സ്മാർട്ട് മീറ്റർ പദ്ധതി കേരളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതാണ്. കെ.എസ്.ഇ.ബിയിലെ സംഘടനകൾ സ്മാർട്ട് മീറ്റർ പദ്ധതി അട്ടിമറിച്ചു എന്ന നുണ മുൻ കെ.എസ്.ഇ.ബി സി.എംഡി ബി.അശോക് അടക്കമുള്ള ആളുകൾ എപ്പോഴും പറഞ്ഞു നടക്കുന്നുമുണ്ട്. എന്നാൽ, സ്മാർട്ട് മീറ്റർ പദ്ധതി കെ.എസ്.ഇ.ബിയിൽ നടപ്പിലാക്കണം എന്ന അഭിപ്രായമാണ് എക്കാലവും സംഘടനകൾ മുന്നോട്ട് വച്ചത്. സാങ്കേതിക വിദ്യയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ സ്വീകരിക്കുമ്പോഴും അത് സാധാരണക്കാരന് ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കണം എന്ന നിലപാട് ആണ് സംഘടനകൾ സ്വീകരിച്ചത്.
ടോട്ടക്സ് മാതൃകയിൽ 37 ലക്ഷം മീറ്ററുകൾ .സ്ഥാപിക്കാൻ 2400 കോടി രൂപയുടെ PACയിലാണ് ടെണ്ടർ ചെയ്തത്. PACയുടെ 15% ആയിരുന്നു ആർ.ഡി.എസ്.എസ് പ്രകാരം ഗ്രാന്റ് (ഏകദേശം 360 കോടി രൂപ) ആയി ലഭിക്കുക. 15-05-2023ന് 3 ബിഡ്ഡർമാർ പങ്കെടുത്ത ടെണ്ടർ തുറന്നപ്പോൾ ഏറ്റവും കുറഞ്ഞ ബിഡ് (പൊളാരിസ് സ്മാർട്ട് മീറ്ററിങ്ങ് പ്രൈവറ്റ് ലിമിറ്റഡ്) PACയുടെ 44.8% മുകളിൽ (3475 കോടി രൂപ) യുടേതായിരുന്നു. പദ്ധതി നടപ്പാക്കാനുള്ള തുക ടെണ്ടർ ലഭിച്ച എ.എം.ഐ സർവീസ് പ്രൊവൈഡർ (എ.എം.ഐ.എസ്.പി) ആണ് കണ്ടെത്തേണ്ടത്. എന്നാൽ, ഇത് പ്രതിമാസ തവണകളായി യൂട്ടിലിറ്റി തിരികെ നൽകണം. ചുരുക്കി പറഞ്ഞാൽ, എസ്റ്റിമേറ്റ് തുകക്ക് എത്ര മുകളിൽ ടെണ്ടർ പോയാലും അതിന് ഗ്രാന്റ് ലഭിക്കാത്തതിനാൽ, പ്രതിമാസ തുക ആനുപാതികമായി വർദ്ധിക്കും. ആ ചെലവ് മുഴുവനും കെ.എസ്.ഇ.ബിയുടെ ബാധ്യതയാവുകയും ഇതിന് ആനുപാതികമായി ഉയർന്ന തുക കരാറുകാരന് വർഷങ്ങളോളം നൽകേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യുമായിരുന്നു. ജനങ്ങൾക്ക് വലിയ ബാധ്യത ഉണ്ടാക്കുന്ന ടോട്ടക്സ് മാതൃകക്ക് എതിരെ സ്ഥാപനത്തിൽ നിന്ന് തന്നെ വലിയ പ്രക്ഷോഭം ഉയർന്നു വന്നു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷനും ഇതിന് നേതൃത്വം നൽകി.
പ്രതിഷേധങ്ങൾക്ക് ഒടുവിൽ ടോട്ടക്സ് ടെണ്ടർ റദ്ദ് ചെയ്യാൻ കേരള സർക്കാർ നിർദ്ദേശം നൽകി. 2023 ഓഗസ്റ്റ് 25-ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും വൈദ്യുതി വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം സാധാരണ ഉപഭോക്താക്കൾക്ക് ഗണ്യമായ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതെ സ്മാർട്ട് മീറ്റർ പദ്ധതി ഘട്ടം ഘട്ടമായി ടോട്ടക്സ് മാതൃകയിൽ അല്ലാതെ ചെലവ് കുറച്ച് നടപ്പാക്കാനായി തീരുമാനിച്ചു. ആദ്യ ഘട്ടത്തിൽ 3 ലക്ഷം മീറ്ററുകൾ സ്ഥാപിക്കാൻ ധാരണയായി. ചെലവ് കുറക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബിയുടെ ഡാറ്റാ സെന്ററിൽ ലഭ്യമായ അധിക സ്റ്റോറേജ് ആദ്യ ഘട്ടത്തിന് വേണ്ടി ഉപയോഗിക്കാനും മീറ്ററുകൾ മാറുന്ന പ്രവൃത്തി കെ.എസ്.ഇ.ബി ഏറ്റെടുക്കാനും തീരുമാനിച്ചു.
സർക്കാർ നിർദ്ദേശ പ്രകാരം ബദൽ മാതൃക തയ്യാറാക്കിയാണ് കാപ്പക്സ് അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി ടെണ്ടർ ചെയ്തത്. കേരളത്തിൽ 2023-ൽ ടെൻഡർ ചെയ്ത ടോട്ടെക്സ് മാതൃകയുമായി താരതമ്യം ചെയ്യുമ്പോൾ, ഒന്നാം ഘട്ടത്തിലെ CAPEX മാതൃകയിൽ കെ.എസ്.ഇ.ബി / ഉപഭോക്താക്കൾക്കുള്ള സാമ്പത്തിക ബാധ്യത 32% മുതൽ 151% വരെ കുറവാണ്. ടോട്ടെക്സ് ടെൻഡറിൽ 37 ലക്ഷം സ്മാർട്ട് മീറ്ററുകൾ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ, CAPEX ടെൻഡറിൽ വെറും 3 ലക്ഷം മീറ്ററുകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നതിനാൽ ഈ നിരക്കുകൾ ഏറ്റവും മികച്ചതാണ്. എന്നാലും, രണ്ട് ടെൻഡറുകളിലും സിസ്റ്റം മീറ്ററുകളുടെ എണ്ണം തുല്യമായിരുന്നു. ഈ വിഭാഗങ്ങൾക്ക്, ടോട്ടെക്സ് മാതൃക 121% മുതൽ 151% വരെ വില അധികമായിരുന്നു.
കാപ്പക്സ് മാതൃകയിൽ ടോട്ടക്സിനെ അപേക്ഷിച്ച് മുൻകൂറായി പണം നൽകേണ്ടതിനാൽ, Present Value കണ്ടെത്തി രണ്ട് മാതൃകകളും താരതമ്യം ചെയ്തിരുന്നു. ആ താരതമ്യം താഴെ കൊടുക്കുന്നു.
| Comparison of CAPEX and TOTEX tenders on the basis of PV @ discounted rate of 9% | |||||||
| Sl.No | Category of meters | CAPEX Cost | TOTEX pmpm | PV TOTEX @discounted rate of 9% | PV CAPEX @discounted rate of 9% | Savings in CAPEX per meter | TOTEX>CAPEX % |
| 1 | Single phase Smart Meter | 5299.27 | 79.59 | 5315.27843629915 | 5040.48675171034 | 274.79 | 5.45 |
| 2 | Three Phase Smart Meter | 6541.22 | 104.09 | 6951.46792856363 | 6233.71832330271 | 717.75 | 11.51 |
| 3 | Three phase LT-CT/DT operated Smart Meter, -/5A Accuracy class 0.5S | 10187.42 | 283.00 | 18899.6582167692 | 9651.35234514031 | 9248.31 | 95.82 |
| 4 | Three phase CT/PT operated Smart Meter -/5A /1A – HT Consumer Meter | 19273.42 | 286.79 | 19152.7667137358 | 18332.2098781841 | 820.56 | 4.48 |
| 6 | Three phase operated CT/PT Smart Meter ,-/5A /1A – Feeder/Boundary Meter | 11839.42 | 288.20 | 19246.9310885968 | 11281.6005407078 | 7965.33 | 70.60 |
രണ്ടാം ഘട്ട ടെണ്ടർ
35 ലക്ഷം ഉപഭോക്താക്കളുടെ മീറ്റർ രണ്ടാം ഘട്ടത്തിൽ സ്മാർട്ട് മീറ്ററായി മാറ്റാനും (വാർഷിക പുതിയ കണക്ഷനുകൾ പരിഗണിച്ച് 50 ലക്ഷം വരെ വിപുലീകരിക്കാനും) തീരുമാനിച്ചു. 14-01-2026ന് നടന്ന കെ.എസ്.ഇ.ബി.എൽ ഡയറക്ടർ ബോർഡ് യോഗം പദ്ധതി കാപ്പക്സ് അടിസ്ഥാനത്തിൽ ചെയ്യാനും 3,260 കോടി രൂപയുടെ ഭരണാനുമതി നൽകാനും തീരുമാനിച്ചു.
ഈ ഘട്ടത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച ഉപഭോക്തൃ വിഭാഗങ്ങൾ താഴെ പറയുന്നവയാണ്:
- എല്ലാ പ്രോസ്യൂമർമാരും (വൈദ്യുതി ഉല്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവർ)
- എല്ലാ പൊതു ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളും
- എല്ലാ ഹോർഡിംഗുകളും
- കെ.എസ്.ഇ.ബിയുടെ എല്ലാ ഓഫീസുകളും
- പ്രോസ്യൂമർമാരുടെ ജനറേഷൻ മീറ്ററുകൾ
- പ്രതിമാസം 150 യൂണിറ്റിൽ കൂടുതലുള്ള എല്ലാ ഉപഭോക്താക്കളും (കാർഷിക ഉപഭോക്താക്കളൊഴികെ)
- 2 ബില്ലിംഗ് സൈക്കിളിലേറെ ഡോർലോക്ക് ഉള്ള ഉപഭോക്താക്കൾ
- സ്മാർട്ട് മീറ്റർ ആവശ്യപ്പെടുന്ന ഉപഭോക്താക്കൾ
- എല്ലാ പുതിയ ഉപഭോക്താക്കളും (BPL, കാർഷിക ഉപഭോക്താക്കൾ ഒഴികെ)
17-01-2026ന് പദ്ധതി ടെണ്ടർ ചെയ്തു. 13-03-2026ന് കാപ്പക്സ് മാതൃകയിൽ 50 ലക്ഷം സ്മാർട്ട് മീറ്ററുകൾ ടെണ്ടർ ചെയ്യുന്നതിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചു. പദ്ധതിയുടെ ആകെ കണക്കാക്കിയ ചെലവ് ₹3,260 കോടി ആണ്. ഇതിൽ മൂലധനച്ചെലവും പ്രവർത്തനച്ചെലവും ഉൾപ്പെടുന്നു. മീറ്റർ സ്ഥാപിക്കുന്നതിനും ക്ലൗഡ് ഹോസ്റ്റിംഗിനുമുള്ള ചെലവുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നിലവിലെ ടെൻഡറിന്റെ PAC-യിൽ (Probable Amount of Contract) ഈ ഘടകങ്ങളുടെ ചെലവ് ഉൾപ്പെടുത്തിയിട്ടില്ല. 2813.59 രൂപയാണ് പി.എ.സി ആയി നിശ്ചയിച്ചത്. ഒന്നാം ഘട്ട കാപ്പക്സ് ടെണ്ടറിൽ ലഭിച്ച നിരക്കിന്റെ കൂടെ 10% വലക്കയറ്റം കൂടി ചേർത്താണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.
അതേസമയം, സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതിനുള്ള ബദൽ നിർദ്ദേശം തയ്യാറാക്കുന്നതിനായി IT Advisory Committee നൽകിയ നിർദേശപ്രകാരം, KSEBL-ന് അനുയോജ്യമായ ഏറ്റവും മികച്ച AMI ആർക്കിടെക്ചറായി ഒരു ഏകീകൃത MDMS മോഡൽ സ്വീകരിച്ചു. അതനുസരിച്ച്, Pആദ്യ ഘട്ട ടെണ്ടറിൽ അധികമായി പരമാവധി 50 ലക്ഷം സ്മാർട്ട് മീറ്ററുകൾക്കായി ഉപയോഗിക്കാവുന്ന perpetual MDMS ലൈസൻസുകളുടെ വില ഉൾപ്പെടുത്തുന്നതിനുള്ള വ്യവസ്ഥ ഏർപ്പെടുത്തിയിരുന്നു. ഇതുവഴി നിലവിലുള്ള MDMS സംവിധാനം വിപുലീകരിച്ച് രണ്ടാം ഘട്ടത്തിൽ 50 ലക്ഷം വരെ സ്മാർട്ട് മീറ്ററുകൾ കൈകാര്യം ചെയ്യാൻ സാധിക്കും.
ഇതിന്റെ ഫലമായി, രണ്ടാം ഘട്ട ടെൻഡറിൽ സ്മാർട്ട് മീറ്ററുകൾ, യൂണിവേഴ്സൽ ഹെഡ് എന്റ് സിസ്റ്റം, വാർത്താ വിനിമയ സംവിധാനം എന്നിവ മാത്രമായി പരിമിതപ്പെടുത്താൻ സാധിച്ചു. ഇതുവഴി MDMS വീണ്ടും വാങ്ങുന്നതിലൂടെ ഉണ്ടാകുന്ന അനാവശ്യ ആവർത്തനം ഒഴിവാക്കുകയും, KSEBL-ന്റെ നിലവിലുള്ള ബില്ലിങ്ങ്, ഇ.ആർ.പി സംവിധാനങ്ങളുമായി സംയോജനം കൂടുതൽ ലളിതമാക്കുകയും ചെയ്യും.
15-05-2026നാണ് സാങ്കേതിക ബിഡ് തുറന്നത്. 11 ബിഡർമാരാണ് ടെണ്ടറിൽ പങ്കെടുത്തത്. സാങ്കേതിക പരിശോധനയിൽ 1 ബിഡർക്ക് അംഗീകാരം ലഭിക്കാതെ വന്നു. പിന്നീട് 10 ബിഡർമാരുടെ സാമ്പത്തിക ബിഡുകൾ 2026 സപ്തംബർ 5ന് തുറന്നു.

M/s. Gridcrest Technologies Pvt. Ltd. ( മുമ്പ് Iskraemeko India Pvt Ltd.) ആണ് ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തി L1 ബിഡ്ഡറായി ഉയർന്നുവന്നത്. ഒന്നാം ഘട്ട സ്മാർട്ട് മീറ്റർ പദ്ധതിയുടെ കരാറുകാർ ആയിരുന്ന സ്ഥാപനത്തിന് തന്നെ രണ്ടാം ഘട്ട ടെണ്ടർ ലഭിച്ചാൽ പദ്ധതി പ്രവർത്തനം പെട്ടെന്ന് ആരംഭിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ BoQ തുക GST ഒഴികെ ₹1,399.79 കോടി ആണ്. പ്രസ്തുത ടെൻഡറിന്റെ PAC, GST ഉൾപ്പെടെ ₹2,813.59 കോടി ആണ്. അതിനാൽ, GST ഉൾപ്പെടെ ₹1,651.75 കോടി എന്ന ക്വോട്ട് ചെയ്ത തുക അടങ്കൽ തുകയേക്കാൾ 41.29% കുറവാണ്. ഒന്നാം ഘട്ട ടെണ്ടറിൽ ലഭിച്ച നിരക്കിനെ അപേക്ഷിച്ച് ഏകദേശം 35% കുറഞ്ഞ നിരക്കാണ് രണ്ടാം ഘട്ടത്തിൽ ലഭിച്ചത്. ഇത് സ്മാർട്ട് മീറ്റർ ടെണ്ടർ ചരിത്രത്തിൽ ഇന്ത്യയിൽ ലഭിച്ച ഏറ്റവും കുറഞ്ഞ നിരക്കാണ്.
രണ്ടാം ഘട്ട സ്മാർട്ട് മീറ്റർ പദ്ധതിയുടെ ടെണ്ടറിൽ ലഭിച്ച നിരക്കുകൾ 2023ൽ കേരളത്തിൽ നടന്ന ടോട്ടക്സ് ടെണ്ടറിലെ നിരക്കുമായി താരതമ്യം ചെയ്തു. നിലവിലെ കാപ്പക്സ് ടെണ്ടറിലെ മീറ്ററിന്റെ വില, HES സോഫ്റ്റ്വെയറിന്റെ വില, പരിപാലന ചെലവുകൾ എന്നിവയുടെ കൂടെ മീറ്റർ ബോക്സിന്റെ വില, LT CT മീറ്ററിന്റെ കൂടെ ഓർഡർ ചെയ്ത CTയുടെ വില, ക്ലൗഡ് ഹോസ്റ്റിങ്ങ്, MDMS സോഫ്റ്റ്വെയറിന്റെ വില, മീറ്റർ സ്ഥാപിക്കാനുള്ള ചെലവ് എന്നിവ കൂടി ചേർത്താണ് ടോട്ടക്സ് നിരക്കുകളുമായി താരതമ്യം ചെയ്തത്.

ഇതിന് ശേഷം കാപ്പക്സ് മാതൃകയിലെ നിരക്കുകൾ Present Value അടിസ്ഥാനത്തിൽ ടോട്ടക്സ് നിരക്കുകളുമായി താരതമ്യം ചെയ്തു. 9% നിരക്കിൽ കടം എടുത്ത് കാപ്പക്സ് മാതൃകയിൽ പദ്ധതിനടപ്പാക്കുന്നതും ടോട്ടക്സ് മാതൃകയും തമ്മിലുള്ള നിരക്കിലെ വ്യത്യാസം താഴെ പ്രത്യേക ടേബിൾ ആയി കൊടുത്തിരിക്കുന്നു.
RDSS ഗ്രാന്റ് ലഭിച്ചതിന് ശേഷമുള്ള ടോട്ടക്സ് നിരക്ക് സിംഗിൾ ഫേസ് മീറ്ററിന് കാപ്പക്സ് മാതൃകയേക്കാൾ 59.6% മുകളീൽ ആണ്. ത്രീ ഫേസ് മീറ്ററുകൾക്ക് ഈ വ്യത്യാസം 43.6%വും എൽ.ടി സി.ടി മീറ്ററുകൾക്ക് 130.4%വും ആണ്.
ബദൽ മാതൃക പോരാട്ടങ്ങളുടെ വിജയം
കോർപ്പറേറ്റ് കമ്പനികളുടെ എതിർപ്പുകളും ഐ.എ.എസ് ലോബിയുടെ ഗൂഡാലോചനകളും മറികടന്നാണ് സ്മാർട്ട് മീറ്റർ പദ്ധതിക്ക് കേരളത്തിൽ ബദൽ മാതൃക തയ്യാറാക്കിയത്. ആദ്യ ഘട്ടത്തിൽ ടോട്ടക്സ് നിരക്കുകളേക്കാൾ കുറഞ്ഞ നിരക്ക് ലഭിച്ചിട്ടും അടുത്ത ഘട്ടത്തിലും ടോട്ടക്സ് മാതൃക തിരികെ കൊണ്ടു വരാൻ മുൻ സി.എം.ഡി ബി. അശോക് ഉൾപ്പെടെയുള്ളവർ ശ്രമിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രണ്ടാം ഘട്ട പദ്ധതി അദാനിക്ക് നൽകാനാണ് ശ്രമം എന്ന നുണ പ്രചരണം നടത്തി. ഏറ്റവും കുറഞ്ഞ ബിഡ് 1399.79 കോടി രൂപയാണെങ്കിൽ അദാനി എനർജി സോലൂഷന്റെ ബിഡ് ഏറ്റവും പിറകിൽ പത്താമതായി 3569 കോടി രൂപ ആയിരുന്നു.
രണ്ടാം ഘട്ടത്തിൽ 2027-2028 വർഷങ്ങളിൽ 35 ലക്ഷം സ്മാർട്ട് മീറ്റർ മാറ്റി വയ്ക്കുക എന്ന ബൃഹദ് ലക്ഷ്യമാണ് നമ്മളുടെ മുന്നിൽ ഉള്ളത്. ഈ ഘട്ടം കൂടി പൂർത്തിയാവുന്നതോടെ കെ.എസ്.ഇ.ബിയുടെ 80%ത്തിലേറേ വരുമാനം ലഭിക്കുന്ന ഉപഭോക്താക്കൾക്ക് മുഴുവൻ സ്മാർട്ട് മീറ്ററായി മാറും. രാജ്യത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ സ്മാർട്ട് മീറ്റർ പദ്ധതി കേരളത്തിൽ നടപ്പിലാകുമ്പോൾ ഈ സ്ഥാപനത്തിലെ സംഘടനകൾക്ക് അഭിമാനിക്കാം.






















