മാറ്റത്തിന്റെ കാഹളവുമായി സാര്‍വ്വദേശീയ വനിതാ ദിനം

1217
കാവ്യശില്‍പ്പം : കോഴിക്കോട്

വിവേചനത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ സധൈര്യം പ്രതികരിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലായി ആചരിക്കുന്ന സര്‍വ്വദേശീയ വനിതാദിനം വിവിധ ജില്ലകളില്‍ സമുചിതമായി ആഘോഷിക്കുകയുണ്ടായി. ലോകത്തിന്റെ നേര്‍പാതിക്കവകാശിയായ സ്ത്രീകള്‍ തുല്യനീതിയും തുല്യ അവസരങ്ങളും നിഷേധിക്കപ്പെട്ട തൊഴില്‍ സ്ഥലത്ത് നേരിട്ട വിവേചനത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ 1917 മാര്‍ച്ച് 8ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ തൊഴിലാളി സ്ത്രീകള്‍ ഫാക്ടറികളില്‍ നിന്ന് തെരുവിലേക്കിറങ്ങി പ്രതികരിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലായാണ് സാര്‍വ്വദേശീയ വനിതാദിനം ആഘോഷിക്കുന്നത്.
മാറ്റത്തിന് വേണ്ടിയുള്ള സമ്മര്‍ദ്ദവുമായി മുന്നേറുക എന്ന അര്‍ത്ഥം വരുന്ന Press for progress എന്ന മുദ്രാവാക്യവുമായാണ് വനിതാദിനം ആചരിച്ചത്. ജില്ലകളില്‍ വിവിധ പരിപാടികളോടെ വനിതാദിനാചരണം നടന്നു.

കോഴിക്കോട്
അസ്തിത്വം പോലും ചോദ്യചിഹ്നമായ ജീവിത സമരമുഖത്ത് നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ആയുധങ്ങളാക്കി പ്രതികൂല സാഹചര്യങ്ങളെ പൊരുതി തോല്‍പിച്ച് നീതിന്യായ വിഭാഗത്തിന്റെ ഭാഗമായി മാറി നാഷണല്‍ ലോക് അദാലത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജഡ്ജ് ആയ Mx. റിയ ആയിരുന്നു വനിതാദിന സമ്മേളനത്തിലെ മുഖ്യാതിഥി. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘ലിംഗസമത്വം കേരളത്തില്‍’ എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗമത്സരത്തില്‍ വിവിധ കോളേജില്‍ നിന്നുമായി 7 വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. വനിതാദിന സമ്മേളനത്തില്‍ കെ പി സീമ അധ്യക്ഷത വഹിച്ചു. എന് എസ് ബിന്ദു ചൊല്ലിക്കൊടുത്ത വനിതാദിന പ്രതിജ്ഞയ്ക്ക് ശേഷം വനിതാംഗങ്ങള്‍ അവതരിപ്പിച്ച കാവ്യശില്‍പ്പം അരങ്ങേറി. കെ എസ് ഇ ബി വര്‍ക്കേഴ്സ് അസോസിയേഷനുമായി സംയുക്തമായി നടത്തിയ വനിതാദിന സമ്മേളനത്തില്‍ ഹാജിറ (കെ എസ് ഇ ബി വര്‍ക്കേഴ്സ് അസോസിയേഷന്‍), ഒ പുഷ്പന്‍ (കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍), പരമേശ്വരന്‍ (ചീഫ് എ‍ഞ്ചിനീയര്‍, ഡിസ്ട്രിബ്യൂഷന്‍, നോര്‍ത്ത്) എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

വനിതാദിന പരിപാടി കോഴിക്കോട് : മുഖ്യാതിഥി Mx. റിയ സംസാരിക്കുന്നു

മലപ്പുറം
ജില്ലാ വനിത സബ്കമ്മിറ്റി ‘സ്ത്രീ സുരക്ഷയും സൈബര്‍ കുറ്റകൃത്യങ്ങളും’ എന്ന വിഷയത്തില്‍ പഠനക്ലാസ് സംഘടിപ്പിച്ചു. മലപ്പുറം എസ്.പി. ഓഫീസിലെ സൈബര്‍ സെല്‍ ഓഫീസര്‍ ശ്രീ. ശൈലേഷ് ക്ലാസ്സ് കൈകാര്യം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന നേതാവ് അഡ്വ. കെ.പി. സുമതി പരിപാടി ഉദ്ഘാടനം ചെയ്തു. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. പി സജ്ന സ്വാഗതവും സുപ്രിയ നന്ദിയും പറഞ്ഞു.

തൃശൂര്‍
വനിതാദിനാചരണത്തിന്റെ ഭാഗമായി വൈദ്യുതി ഭവനില്‍ രാവിലെ ഓപ്പണ്‍ ക്യാന്‍വാസ് സംഘടിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് വനിതാ സബ്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജവഹര്‍ ബാലഭവനില്‍ സ്ത്രീസുരക്ഷയെക്കുറിച്ചും സൈബര്‍ ക്രൈമുകളെ കുറിച്ചും ബോധവത്കരണ ക്ലാസ് നടന്നു. എം ആര്‍ സുനിത അദ്ധ്യക്ഷത വഹിച്ചു. വനിതാ സബ് ഇന്‍സ്പെക്ടര്‍ ശ്രീമതി. സുഭാവതി സ്ത്രീ സ്വയം പ്രതിരോധത്തെക്കുറിച്ചും, ശ്രീ. ഫീസ്റ്റോ സൈബര്‍ സുരക്ഷയെക്കുറിച്ചും വിശദീകരിച്ചു. കൂടാതെ മിന്നല്‍ ആക്രമണ വേളകളില്‍ എടുക്കേണ്ട പ്രതിരോധ നടപടികളെ കുറിച്ചു പിങ്ക് പോലീസ് പ്രാക്ടിക്കല്‍ ക്ലാസ് നടത്തി. ശേഷം ശ്രീ. മുരുകന്‍ കാട്ടാക്കടയുടെ ‘സൂര്യകാന്തി നോവ്’ എന്ന കവിതയുടെ നൃത്താവിഷ്കാരം നടന്നു. ശാരദീദേവി വിഷയാവതരണം നടത്തി. കെ പി ബീന സ്വാഗതം ആശംസിച്ചു.

നൃത്താവിഷ്കാരം – തൃശൂര്‍

തിരുവനന്തപുരം
ഉച്ചയ്ക്ക് തിരുവനന്തപുരം വൈദ്യുതിഭവന്‍ അങ്കണത്തില്‍ ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയില്‍ വനിതാദിനാഘോഷം നടന്നു. പ്രശസ്ത ചലച്ചിത്ര സംവിധായിക വിധു വിന്‍സെന്റ് പരിപാടി ഉദ്ഘാടനം ചെയ്തു. സിനിമ എന്ന പ്രതീകത്തില്‍ കൂടി ആത്മാര്‍ത്ഥതയും തന്റേടവും ചങ്കൂറ്റവും സാക്ഷാത്കരിക്കാന്‍ തനിക്ക് സാധിച്ചുവെങ്കില്‍ ഏതൊരു സ്ത്രീക്കും സ്വന്തം സ്വപ്നങ്ങള്‍ തനിക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയും സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. രാജിചന്ദ്ര (കെ എസ് ഇ ബി വര്‍ക്കേഴ്സ് അസോസിയേഷന്‍) അദ്ധ്യക്ഷത വഹിച്ചു. ബി കെ ശ്രീലത (കെ ഇ ഓഫീസേഴ്സ് ഫെഡറേഷന്‍), സൂസന്‍ ജോസഫ് (കെ എസ് ഇ ബ് എഞ്ചിനീയേഴ്സ് അസോസിയേഷന്‍), കെ സി ബീനാകുമാരി (കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍) എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഷീബ ദില്‍ഷാദ് ‘NH 47 ലെ ചിത്രശലഭം’, ‘വിധവയുടെ വീട്’ തുടങ്ങിയ സ്വന്തം കവിതകളാലപിച്ചു. ബി. സന്ധ്യ രചിച്ച ‘സ്ത്രീശക്തി’ എന്ന കവിത യു എസ് ഇന്ദു ആലപിച്ചു. കവിതാരാജന്‍ (കെ ഇ വര്‍ക്കേഴ്സ് ഫെഡറേഷന്‍) ചടങ്ങിന് സ്വാഗതവും പി വി മഞ്ജുള (കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍) കൃതജ്ഞതയും രേഖപ്പെടുത്തി. ഈ വര്‍ഷത്തെ വനിതാദിന സന്ദേശമായ ‘Press for progress’ എന്നതിനെ അടിസ്ഥാനമാക്കി ‘ഓപ്പണ്‍ ക്യാന്‍വാസ്’ മാര്‍ച്ച് 7ന് സംഘടിപ്പിച്ചു. ജീവനക്കാര്‍ ആവേശപൂര്‍വ്വം തങ്ങളുടെ ചിന്തകള്‍ ഓപ്പണ്‍ ക്യാന്‍വാസില്‍ കുറിച്ചു.

കൊല്ലം
സംഘടനയുടെയും കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊട്ടാരക്കര എന്‍ എസ് എസ് ആഡിറ്റോറിയത്തിൽ വെച്ച് വനിതാദിനാഘോഷം നടത്തി. കവയി ത്രിയും ടി കെ എം ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപികയുമായ ഡോ. മായ ഗോവിന്ദരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. പാരമ്പര്യ മൂല്യങ്ങള്‍ക്കുള്ളിൽ നിന്നും സ്ത്രീ ജനങ്ങൾ പുറത്തു വരണമെന്നും സ്വതന്ത്രമായി ചിന്തിക്കണമെന്നും ഉറച്ച തീരുമാനങ്ങളോടുകൂടി പ്രവർത്തിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. തുടർന്ന് ‘ലിംഗസമത്വം വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയം അവതരിപ്പിച്ച് കൊണ്ട് ഓൺലൈൻ മാഗസിന്‍ എഡിറ്റർ ശ്രീമതി ധന്യ ജി കൃഷ്ണൻ സംസാരിച്ചു. ലിംഗസമത്വം ബലമായി പിടിച്ചു വാങ്ങേണ്ടതല്ലെന്നും സ്ത്രീകൾക്ക് ഭയമില്ലാതെ സമൂഹത്തിൽ ജീവിക്കാൻ കഴിയുന്നതാണ് യഥാർത്ഥ ലിംഗസമത്വം എന്നും അവര്‍ വ്യക്തമാക്കി. സെൻട്രൽ കമ്മിറ്റി അംഗമായ ജി ശ്രീകുമാരിയമ്മ ചര്‍ച്ച ക്രോഡീകരിച്ചു. ഇന്ദിര അനിൽ പനച്ചൂരാന്റെ കവിത അവതരിപ്പിച്ചു. ജാസ്മിൻ സ്വാഗതവും നിർമ്മല ദാസ് കൃതജ്ഞതയും പറഞ്ഞു.

പത്തനംതിട്ട
സംഘടനയുടെ കേന്ദ്രക്കമ്മിറ്റിയംഗം ഷൈനി അബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട അബാൻ ആർക്കേഡിൽ നടന്ന വനിതാദിന സമ്മേളനം പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയര്‍ ശോശാമ്മ കുരുവിള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം ബി സതികുമാരി മുഖ്യപ്രഭാഷണം നടത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന വെല്ലുവിളികളും ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്ന ബദൽ നയങ്ങളും അവര്‍ സവിസ്തരം പ്രതിപാദിച്ചു. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ലിസി കുര്യാക്കോസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആശയ വിനിമയ പ്രാവീണ്യം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ക്ലാസ് നമ്മുടെ സംഘടനാംഗവും കൊല്ലം ട്രാൻസ്മിഷൻ കൺസ്ട്രക്ഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുമായ ആശാ അശോകൻ നയിച്ചു. വേദിയിൽ സ്ഥാപിച്ചിരുന്ന ബാനറിൽ അംഗങ്ങൾ ആശംസകളും അഭിപ്രായങ്ങളും രേഖപ്പെടുത്തി. പി ആര്‍ രമണി കവിത ആലപിച്ചു. വനിതാ സബ് കമ്മറ്റി കൺവീനർ റ്റി രമ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം പി ആര്‍ രമണി നന്ദിയും അറിയിച്ചു.

ആലപ്പുഴ
ആലപ്പുഴ ജില്ലാ വനിതാ സബ്കമ്മിറ്റിയുടെ ആവശ്യപ്രകാരം ഹരിപ്പാട് വൈദ്യുതിഭവനില്‍ ആരംഭിച്ച വനിതാ വിശ്രമമുറിയും, ഇന്‍സിനേറ്ററും വനിതാദിനമായ മാര്‍ച്ച് 8-ന് വിവിധ സംഘടനയില്‍പ്പെട്ട ജീവനക്കാരുടെ സാന്നിദ്ധ്യത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ എന്‍ കലാധരന്‍ നാടമുറിച്ച് ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘടനാംഗവും ഹരി പ്പാട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ഷൈമ ആശംസയര്‍പ്പിച്ചു. ജില്ലാ പ്രസിഡന്റ് സന്ധ്യ, സംസ്ഥാന – ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. വനിതാ സബ്കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്‍ ജി ലൈല കൃതജ്ഞത രേഖപ്പെടുത്തി. കോട്ടയം പി എം യു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉമാ മഹേശ്വരന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് വനിതാദിനാഘോഷ പരിപാടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.

എറണാകുളം
വനിതാദിന പരിപാടി തൃപ്പൂണിത്തുറ പ്രശാന്ത് ഹോട്ടലിലെ ഓഡിറ്റോറിയത്തില്‍ വച്ചു നടന്നു. വനിതാ സബ്കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം ആര്‍ ഓമനയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ ബി ശ്രീദേവി മുഖ്യപ്രഭാഷണം നടത്തി. വനിതാ സബ്കമ്മിറ്റി കണ്‍വീനര്‍ സുനിതാ ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ‘സ്ത്രീകളുടെ ശാരീരികാരോഗ്യവും പരിസ്ഥിതി പ്രശ്നങ്ങളും’ എന്ന വിഷയത്തില്‍ റെഡ്സൈക്കിള്‍ എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തകനായ ശ്രീ. അര്‍ജുന്‍ ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. എല്ലാ അംഗങ്ങളും വനിതാദിന പ്രതിജ്ഞ എടുത്തു. ചീഫ് എഞ്ചിനീയര്‍ ശ്രീ. സി വി നന്ദന്‍, സംസ്ഥാന ഭാരവാഹി അനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റാണി വര്‍ഗ്ഗീസിന്റെ ഗാനം, എന്‍ എസ് ഡെയ്സിയുടെ കവിതാലാപനം എന്നിവയും ഉണ്ടായിരുന്നു. ശ്രീലത സ്വാഗതവും എസ് എന്‍ ഷീബ കൃതജ്ഞതയും പറഞ്ഞു.

കണ്ണൂര്‍
വനിതാ ദിനാചരണത്തോടനുബന്ധിച്ച് വനിതാദിന പ്രതിജ്ഞ ഉള്‍പ്പെടുന്ന അവകാശദിന പ്രഖ്യാപന സദസ്സ് മാര്‍ച്ച് 8 ന് രാവിലെ എല്ലാ ഓഫീസുകളിലും ജീവനക്കാരുടേയും പൊതുജനങ്ങളുടേയും പങ്കാളിത്തത്തോടെ ആവേശകരമായി നടന്നു. കണ്ണൂര്‍ വൈദ്യുതിഭവനില്‍ നടന്ന ചടങ്ങ് കണ്ണുര്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മോസസ് രാജകുമാര്‍ പ്രതിജ്ഞ രേഖപ്പെടുത്തിയ കാന്‍വാസില്‍ ഒപ്പിട്ട് കൊണ്ട് നിര്‍വഹിച്ചു. എ എന്‍ ശ്രീലാകുമാരി, സി മഹിജ എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.
രണ്ടാം ദിനം വൈകുന്നേരം കണ്ണുര്‍ വൈദ്യുതിഭവന്‍ അങ്കണത്തില്‍ വനിതാസംഗമവും സാംസ്കാരികോത്സവവും നടന്നു. മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ എ സരള അധ്യക്ഷത വഹിച്ച പരിപാടി വനിതാകമ്മീഷന്‍ അംഗം ഇ എം രാധ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. വനിതാകൂട്ടായ്മ സംസ്ഥാന തലത്തില്‍ ‘ഒറ്റയ്ക്കൊരു പെണ്‍കുട്ടി’ എന്ന വിഷയത്തില്‍ നടത്തിയ ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എന്‍ എസ് ഡെയ്സി (സീനിയര്‍ സൂപ്രണ്ട്, ഇലക്ട്രിക്കല്‍ ഡിവിഷന്‍ നോര്‍ത്ത് പരവൂര്‍) ക്ക് പുരസ്കാരം നല്‍കി. രണ്ടാം സ്ഥാനം ലഭിച്ചത് പൂവന്‍തുരുത്ത് റ്റി സി യിലെ അനീഷ് ഫ്രാന്‍സിസിന് ആണ്. കഴിഞ്ഞ സ്കൂള്‍ യുവജനോത്സവത്തില്‍ കഥാരചനയില്‍ ഒന്നാം സ്ഥാനം നേടിയ കുമാരി അഞ്ജിതയെ അനുമോദിച്ചു.