കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ വനിതാസബ്കമ്മിറ്റി വിവിധ ജില്ലകളിലായി സംഘടിപ്പിച്ച് വരുന്ന വനിതാകൂട്ടായ്മകളില്‍ ഏറെ ശ്രദ്ധേയമായിരുന്നു തിരുവനന്തപുരത്ത് വെച്ച് നടന്നത്. അവതരണത്തിലെ വൈവിധ്യവും വിഷയങ്ങളുടെ സമഗ്രതയുംകൊണ്ട് സമ്പുഷ്ടമായത് മാത്രമല്ല വനിതാ ഓഫീസര്‍മാരുടെ വലിയ പങ്കാളിത്തം കൊണ്ടും പ്രതീക്ഷിച്ചതിലും മികച്ച വിജയമാക്കാന്‍ സംഘാടകര്‍ക്കായി.
തിരുവനന്തപുരം ജില്ലാ വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 11ന് വൈലോപ്പള്ളി സംസ്‌കൃതി ഭവനിൽ വച്ചു സംഘടിപ്പിച്ച ഏകദിന വനിതാ കൂട്ടായ്മയില്‍ വനിതാ കമ്മിറ്റി കൺവീനർ സ്വാഗതം ആശംസിച്ചു. ചെയർ പേഴ്സൺ ശ്രീമതി കെ. ബിന്ദു ലക്ഷ്മി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ ഓഫീസർമാർ പങ്കെടുത്ത ഈ കൂട്ടായ്മ സംഘടനയുടെ അംഗബലം വിളിച്ചോതുന്നതാണെന്നു നിസംശയം പറയാം.
ഈ ചടങ്ങിന്റ ഉൽഘാടനം നിർവഹിച്ച വി.എസ്.എസ്.സി ഫിസിക്സ് ലബോറട്ടറി ഡയറക്ടറായ ശ്രീമതി രാധിക രാമചന്ദ്രൻ തന്റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെടുത്തി സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഇനിയും മുന്നോട്ടു വരണമെന്ന് അഭിപ്രായപ്പെട്ടു. ഉയർന്ന പദവിയിലുള്ള വനിതാ ഉദ്യോഗസ്ഥർ സമയപരിധി നിശ്ചയിക്കാതെ കൃത്യ നിർവഹണത്തിന് തയ്യാറാകണമെന്നും ഉദ്ഘാടക ഓർമപ്പെടുത്തി.
ഈ വനിതാ കൂട്ടായ്മയുടെ മുഖ്യ ആകർഷണം കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ശ്രീമതി സോണിയ ഇ പി യുടെ തൊഴിൽ മേഖലയും വ്യക്തിത്വ വികസനവും എന്ന വിഷയത്തിലെ മുഖ്യ പ്രഭാഷണം ആയിരുന്നു. തന്റെ വേറിട്ട ശൈലി കൊണ്ടും ഭാഷാ വൈവിദ്ധ്യം കൊണ്ടും സദസിനെ കൈയിലെടുക്കാൻ മുഖ്യ പ്രഭാഷകക്കായി. താൻ വായിച്ച പുസ്തകങ്ങ ളിലെ കഥാപാത്രങ്ങളിലൂടെ, ഓരോ സ്ത്രീ വ്യക്തിത്വ ങ്ങളെയും വരച്ചു കാട്ടിയപ്പോൾ സദസ്സ് ഒന്നടങ്കം ആവേശഭരിതമായി കേട്ടിരുന്നു.
ഫിസിക്കൽ ഫിറ്റ് നെസുമായി ബന്ധപെട്ട് രാജീവ് ഗാന്ധി സ്പോർട്സ് ആൻഡ് മെഡിസിൻ സെന്ററിലെ ഡോ. ശങ്കർ റാം നടത്തിയ പ്രഭാഷണവും ലഘു വ്യായാമ മുറകളുടെ പരിശീലവും ആരോഗ്യത്തെ പറ്റി പുതിയ അറിവുകൾ പകർന്നു നല്കുന്നവയായിരുന്നു. ഊർജസ്വലത കൈമോശം വരാതിരിക്കാനായി വ്യായാമം ആവശ്യമാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി. സംഘടനാ അംഗങ്ങള്‍ ആലപിച്ച സംഘഗാനം മികച്ച് നില്‍ക്കുന്നതായിരുന്നു.
ശ്രീമതി .ശ്രീദേവി ലൈണെൽ, ശ്രീമതി ആര്യ എന്നിവർ ഒരുക്കിയ പെൻസിൽ ഡ്രോയിങ്, അക്രിലിക് പെയിന്റിംഗ് എന്നിവ കാഴ്ചക്കാരുടെ പ്രശംസ പിടിച്ചു പറ്റി. സംഘടനാംഗങ്ങൾ ഒരുക്കിയ കലാവിരുന്നോടു കൂടിയാണ് ഉച്ചക്ക് ശേഷമുള്ള പരിപാടികൾ ആരംഭിച്ചത് . ശ്രീമതി ലത എം കെ, ശ്രീമതി കാർത്തിക ഡി എന്നിവർ ചേർന്ന് രചനയും ആവിഷ്കാരവും നിർവഹിച്ചു, ശ്രീമതി. സ്മിത കവിത ശ്രീ. ബിന്ദുലാൽ എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ”ഒരു കൂട്ടു കക്ഷി മാനിഫെസ്റ്റോ ” എന്ന സ്കിറ്റ് വീട്ടു ജോലികൾ തുല്യ പങ്കാളിത്തത്തോടുകൂടി ചെയ്യേണ്ടവയാണെന്നും സ്ത്രീ പുരുഷ സമത്വം നമ്മുടെ വീടുകളിൽ നിന്നുമാണ് തുടങ്ങേണ്ടതെന്നുമുള്ള സന്ദേശം പകർന്നു നൽകുന്ന ഒരു ദൃശ്യ വിരുന്നായിരുന്നു. തുടർന്ന് മനോഹരമായ ഭാവ താളങ്ങളോടെ ശ്രീമതി അമൃത ശശി അവതരിപ്പിച്ച മോഹിനിയാട്ടം, ശ്രീമതി ഷീബ സലാം എഴുതി അവതരിപ്പിച്ച കവിത എന്നിവ വളരെ ആസ്വാദ്യകരമായിരുന്നു.
കൂട്ടായ്മയിലെ അവസാന ഇനം വർക്കല ഇ.എസ്.ഐ ഹോസ്പിറ്റലിലെ ഡയറ്റീഷൻ ശ്രീമതി സൗമ്യ ”ആരോഗ്യവും ആഹാര ശീലങ്ങളും” എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണമായിരുന്നു. ശൈശവം മുതൽ വാർദ്ധക്യം വരെ വിവിധ പ്രായങ്ങളിൽ അവലംബിക്കേണ്ട ആഹാര രീതികളെ കുറിചുള്ള അറിവുകൾ പകർന്നു തന്ന പ്രഭാഷക നമ്മുടെ തനത് ആഹാര ശീലങ്ങൾ പാലിച്ചു ആരോഗ്യ നിലനിർത്താൻ ആഹ്വാനം ചെയ്തു.
വനിതാ
കൂട്ടായ്മയോട് അനുബന്ധിച്ചു
നടന്ന മെഡിക്കൽ ക്യാമ്പ്
എല്ലാവരും പ്രയോജനപെടുത്തി.
ശ്രീമതി. ലീന
വി ബി കൃതജ്ഞത രേഖപെടുത്തിയതോടെ
അവസാനിച്ച കൂട്ടായ്മ ആദ്യം
മുതൽ അവസാനം വരെയുള്ള നിറഞ്ഞ
പങ്കാളിത്തം കൊണ്ടും സമയക്രമം
പാലിച്ചു കൊണ്ടുള്ള മികവുറ്റ
സംഘാടനം കൊണ്ടും ഒരു വൻ
വിജയമായിരുന്നു.