പരിസ്ഥിതി ദിനാഘോഷം-സംസ്ഥാന തല ഉദ്ഘാടനം

172

കെ.എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ പരിസ്ഥിതി ദിന – വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ ഒ എ ഹൗസിൽ വെച്ച് നടന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.എം ജി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ‘ലോകം അങ്ങനെയങ്ങ് തീര്‍ന്ന് പോകുന്നതല്ല എന്ന് നമുക്ക് നമ്മളോട് തന്നെ പറഞ്ഞു പോകണം’ എന്ന തുടക്കത്തോടെ ഒരു മരത്തിന്റെ ചില്ലയൊടിച്ചാല്‍ പോലും പരിസ്ഥിതി നശിച്ച് പോകും എന്ന തെറ്റായ ധാരണ കുട്ടികളുടെ മനസ്സില്‍ കുത്തിയിറക്കുന്നതിന്റെ വര്‍ത്തമാന കാലത്തെകുറിച്ചാണ് ഉദ്ഘാടകന്‍ സംസാരിച്ചത്. വികസിത രാജ്യങ്ങള്‍ 20 മെട്രിക് ടണ്‍ എമിഷന്‍ പ്രതിശീര്‍ഷം പ്രതിവര്‍ഷം ഉണ്ടാക്കുമ്പോള്‍ ഇന്ത്യയില്‍ 1.74 മെട്രിക് ടണ്‍ മാത്രമാണ്. നമ്മളിവിടെ കുറക്കണമെന്ന് പറയുമ്പോള്‍ വികസിതരാജ്യങ്ങളുടെ പ്രതിശീര്‍ഷ എമിഷന്‍ കൂട്ടിക്കൊണ്ടിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ മലിനീകരണം പട്ടിണിയാണെന്ന്‌ പറയുന്നതിന്റെ അന്തഃസത്തകൂടി ഉള്‍ക്കൊണ്ട് പരിസ്ഥിതി സംരക്ഷണത്തെ മറ്റൊരു തലത്തിലേക്ക് മാറ്റിചിന്തിക്കാനും ദിനാചരണത്തിന് ആവേണ്ടതുണ്ട് എന്നും സംവാദത്തിന്‌ ആമുഖമായി അദ്ദേഹം പറഞ്ഞു.

വിജയകുമാർ ബ്ലാത്തൂർ വിഷയാവതരണം നടത്തി


പ്രകൃതി പരിണാമം മനുഷ്യൻ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ വിജയകുമാർ ബ്ലാത്തൂർ വിഷയാവതരണം നടത്തി. പരിസ്ഥിതി എന്നത് പച്ചപ്പ് ആണെന്നുള്ള ധാരണ കേരളത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമായിരിക്കുമെന്നും മരത്തിനുവേണ്ടിയുള്ള കരച്ചിലല്ല പരിസ്ഥിതിദിനത്തിന്റെ ആശയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൃഷി തന്നെ പ്രകൃതിവിരുദ്ധമാണെന്നും പ്രകൃതി കൃഷി എന്നത് അടിസ്ഥാനമില്ലാത്തതാണെന്നും പ്രകൃതിയോട് പടപൊരുതിയാണ് പരിമിതമായ സൗകര്യങ്ങളിലേക്ക് ഇന്ന് എത്തിയിരിക്കുന്നതെന്നും പരിണാമത്തിന്റെ ഘട്ടങ്ങള്‍ കൂടി കാണിച്ച് അദ്ദേഹം വിശദമാക്കി. എണ്ണ കണ്ടെത്തുന്നതോടേയാണ് പ്രകൃതിയിലും ഇടപെടലില്‍ വലിയ മാറ്റങ്ങള്‍ വരുന്നത്. ഇത് വഴിയുണ്ടായ കാര്‍ബണ്‍ ഉത്സര്‍ജ്ജനത്തിന്റെ കണക്കുകള്‍ വെച്ച് പരിശോധിക്കുന്നതിന് പകരം ഓക്സിജനെ ചര്‍ച്ചയിലേക്കെത്തിക്കുകയും മരം നടലിന്റെ ചെറിയ വട്ടത്തിലേക്ക് പരിസ്ഥിതിയെ തളച്ചിടപ്പെടുകയും ചെയ്തതിന്റെ അപകടമാണ് സംവാദത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. മെഡിക്കൽ ഓക്സിജന്റെ അഭാവത്തില്‍ അരയാലിന്റെ അടിയിലേക്ക് അത്യാസന്ന രോഗികളെ എത്തിച്ച വടക്കേ ഇന്ത്യയിലെ ദുരനുഭവം നമ്മുടെ അറിവുകളെ അശാസ്ത്രീയതയിലേക്ക് വഴിതിരിച്ച് വിടുന്നതിന്റെ ഉദാഹരണമായി കാണിച്ചു. പ്രാണി ലോകത്തിന്റെ വിവിധ സവിശേഷതകളും ചരിത്രത്തിലെ കൂടി ഇടപെടലുകളും ചിത്രശേഖരങ്ങളുടെ സഹായത്തോടെ വിശദമാക്കി.


അസോസിയേഷൻ സംസ്ഥാന കൾച്ചറൽ കമ്മിറ്റി അധ്യക്ഷ ഡെയ്സി എൻ എസ് അധ്യക്ഷത വഹിച്ചു. കൺവീനർ പ്രദീപൻ സി സ്വാഗതം പറഞ്ഞു. സോണൽ സെക്രട്ടറി ശ്രീലാകുമാരി എ.എൻ, ലത. ടി.കെ എന്നിവർ സംസാരിച്ചു. പരിണാമത്തിന്റെ വിവിധ ദശകളിലുള്ള ചെറുപ്രാണികളുടെ ഫോട്ടോ പ്രദർശനം നടന്നു. വനയാത്ര, വൃക്ഷത്തെ നടൽ, തൈകൾക്ക് സംരക്ഷണ വേലിയൊരുക്കൽ, പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുടെ വിതരണം, സെമിനാറുകൾ എന്നിങ്ങനെ വിവിധ പരിപാടികളാണ് വാരാചരണത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ നടന്നത്.