കോട്ടയം: കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കുതിച്ചുചാട്ടം ലക്ഷ്യം വെച്ച് ഊര്‍ജ്ജമേഖലയില്‍ നടക്കുന്ന നവീന പ്രവര്‍ത്തനങ്ങളെ ജനസമക്ഷം അവതരിപ്പിക്കുന്ന “നവ കേരളം നവീന ഊര്‍ജ്ജം” എന്ന സെമിനാര്‍ പരമ്പരയുടെ കോട്ടയം ജില്ലയിലെ ഉദ്ഘാടനം 2020 ഫെബ്രുവരി 14 രാവിലെ 10.30 ന് പനച്ചിക്കാട് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. കെ. എസ്. ഇ. ബി. ഓഫീസേഴ്സ് അസോസിയേഷന്റെ കണ്‍സ്യൂമര്‍ ക്ലിനിക് സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഊര്‍ജ്ജ കേരള മിഷന്റെ ഭാഗമായി കേരള സര്‍ക്കാരും കെ.എസ്.ഇ.ബി.യും മുന്നോട്ടുവച്ചിട്ടുള്ള വിവിധ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുവാനും പദ്ധതികളിലൂടെ ഉപഭോക്താക്കള്‍ക്ക് സേവനം ഉറപ്പാക്കുവാനും ലക്ഷ്യമിട്ട് കേരളത്തിലുടനീളം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ജനകീയ വൈദ്യുതി വികസന സെമിനാര്‍ എല്ലാ വൈദ്യുതി സെക്ഷന്‍ പരിധികളിലും നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
ആയിരം മെഗാവാട്ട് സൌരോര്‍ജ്ജ പദ്ധതിയായ “സൌര”, മുഴുവന്‍ വീടുകളിലും എല്‍. ഇ. ഡി. ബള്‍ബ്ബുകള്‍ സ്ഥാപിക്കുന്ന “ഫിലമെന്റ് രഹിത കേരളം”, അന്തരീക്ഷ മലിനീകരണം ലഘൂകരിക്കുന്ന വൈദ്യുതി വാഹനങ്ങള്‍ക്കുള്ള “ഇ-മൊബിലിറ്റി്, ഇരുപതു ലക്ഷം ബി.പി.എല്‍. ഉപഭോക്താക്കള്‍ക്കും ഗവണ്‍മെന്റ് ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനം സൌജന്യമായി നല്‍കുന്ന “കെ-ഫോണ്‍”, വൈദ്യുതി സുരക്ഷയ്ക്ക് “ഇ-സേഫ്”, പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്ന “ട്രാന്‍സ്‌ഗ്രിഡ് 2.0” ഗുണനിലവാരമുള്ള വൈദ്യുതി ഏല്ലാവര്‍ക്കും ലഭ്യമാക്കുവാന്‍ “ദ്യുതി 2021”, എന്നീ പദ്ധതികളും കെ.എസ്.ഇ.ബി. നടപ്പാക്കുന്ന വിവിധ സേവനങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന പരിപാടിയാണിത്.
പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ. ആര്‍. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ മുന്‍ കോട്ടയം എം.എല്‍.എ. ശ്രീ വി. എന്‍. വാസവന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ. എസ്. ഇ. ബി. ഒ. എ. സംസ്ഥാന വൈസ് പ്രസിഡന്റ് കുര്യന്‍ സെബാസ്റ്റ്യന്‍ സെമിനാറിന്റെ ആമുഖ പ്രഭാഷണം നടത്തുകയും ബിനു ബി., റിയാ ജേക്കബ്, കെ. എസ്. സജീവ് എന്നിവര്‍ വിവിധ പദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്തു.
പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന്റെ ഊര്‍ജ്ജ വികസനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലുള്ളവര്‍ ചര്‍ച്ച നടത്തി.
കെ. എസ്. ഇ. ബി. ഒ. എ. സംസ്ഥാന സെക്രട്ടറി പി. . വി. പ്രദീപ് ചര്‍ച്ച ക്രോഡീകരിച്ചുകൊണ്ട് സംസാരിച്ചു. പരിപാടിക്ക് ആശംസ നേര്‍ന്നുകൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശോഭാ സലിമോന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. ബാബു, വര്‍ക്കേഴ്സ് അസോസീയേഷന്‍ സെക്രട്ടറി റ്റി. എന്‍. സുരേഷ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പന്‍, പഞ്ചായത്ത് അംഗം സുമാ മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു.
കെ. എസ്. ഇ. ബി. ഒ. എ. ജില്ലാ സെക്രട്ടറി അനൂപ് രാജ് വി. പി. സ്വാഗതവും പനച്ചിക്കാട് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി. എം. സലി നന്ദിയും രേഖപ്പെടുത്തി.