പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഉണ്ടായ ആശങ്കകളും സാഹചര്യങ്ങളും പരിഗണിച്ച് മെയ് 20 നു നിശ്ചയിച്ചിരുന്ന ദേശവ്യാപക പണിമുടക്ക് ജൂലൈ 9 ലേക്ക് മാറ്റുകയുണ്ടായി. കേന്ദ്ര ട്രേഡ് യൂനിയന്‍ ഐക്യ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പണിമുടക്കിന് വലിയ പ്രചരണമാണ് നാടൊട്ടുക്ക് നടക്കുന്നത്. തൊഴിലാളികളെ തഴയുന്ന ലേബര്‍കോഡുകള്‍ക്കെതിരേയും തൊഴിലെടുക്കുന്നവരുടേയും കര്‍ഷകരുടേയും സാധാരണക്കാരുടേയും നിയമാനുസൃത ആവശ്യങ്ങള്‍ നിരസിക്കപ്പെടുന്നതിനെതിരേയുമാണ് ഈ മഹാസമരം. തീവ്രവാദി ആക്രമണങ്ങളെ പോലും വിദ്വേഷപ്രചരണത്തിനും ഭിന്നിപ്പിക്കുന്നതിനുള്ള ആയുധമാക്കാനും രാജ്യം ഭരിക്കുന്നവരുടെ അനുയായിവൃന്ദത്തിന്റെ ശ്രമം ഉണ്ടായത് നാം കണ്ടതാണ്. വർത്തമാനകാല ഇന്ത്യയിലെ സാമൂഹ്യ – രാഷ്ട്രീയ പരിതഃസ്ഥിതിയെ പൊതുവായി പരിഗണിച്ച് 17 അടിയന്തര ആവശ്യങ്ങളാണ് ഈ ദേശീയ പണിമുടക്കിൽ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഓരോ വ്യവസായത്തിന്റെയും പ്രവൃത്തി മേഖലയുടെയും പ്രത്യേക ആവശ്യങ്ങൾ ഇതിന്റെ ഒപ്പം ചേർത്തുകൊണ്ട് അതത് മേഖലകളിലെ സംഘടനകള്‍ ഈ മുദ്രാവാക്യങ്ങളെ മൂര്‍ത്തമാക്കാനായി ഒരുമിക്കുന്നു. 2014 മുതൽ മോദി ഗവൺമെന്റ് തുടർച്ചയായി ശ്രമിക്കുന്നത് അടിസ്ഥാനപരമായി ഇന്ന് തൊഴില്‍സംരക്ഷണത്തിന് അല്പമെങ്കിലും ആശ്വാസമാകുന്ന തൊഴിൽ നിയമങ്ങൾ ആകെ പൊളിച്ചെഴുതി നാലെണ്ണമാക്കി ചുരുക്കുക എന്നതാണ്. 29 കേന്ദ്ര നിയമങ്ങളും നൂറുകണക്കിന് സംസ്ഥാന നിയമങ്ങളും അടങ്ങുന്ന കൺകറന്റ് ലിസ്റ്റിൽപെട്ട തൊഴിൽ നിയമങ്ങളുടെ ഒരു വലിയ സമുച്ചയത്തെ നാലാക്കി ചുരുക്കിക്കൊണ്ടുള്ളതാണ് നിർദ്ദിഷ്ട ലേബർ കോഡുകളുടെ കാഴ്ചപ്പാട്. തൊഴിലാളികളുടെ സംരക്ഷണത്തിനു ഒരു പരിഗണനയും കൊടുക്കാതെ നിലവിലുള്ള നിയമങ്ങളെ പൂർണമായും പൊളിച്ചെഴുതുക വഴി തൊഴിലാളികൾക്ക് തൊഴിലിടത്തിലുള്ള സംരക്ഷണവും സേവന – വേതന വ്യവസ്ഥകളുടെ കാര്യത്തിൽ നിലവിലുള്ള സാഹചര്യങ്ങളും അട്ടിമറിക്കപ്പെടും എന്നതില്‍ സംശയമില്ല. കര്‍ഷക നിയമങ്ങള്‍ പിൻവലിക്കേണ്ടി വന്നതുപോലെ ഇതുവരെ പാസാക്കാനാവാത്ത ഈ കോഡുകളും താമസിപ്പിച്ച് കൊണ്ടുപോകുക എന്നുള്ളതല്ല, പൂർണമായി പിൻവലിപ്പിക്കുക എന്നുള്ളതാണ് സമരസമിതി ഉദ്ദേശിക്കുന്നത്. തൊഴിലിടങ്ങളില്‍ ബാധകമായ അടിസ്ഥാന നിയമം എന്ന നിലയില്‍ തൊഴിലെടുക്കുന്നവര്‍ ആകെ യൂനിയന്‍ സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരേയുള്ള പോരാട്ടം ഏറ്റെടുക്കേണ്ടതുണ്ട്.
വൈദ്യുതി മേഖലയെ ആകെ സ്വകാര്യവത്കരണത്തിനായി തുറന്നിടുന്ന വൈദ്യുതി നിയമ ഭേദഗതിക്കും വര്‍ഷങ്ങളായി ശ്രമം ഉണ്ടായിട്ടുണ്ട്. രാജ്യമാകെ നമ്മുടെ യോജിച്ച പോരാട്ടമാണ് ഇതിനെ ഇതു വരെ തടുത്തുനിര്‍ത്തിയിരിക്കുന്നത്. വര്‍ഗ്ഗീയതയും വിദ്വേഷവും ഭിന്നിപ്പുകളുമായി തെരഞ്ഞെടുപ്പുകളിലുണ്ടാക്കുന്ന ശക്തിയുടെ ബലത്തില്‍ ഇത്തരം നിയമങ്ങളെ യാഥാര്‍ത്ഥ്യമാക്കനുള്ള ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ് ഇവര്‍. സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തി വളഞ്ഞ വഴികളിലൂടെ സ്വകര്യവത്കരണം വേരുപിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിവിധയിടങ്ങളില്‍ നമുക്ക് അനുഭവമുള്ളതാണ്. ഇതിനെതിരെ അതാതിടങ്ങളിലെ ശക്തമായ സമരങ്ങളില്‍ അണിനിരന്നും ഐക്യദാര്‍ഢ്യപ്പെട്ടും നാം മുദ്രാവാക്യമുയര്‍ത്തിയിട്ടുണ്ട്. ഈ പോരാട്ടങ്ങളാകെ ശക്തിപ്പെടുന്നത് അടിസ്ഥാന ജനവിഭാഗത്തിന്റെ ആവശ്യങ്ങളും അവകാശവുമുയര്‍ത്തി തൊഴിലൊടുക്കുന്നവര്‍ കൂട്ടായി രാജ്യത്ത് നടത്തുന്ന ഒരു മഹാസമരത്തിന്റെ ഭാഗമാകുമ്പോഴാണ്. നമ്മുടെ ശബ്ദവും പൊതുമുദ്രാവാക്യങ്ങളുടെ ഭാഗമാക്കി തീര്‍ക്കുമ്പോഴാണ്. ജൂലൈ 9 ന്റെ ദേശിയ പണിമുടക്കിന്റെ ഭാഗമാകാനും അതിന്റെ വിജയത്തിനായുള്ള പ്രചരണങ്ങളോട് ചേര്‍ന്നുനില്‍ക്കാനും വൈദ്യുതമേഖലയിലെ മുഴുവനാള്‍ക്കാരോടും അഭ്യര്‍ത്ഥിക്കുന്നു.