിവിധ സംഭവ വികാസങ്ങള്‍ ഇവിടെ മുമ്പും ചൂണ്ടിക്കാണിച്ചതിനാല്‍ ആവര്‍ത്തിക്കുന്നില്ല.
ഒരു തരത്തിലുള്ള ചര്‍ച്ചകളും സാമ്പത്തിക പരിശോധനകളുമില്ലാതെ നിരവധി തീരുമാനങ്ങള്‍ എടുക്കാന്‍ ഇക്കാലത്ത് മാനേജ്മെന്റ് ശ്രമിച്ചു. ദീര്‍ഘകാല ബാധ്യതായാകുന്ന വിധത്തില്‍ ആയിരത്തിലേറെ വൈദ്യുതി വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലും 5ജി സാങ്കേതിക വിദ്യ വ്യാപകമാകാന്‍ പോകുന്ന സമയത്ത് തികച്ചും കാലഹരണപ്പെട്ട പുഷ് ടു ടോക്ക് സാങ്കേതിക വിദ്യ (TASSTA) നടപ്പാക്കുന്നതിലും ജീവനക്കാര്‍ക്ക് ടീ-ഷര്‍ട്ടും, സാരിയും ചൂരിദാറും സൗജന്യമായി വിതരണം ചെയ്യുന്നതിലും സ്ഥാപനത്തിലെ ജീവനക്കാര്‍ നിര്‍മ്മിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഒഴിവാക്കി സോഫ്റ്റ്‌വെയര്‍ വാങ്ങിക്കുന്നതിലും സ്ഥാപനത്തിലെ പ്രധാന സംഘടനകള്‍ എല്ലാം തന്നെ ഒറ്റക്കെട്ടായി ശബദമുയര്‍ത്തി പ്രതിഷേധിക്കുന്ന സാഹചര്യമുണ്ടായി. ശക്തമായ ചെറുത്തുനില്‍പ്പിലൂടെ ബോര്‍ഡ് മാനേജ്മെന്റിന്റെ പല നടപടികളേയും തിരുത്തിക്കാന്‍ സ്ഥാപനത്തിലെ തൊഴിലാളി ഓഫീസര്‍ സംഘടനകള്‍ക്ക് കഴിഞ്ഞു. നമ്മുടെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താനും സംഘടനാനേതാക്കള്‍ക്കെതിരെ പ്രതികാരപരമായ നടപടികളിലേക്ക് പോകാനും മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചതില്‍ ഈ സാഹചര്യം പ്രധാനപങ്കുവഹിച്ചു.
സംഘടനാ സ്വാതന്ത്ര്യം
സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍
എത്രയോ ദശകങ്ങളായി സ്ഥാപനത്തിലെ ഓഫീസര്‍മാര്‍ അനുഭവിക്കുന്ന സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള മാനേജ്മെന്റ് ശ്രമത്തെ ഒറ്റപ്പെട്ടതായി കാണാന്‍ കഴിയില്ല. ട്രേഡ് യൂണിയനുകളോടും സര്‍വീസ് സംഘടനകളോടും പുച്ഛം നിറഞ്ഞ സമീപനമാണ് ഉണ്ടായത്. മാനേജ്മെന്റ് തീരുമാനിക്കും, ട്രേഡ് യൂണിയനുകളും ഓഫീസര്‍ സംഘടനകളും അത് അനുസരിച്ചാല്‍ മതി എന്ന ധാര്‍ഷ്ട്യം മിക്ക തീരുമാനങ്ങളുടേയും പിറകില്‍ ഉണ്ടായിരുന്നു. ട്രേഡ് യൂണിയനുകളെ നിയന്ത്രിക്കാനുള്ള ഉപകരണമായി ഓഫീസര്‍മാരെ മാറ്റാനും അതു വഴി സ്ഥാപനത്തിലെ സംഘടനാ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുമാണ് ശ്രമം ഉണ്ടായത്. ഓഫീസര്‍ സംഘടനകളെ ഇല്ലാതാക്കുകയും അതു വഴി ഓഫീസര്‍മാരെ തൊഴിലാളി സംഘടനകളെ ദുര്‍ബലമാക്കാന്‍ ഉപയോഗിക്കുകയും ചെയ്യാമെന്ന് മാനേജ്മെന്റ് പ്രതീക്ഷിച്ചു. ആ രീതിയില്‍ തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഏത് തീരുമാനവും കെ.എസ്.ഇ.ബിയില്‍ നടപ്പിലാക്കാനായിരുന്നു ശ്രമം.
ഒരുകൂട്ടം മഞ്ഞ ചാനലുകളേയും പത്രങ്ങളേയും ഉപയോഗിച്ച് കെ.എസ്.ഇ.ബി ജീവനക്കാരേയും ഓഫീസര്‍മാരേയും പണി എടുക്കാത്തവര്‍ എന്ന് അധിക്ഷേപിപ്പിക്കൂന്ന സാഹചര്യം ഉണ്ടാക്കി. പ്രളയത്തിലും കോവിഡിലും രാവും പകലും പണിയെടുത്ത് മാതൃകയായ തൊഴിലാളികളെ അധിക്ഷേപിച്ചവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണത്തിലുള്ള ഒരു സന്ദര്‍ഭത്തില്‍ ആ സര്‍ക്കാരിനു കീഴിലുള്ള ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ മാനേജ്‌മെന്റിനേയും മേധാവിയേയും ന്യായീകരിച്ചുകൊണ്ടും സ്ഥാപനത്തിലെ തൊഴിലാളി ഓഫീസര്‍ സംഘടനകളെയും അതിന്റെ നേതാക്കളേയും അപമാനിക്കുകയും ചെയ്തുകൊണ്ട് സംഘപരിവാര്‍ സംവിധാനവും അതിന്റെ ഐ.ടി സെല്ലും രാവും പകലും അധ്വാനിക്കുന്നുവെങ്കില്‍ അത് തികച്ചും ലളിതമായൊരു സാഹചര്യമല്ല. വ്യവസ്ഥാപിതമായി നടത്തിയ ശമ്പള പരിഷ്കരണത്തേയും കഴിഞ്ഞ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളേയും ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങളും ഇതിന്റെ ഭാഗമായുണ്ടായി.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ദ്വിദിന ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കില്ലെന്ന ഭീഷണി മുഴക്കപ്പെടുന്നത് ഇതേ സാഹചര്യത്തിലാണ്. കെ.എസ്.ഇ.ബിയിലൊഴികെ കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനത്തിലും ദേശീയ പണിമുടക്കിനെ പൊളിക്കാന്‍ വേണ്ടിയുള്ള ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നതും ഇതോടൊപ്പം കാണണം. എന്നാല്‍, ഇതൊക്കെ അവഗണിച്ച് ദേശീയ പണിമുടക്കിന്റെ ആദ്യ ദിവസം ഓഫീസര്‍മാരുടെ നല്ല പങ്കാളിത്തം പണിമുടക്കില്‍ ഉണ്ടായി. പണിമുടക്കിന്റെ ഒന്നാംദിനം വൈകീട്ട് സംഘടനയുടെ സംസ്ഥാന ഭാരവാഹിയും തിരുവനന്തപുരം എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ജാസ്മിന്‍ ബാനുവിനെ തികച്ചും ബാലിശമായ കാരണങ്ങള്‍ ചുണ്ടിക്കാട്ടി സസ്പെന്റ് ചെയ്തതില്‍ രണ്ടാം ദിവസത്തെ പണിമുടക്കിനെ പൊളിക്കുക എന്ന ലക്ഷ്യമാണുണ്ടായിരുന്നതെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബോധം മാത്രം മതി. ഈയൊരു നടപടിയുടെ ഭാഗമായി പണിമുടക്കിന്റെ രണ്ടാം ദിവസം നൂറോളം ഓഫീസര്‍മാര്‍ ഭയന്ന് ജോലിക്ക് ഹാജരാവുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ പോലും 80 ശതമാനത്തിലേറെ ഓഫീസര്‍മാര്‍ ഡയസ് നോണും ഭീഷണികളും അവഗണിച്ച് ദേശീയ പണിമുടക്കില്‍ പങ്കെടുത്തു.
സസ്പെന്‍ഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്ഥാപന മേധാവിയെ സമീപിച്ച ജാസ്മിന്‍ബാനുവിനോട് സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റമുണ്ടായതായി അവര്‍ സംഘടനയോട് പരാതിപ്പെടുകയുണ്ടായി. അകാരണമായ സസ്പെന്‍ഷനും സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനവും ചൂണ്ടിക്കാട്ടി ഒരു സൂചനാവനിതാധര്‍ണ്ണ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഈ പ്രക്ഷോഭത്തെ മാനേജ്‌മെന്റ് നേരിട്ടത്. വലിയൊരു സത്യാഗ്രഹമായി പ്രക്ഷോഭത്തിന്റെ

രൂപം മാറിയതും സംഘടനയുടെ പ്രസിഡന്റിനേയും ജനറല്‍ സെക്രട്ടറിയേയും സസ്പെന്റ് ചെയ്തുകൊണ്ടാണ് മാനേജ്‌മെന്റ് ഇതിനെ നേരിട്ടത്. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാല സത്യാഗ്രഹത്തിലേക്കും ഏപ്രില്‍ 19ന്റെ വൈദ്യുതി ഭവന്‍ വളയല്‍ അടക്കമുള്ള പ്രക്ഷോഭങ്ങളിലേക്കും സംഘടനക്ക് നീങ്ങേണ്ടി വന്നത്. സംഘടനാംഗങ്ങളുടെ നല്ലതോതിലുള്ള പങ്കാളിത്തവും നിശ്ചയദാര്‍ഡ്യത്തോടുള്ള ഇടപെടലുമാണ് നമ്മുടെ പ്രക്ഷോഭത്തെ വലിയ വിജയമാക്കിയത്. പ്രക്ഷോഭത്തെ വിവിധ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലെ സർവ്വീസ്/ ഓഫിസർ സംഘടനകൾ വളരെ ആവേശത്തോടെയാണ് നോക്കിക്കണ്ടത്. പ്രക്ഷോഭത്തിന് വര്‍ഗ്ഗബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ ആവേശകരമായ അഭിവാദ്യപ്രകടനങ്ങളും പിന്തുണാപ്രഖ്യാപനവുമുണ്ടായി. കര്‍ഷക കര്‍ഷകത്തൊഴിലാളി സംഘടനകളും വിദ്യാര്‍ത്ഥി യുവജനസംഘടനകളുമെല്ലാം പ്രക്ഷോഭത്തിന് പിന്തുണയേകി. എല്ലാവരേയും ഈ സന്ദര്‍ഭത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.
ഓഫീസര്‍മാരുടെ സംഘടനാ പ്രവര്‍ത്തനത്തെ ഹനിക്കുന്ന നിരവധി പരിപത്രങ്ങള്‍ ഇക്കാലത്ത് മാനേജ്മെന്റ് ഇറക്കി. വിവിധ കാറ്റഗറി സംഘടനകളും സര്‍ക്കാര്‍ വിരുദ്ധ കടലാസ് സംഘടനകളും പഞ്ച പുച്ഛമടക്കി മാനേജ്മെന്റ് നടപടികളെ പിന്തുണക്കുന്നതും നമ്മള്‍ കണ്ടു. പ്രതിഷേധ ധര്‍ണ്ണകളേയും സത്യാഗ്രഹങ്ങളേയും നിരോധിക്കുകയും അതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ് നോണ്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. എന്നാല്‍ ഇത്തരം ഭീഷണികളെയാകെ അസാധുവാക്കുന്ന തരത്തിലുള്ള പോരാട്ടങ്ങളാണ് സംഘടന നടത്തിയത്. സ്ഥാപനത്തിലെ വനിതാ ഓഫീസര്‍മാരില്‍ സിംഹഭാഗവും കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനില്‍ അംഗങ്ങളാണ്. സ്ത്രീകളെ ബാധിക്കുന്ന വിഷയങ്ങളില്‍ സംഘടന എടുത്ത നിലപാടുകളാണ് വനിതകള്‍ക്കിടയിലും സംഘടനയെ ശക്തമാക്കിയത്. ജാസ്മിന്‍ ബാനുവിന് നേരിട്ട അനുഭവവും വനിതാജീവനക്കാരെയാകെ അപമാനിക്കുന്ന നിലയില്‍ സ്ഥാപനമേധാവി മാധ്യമങ്ങളില്‍ നല്‍കിയ അഭിമുഖവുമെല്ലാം സ്ഥാപനത്തിലെ വനിതാ ഓഫീസര്‍മാരിലും ജീവനക്കാരിലും വലിയ പ്രതിഷേധം ഉയര്‍ന്നുവരുന്നതിന് കാരണമായി. അവരുടെ അഭിമാനം സംരക്ഷിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ഈ പ്രക്ഷോഭത്തിനായെന്നത് പ്രത്യേകം കാണേണ്ടതുണ്ട്.
അഭിമാനിക്കാവുന്ന വിജയം
ഈ പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി സംഘടനാ നേതാക്കള്‍ക്കെതിരേയും പ്രവര്‍ത്തകര്‍ക്കെതിരേയും നടപടി ഉണ്ടായി. സംഘടനാ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമൊക്കെ നടപടിക്ക് വിധേയരായി. എന്നാല്‍, ഇതു കൊണ്ടൊന്നും പ്രക്ഷോഭത്തെ തളര്‍ത്താന്‍ സാധിച്ചില്ല. അനിശ്ചിതകാല നിരാഹാര സമരം അടക്കം കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് പോകുന്ന സാഹചര്യത്തിലാണ് വൈദ്യുതി മന്ത്രിയടക്കമുള്ളവരുടെ ഇടപെടലുണ്ടാകുകയും ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് നടപടികളുണ്ടാകുകയും ചെയ്തത്. സംഘടനാ നേതാക്കള്‍ക്കളുടെ പേരിലുള്ള സസ്പെന്‍ഷന്‍ പ്രക്ഷോഭത്തിനിടയില്‍ത്തന്നെ പിന്‍വലിക്കപ്പെട്ടിരുന്നു. എന്നാല്‍ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിക്കൊണ്ടാണ് ഉത്തരവുണ്ടായത്. ചര്‍ച്ചകളുടെ ഭാഗമായി ഈ സ്ഥലംമാറ്റങ്ങള്‍ തിരുത്തുമെന്നും ജനറല്‍ സെക്രട്ടറിയുടെ നിഷേധിക്കപ്പെട്ട പ്രമോഷന്‍ നടപ്പാക്കുമെന്നും ഉറപ്പു ലഭിച്ചിരിക്കുന്നു.
നമ്മുടെ പ്രക്ഷോഭത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യം ഓഫിസർമാര്‍ക്ക് സംഘടിക്കുവാനും പ്രതിഷേധിക്കുവാനും കൂട്ടായി വിലപേശുവാനും അവകാശമുണ്ട് എന്ന് സ്ഥാപിക്കുകയായിരുന്നു. സമരത്തിന്റെ ഒത്തുതീർപ്പു വ്യവസ്ഥകളിൽ പ്രധാനപ്പെട്ടത് സംഘടനാ സ്വാതന്ത്രൃം അംഗീകരിക്കപ്പെടുന്ന സാഹചര്യമുണ്ടായതാണ്. മാനേജ്മെന്റ് നിലപാടിനപ്പുറമുള്ള പ്രതികരണങ്ങളൊന്നും പാടില്ല എന്ന നിലപാട് തിരുത്തി വിമര്‍ശനവും പ്രതിഷേധവും അംഗീകരിക്കപ്പെട്ടിരിക്കുന്നു.
കെ.എസ്.ഇ.ബിയെ രാജ്യത്തിന് അഭിമാനകരമായ പൊതു മേഖലാ സ്ഥപനമായി മുന്നോട്ട് കൊണ്ടു പോകാനും സ്വകാര്യവല്‍ക്കരണത്തെ ചെറുത്ത് തോല്‍പ്പിക്കാനും ഭാവിയിലും സ്ഥാപനത്തിലെ വിഷയങ്ങളില്‍ സംഘടന സജീവമായി ഇടപെടും. മാനേജ്മെന്റിന്റെ നടപടികളെ പിന്തുണച്ച സംഘ പരിവാര്‍, ഐ.എന്‍.ടി.യു.സി സംഘടനകള്‍ക്ക് തൊഴിലാളി യൂണിയനുകളുടെ റഫറണ്ടത്തില്‍ അംഗീകാരം ഇല്ലാതായതും കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍ ചരിത്ര വിജയം നേടി സോള്‍ ബാര്‍ഗെയിനര്‍ ആയതും സ്ഥാപനത്തിലെ പൊതുവികാരം വ്യക്തമാക്കുന്നതാണ്. ഭീഷണികള്‍ക്ക് വഴങ്ങാതെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത എല്ലാ പ്രവര്‍ത്തകരേയും അഭിവാദ്യം ചെയ്യുന്നു. സംഘടന നടത്തിയ പോരാട്ടത്തിന്റെ വിജയം ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരും.