ജനവിരുദ്ധനയങ്ങൾ കേന്ദ്രം കെട്ടിയേൽപ്പിക്കുന്നു – എളമരം കരീം എം.പി

363

എൻസിസിഒഇഇഇ – സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ആലുവയിൽ നടന്നു

ജനാധിപത്യത്തോട് ബഹുമാനം ഇല്ലാത്തവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. അതുകൊണ്ടാണ് ജനവിരുദ്ധനയങ്ങൾ ജനങ്ങൾക്കുമേൽ കെട്ടിയേൽപ്പിക്കുന്നത്. വൈദ്യുതി, ജനങ്ങളുടെ അവകാശമാണ്. വൈദ്യുതിമേഖല സ്വകാര്യവൽക്കരിച്ചാൽ ചെറുകിടവ്യവസായങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും തകരും. പൊതുജനങ്ങളെയും വൈദ്യുതിമേഖലയിലെ ജീവനക്കാരെയും അണിനിരത്തി സ്വകാര്യവൽക്കരണത്തെ ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി നിയമഭേദഗതി ബിൽ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നാഷണൽ കോ–-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ്‌ എൻജിനിയേഴ്സ്‌ (എൻസിസിഒഇഇഇ) ആലുവ പ്രിയദർശിനി ടൗൺഹാളിൽ സംഘടിപ്പിച്ച സംസ്ഥാന സമരപ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ അധ്യക്ഷനായി.
എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എൻസിസിഒഇഇഇ കേരളഘടകം ചെയർമാൻ എം പി ഗോപകുമാർ, കൺവീനർ എസ് ഹരിലാൽ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി, പ്രദീപ് നെയ്യാറ്റിൻകര, എം ജി സുരേഷ്‌കുമാർ, എം ജി അനന്തകൃഷ്ണൻ, പി ആർ പോൾ, എൻ വേണുഗോപാൽ, പി കെ ഷംസുദീൻ, എസ് സീതിലാൽ, കെ സി സിബു, പി എസ് നായിഡു, സി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. സമരപ്രഖ്യാപന കൺവൻഷന്റെ തുടർച്ചയായി ജനസഭകൾ, ഗൃഹസന്ദർശനം, ഡിവിഷൻതല ജാഥകൾ, ചർച്ചകൾ, പൊതുസമ്മേളനങ്ങൾ, സമരപരിപാടികൾ എന്നിവ നടത്തും.