• കേരളത്തിന്റെ പ്രസരണ ശേഷി ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പതിനായിരം കോടിയോളം മുടല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ട്രാന്‍സ്ഗ്രിഡ്. നിലവില്‍ കേരളത്തിന്റെ പ്രധാനപ്പെട്ട പ്രസരണ ശൃംഖല 220കെ.വിയാണ്. ഇത് 400കെ.വി.ആയി ഉയര്‍ത്തുകയും 400കെ.വി., 220 കെ.വി. സബ്സ്റ്റേഷനുകള്‍ അനുബന്ധ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുകയാണ് ഈ പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്.
• ഈ പദ്ധതി രണ്ടു ഘട്ടമായാണ് നടപ്പാക്കുന്നത്. ഇതില്‍ 2022ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള 4572കോടി രൂപയുടെ ഒന്നാംഘട്ടമാണ് നടപ്പാക്കി വരുന്നത്. രണ്ടാംഘട്ട പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയ്യാറായി വരുകയാണ്.
• ഒന്നാം ഘട്ട പദ്ധതിയില്‍ ആകെ 13 പാക്കേജുകളാണ് ഉള്ളത്. ഇതില്‍ ഒരു 400കെ.വി. സബ്സ്റ്റേഷനും പതിനൊന്ന് 220 കെ.വി സബ്സ്റ്റേഷനും ഉല്‍പ്പെടുന്ന 5 സബ്സ്റ്റേഷന്‍ പാക്കേജുകളും 2074 സര്‍ക്ക്യൂട്ട് കിലോമീറ്റര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ ഉള്‍പ്പെടുന്ന 8 ലൈന്‍ പാക്കേജുകളുമാണ് ഉള്ളത്. പതിമൂന്നില്‍ 12 പാക്കേജുകളും ടെണ്ടര്‍ ചെയ്ത് അവാര്‍ഡ് ചെയ്തുകഴിഞ്ഞു. കോട്ടയം 400കെ.വി. സബ്സ്റ്റേഷന്‍ പാക്കേജ് മാത്രമാണ് ടെണ്ടര്‍ ചെയ്യാന്‍ ബാക്കിയുള്ളത്.
• മലപ്പുറം മഞ്ചേരി 110കെ.വി. എച്ച്.ടി.എല്‍.എസ്. ഡബിള്‍ സര്‍ക്ക്യൂട്ട് ലൈന്‍, ഏറനാട് പാക്കേജില്‍ പെട്ട മാടക്കത്തറ മുതല്‍ മലാപ്പറമ്പു വരെയുള്ള 400/220 കെ.വി. ഡബിള്‍ മള്‍ട്ടി സര്‍ക്യൂട്ട് ലൈന്‍, എച്ച്.ടി.എല്‍.എസ്. പാക്കേജില്‍പ്പെട്ട നല്ലളം-കക്കയം ഡബിള്‍ സര്‍ക്യൂട്ട് റികണ്ടക്ടറിംഗ് തുടങ്ങിയ പ്രവൃത്തികള്‍ ഇതിനകംതന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. 2020 മാര്‍ച്ച് മാസത്തോടെ 7 സബ്സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. ഈ നിലയില്‍ ത്വരിതഗതിയില്‍ പ്രവര്‍ത്തനങ്ങളെല്ലാം നടന്നു വരുകയാണ്.
• പതിനായിരം കോടി രൂപയുടെ പദ്ധതിയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് പദ്ധതി 4500കോടിരൂപയുടേതാക്കി മാറ്റിയെന്ന് ബഹു. പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. ഇത് തികച്ചും വസ്തുതാവിരുദ്ധമാണ്. എന്തെങ്കിലും ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നതിന്റെ പേരിലല്ല ട്രാന്‍സ്ഗ്രിഡ് പദ്ധതി രണ്ടു ഘട്ടമായി നടപ്പാക്കുന്നത്. കേരളത്തില്‍ പ്രസരണ ലൈന്‍ നിര്‍മ്മാണത്തിന് കോറിഡോര്‍ ലഭിക്കുന്നതിന് വലിയ പ്രയാസമുള്ളതിനാല്‍ നിലവിലുള്ള കോറിഡോര്‍ തന്നെ ഉപയോഗപ്പെടുത്തിയാണ് ഈ പദ്ധതിയില്‍ പ്രധാന ലൈനുകളെല്ലാം നിര്‍മ്മിക്കുന്നത്. ഇങ്ങിനെ നിലവിലുള്ള ലൈന്‍റൂട്ടില്‍തന്നെ നിര്‍മ്മാണം നടത്തുമ്പോള്‍ വൈദ്യുതിതടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഘട്ടംഘട്ടമായി മാത്രമേ പദ്ധതി നടപ്പാക്കാന്‍ കഴിയുകയുള്ളൂ. ഇക്കാര്യങ്ങളും കേരളത്തിന്റെ പ്രസരണ ശേഷിയില്‍ ഒരോ കാലത്തും ആവശ്യമായ വര്‍ദ്ധനവും കണക്കിലെടുത്താണ് രണ്ടുഘട്ടമായി പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
• ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ ഇതിനകംതന്നെ ഒട്ടേറെ പ്രവൃത്തികള്‍ പൂര്‍ത്തിയാകുകയും ബാക്കി പ്രവൃത്തികള്‍ ത്വരിതഗതിയില്‍ നടന്നുവരുകയുമാണ്. ബഹു. പ്രതിപക്ഷ നേതാവ് ആരോപണത്തില്‍ പരാമര്‍ശിക്കുന്നതുപോലെ ആദ്യത്തെ പദ്ധതികളല്ല കോലത്തുനാട്, കോട്ടയം ലൈന്‍പാക്കേജുകള്‍.
• കോലത്തുനാട് കോട്ടയം പാക്കേജുകളില്‍ അടിസ്ഥാനനിരക്കുകളെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് കരാര്‍ നല്‍കിയിട്ടുള്ളത് എന്നതാണ് ബഹു. പ്രതിപക്ഷ നേതാവ് ആക്ഷേപമായി ഉന്നയിച്ചിട്ടുള്ളത്.
• തികച്ചും നിയമാനുസൃതവും സുതാര്യവുമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് ട്രാന്‍സ്ഗ്രീഡിലെ എല്ലാ പദ്ധതികളുടേയും ടെണ്ടറുകള്‍ നടത്തിയിട്ടുള്ളത്. കോലത്തുനാട്, കോട്ടയം പാക്കേജുകളിലും ഇത്തരം നടപടിക്രമങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് കരാര്‍ നല്‍കിയിട്ടുള്ളത്. തികച്ചും സുതാര്യമായി ഇ-ടെണ്ടര്‍ നടത്തി റിവേര്‍സ് ഇ-ബിഡ്ഡിംഗ് മുഖാന്തിരം ഏറ്റവും കുറഞ്ഞ നിരക്ക് കണ്ടത്തിയാണ് കരാര്‍ നല്‍കുന്നത്. പ്രസരണ ലൈന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന തടസ്സങ്ങള്‍, ഉയര്‍ന്ന കൂലിനിരക്ക് തുടങ്ങി വിവിധ കാരണങ്ങളാല്‍ കെ.എസ്.ഇ.ബി.യുടെ പ്രസരണ ലൈനുകളുടെ കരാറുകള്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ നല്കേണ്ടി വരുന്നുണ്ട്. ട്രാന്‍സ്ഗ്രീഡ് പദ്ധതികളില്‍ സാധാരണ ലൈനുകളില്‍ നിന്നും വ്യത്യസ്ഥമായി ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഗ്യാരണ്ടി അടക്കമുള്ള കാര്യങ്ങളില്‍ ഒട്ടേറേ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
• സാധാരണ വര്‍ക്കുകളില്‍ ഗ്യാരന്റി 12 മുതല്‍ 18 മാസം വരെയാണെങ്കില്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതികളുടെ ഗ്യാരന്റി 84 മാസമാണ്. ഇക്കാലയളവിലുണ്ടാകാനിടയുള്ള തകരാറുകള്‍ പരിഹരിക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്വമാണ്. സാധാരണ ജോലികളില്‍ സാധന സാമഗ്രികള്‍ വാങ്ങുന്നതിന്റെ തുക അവ സപ്ലൈ ചെയ്യുമ്പോള്‍ തന്നെ നല്‍കുന്ന രീതിയാണെങ്കില്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമേ തുക അനുവദിക്കുകയുള്ളൂ. ഇക്കാരണങ്ങളാല്‍ സാധാരണ ലൈന്‍വര്‍ക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്ക് ട്രാന്‍സ്ഗ്രിഡ് പദ്ധതികള്‍ക്ക് ക്വോട്ട് ചെയ്യപ്പെടുക സ്വാഭാവികമാണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ നടപ്പാക്കപ്പെട്ടിട്ടുള്ള വിവിധ പദ്ധതികളുടെ കരാര്‍തുകകള്‍ താരതമ്യപ്പെടുത്തിയാല്‍ അത്തരത്തില്‍ ഒരു വ്യത്യാസം ട്രാന്‍സ്ഗ്രിഡ് പദ്ധതികള്‍ക്ക് ഉണ്ടായിട്ടില്ല എന്ന് കാണാന്‍ കഴിയും.
• 2011 മുതല്‍ 16 വരെ കെ.എസ്.ഇ.ബി. ടെണ്ടര്‍ ചെയ്ത വിവിധ ട്രാന്‍സ്മിഷന്‍ ലൈന്‍ നിര്‍മ്മാണ ജോലികളില്‍ മുഴുവനും കരാര്‍ നല്‍കിയിട്ടുള്ള തുക എസ്റ്റിമേറ്റ് തുകയേക്കാള്‍ ഉയര്‍ന്നതായിരുന്നു. ഇത്തരം പ്രവൃത്തികളുടെ ശരാശരി നിരക്ക് 51% അധികമായിരുന്നു. ചില പ്രവര്‍ത്തികളില്‍ ഇത് 90%വരെ കൂടുതലായിരുന്നു.
• ട്രാന്‍സ്ഗ്രീഡ് പദ്ധതികളില്‍ എസ്റ്റിമേറ്റ് തയ്യാറക്കിയിരിക്കുന്നത് 2016ലെ നിരക്കുകളിലാണ്. ഈ മൂന്നു വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുള്ള സാധനസാമഗ്രികളുടെ വിലവര്‍ദ്ധനവ്, കൂലിയിലെ വര്‍ദ്ധനവ് എന്നിവ കണക്കിലെടുക്കുമ്പോള്‍ പദ്ധതിയുടെ ടെണ്ടര്‍ നിരക്കുകള്‍ ന്യായമായതാണ് എന്ന് കാണാവുന്നതാണ്. കോലത്തുനാട്, കോട്ടയം ലൈന്‍ പാക്കേജുകളിലും കരാര്‍ നല്‍കിയിട്ടുള്ള നിരക്കുകള്‍ പ്രസരണ ലൈനുകള്‍ക്ക് കെ.എസ്.ഇ.ബി.യില്‍ സാധാരണ കരാര്‍ നല്‍കുന്ന നിരക്കുകള്‍ തന്നെയാണ്.
• കേന്ദ്ര ഊര്‍ജ്ജ വകുപ്പിന്റെ കീഴിലുള്ള പൊതു മേഖലാസ്ഥാപനങ്ങളായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനും റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനും ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും നടപടിക്രമങ്ങള്‍ പാലിക്കുന്നുവെന്നത് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനും Bid Process Co-ordinator (BPC) ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പരാമര്‍ശിച്ചിട്ടുള്ള കോലത്തുനാട്, കോട്ടയം ലൈന്‍ പാക്കേജുകളില്‍ ടെണ്ടര്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചുകൊണ്ട് PFCയുടേയും RECയുടേയും മേല്‍നോട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള MSTCവഴി e-ടെണ്ടറും e-റിവേര്‍സ് ഓക്ഷനും നടത്തിയത്. അങ്ങനെ കണ്ടെത്തിയ കുറഞ്ഞ തുക ക്വോട്ടു ചെയ്ത ബിഡ്ഡര്‍മാരോട് കെ.എസ്.ഇ.ബി ലിമിറ്റഡ് വീണ്ടും രണ്ടു തലങ്ങളില്‍ ല്‍ Negotiation നടത്തി ക്വോട്ട് ചെയ്ത തുകയില്‍ നിന്നും വീണ്ടും ഗണ്യമായ കുറവു വരുത്തിയ തുകക്കാണ് ജോലികള്‍ കരാര്‍ നല്‍കിയിട്ടുള്ളത്. എല്ലാ നടപടി ക്രമങ്ങളും പാലിച്ച് ഏറ്റവും സുതാര്യമായി നടപ്പിലാക്കുന്ന ഈ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയും ചെയ്യുകയാണ്. വസ്തുതകള്‍ ഇതായിരിക്കെ, ഈ പദ്ധതി നടത്തിപ്പിനെക്കുറിച്ച് അടിസ്ഥാനപരമായ വസ്തുതകള്‍ മനസ്സിലാക്കാതെയാണ് ആക്ഷേപമുന്നയിച്ചിരിക്കുന്നത്.
• പദ്ധതികളുടെ തുടക്കത്തില്‍ സാമ്പത്തിക ഭദ്രതയും സാങ്കേതിക പരിജ്ഞാനമുള്ള കരാറുകാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു. 500 കോടി turn over ഉള്ള കമ്പനികളെ മാത്രം പങ്കെടുപ്പിച്ചാല്‍ മതി എന്ന ആദ്യ തീരുമാന പ്രകാരം മതിയായ ടെണ്ടര്‍ ലഭിക്കാത്തതിനാല്‍ 300 കോടി രൂപയായി കുറയ്ക്കാന്‍ തീരുമാനിക്കുകയുണ്ടായി. കൂടുതുല്‍ ടെണ്ടറുകള്‍ ലഭിക്കുന്നതിനും മല്‍സരം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തില്‍ മാറ്റം വരുത്തിയത്. അതുകൊണ്ടുതന്നെ ടെണ്ടര്‍ കണ്ടീഷനില്‍ വ്യതിയാനം വരുത്തി കരാറുകാരെ സഹായിച്ചു എന്ന ആക്ഷേപം വസ്തുതാവിരുദ്ധമാണ്. മാത്രമല്ല ബഹു. പ്രതിപക്ഷ നേതാവ് പരാമര്‍ശിച്ചിട്ടുള്ള കോലത്തുനാട്, കോട്ടയം പാക്കേജുകളില്‍ കരാര്‍ കിട്ടിയിട്ടുള്ള കമ്പനികള്‍ ഈ ഇളവ് ഇല്ലാതെ തന്നെ കരാറില്‍ പങ്കെടുക്കാന്‍ യോഗ്യരാണ്.
• പ്രത്യേകമായ ഒരു പദ്ധതി എന്ന നിലയില്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതി നടപ്പാക്കുന്നതിന് വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെ ഉല്‍ക്കൊള്ളിച്ചുകൊണ്ട് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നത് വസ്തുതയാണ്. ഈ പദ്ധതിയിലും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള എ.ഇ.മാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍, ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, ചീഫ് എഞ്ചിനീയര്‍ എന്നിങ്ങനെ എല്ലാ തലങ്ങളിലുമുള്ള ഓഫീസര്‍മാരുമുണ്ട്. ഇവരെല്ലാം വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍ തന്നെയാണ്. അല്ലാതെ ഏതെങ്കിലും ഒരു ചീഫ് എഞ്ചിനീയര്‍ ഒറ്റക്ക് തയ്യാറാക്കിയ പദ്ധതി പ്രകാരമല്ല ട്രാന്‍സ്ഗ്രിഡ് നടപ്പാക്കുന്നത്.
• വൈദ്യുതി ബോര്‍ഡിന്റെ ട്രാന്‍സ്മിഷന്‍ ഡയറക്ടര്‍ കഴിഞ്ഞ ജൂണ്‍മാസത്തിലാണ് ബോര്‍ഡില്‍ നിന്ന് വിരമിച്ചത്. ഇവര്‍ ബോര്‍ഡില്‍ നിന്ന് വിരമിച്ചതിന് ശേഷം കിഫ്ബിയുടെ കണ്‍സള്‍ട്ടന്റായി ജോലി ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതികളുടെ പരാമര്‍ശവിധേയമായ പാക്കേജുകളുടെ അപ്രൈസലുകള്‍ ഇതിനും മുമ്പുതന്നെ പൂര്‍ത്തിയാക്കിയിട്ടുള്ളതാണ്. ഇതുസംബന്ധിച്ചുള്ള ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്.
• ട്രാന്‍സ്ഗ്രിഡ് അടക്കമുള്ള കെ.എസ്.ഇ.ബി. നടപ്പാക്കുന്ന എല്ലാ പദ്ധതികളും ഇന്റേണല്‍ ഓഡിറ്റിംഗിന് വിധേയമാണ്. പദ്ധതികള്‍ സി.ആന്റ് എ.ജി.യുടെ ഓഡിറ്റിനും വിധേയമാണ്. കൂടാതെ കെ.എസ്.ഇ.ബി.യ്ക്ക് സ്വന്തമായുള്ള വിജിലന്‍സ് വിഭാഗത്തിന്റെയും ജില്ലാ ജഡ്ജിയിയുടെ നേതൃത്വത്തിലുള്ള നിയമ വിഭാഗത്തിന്റെയും നിരീക്ഷണത്തിലാണ് പദ്ധതി നിര്‍വ്വഹണം നടക്കുന്നത്.
• ട്രാന്‍സ്ഗ്രിഡ് പദ്ധതികള്‍ റഗുലേറ്ററികമ്മീഷന്റെയും കിഫ്ബിയുടേയും പരിശോധനകള്‍ക്ക് വിധേയമായാണ് നടപ്പാക്കുന്നത്. പദ്ധതികള്‍ വിശദമായ കോസ്റ്റ് ബെനഫിറ്റ് പരിശോധനകള്‍ക്ക് വിധേയമായതുമാണ്. ട്രാന്‍സ്‌ഗ്രിഡ് പദ്ധതികള്‍ക്ക് കിഫ്ബിയില്‍ നിന്നും പലിശ നിശ്ചയിച്ചുകൊണ്ടുള്ള വായ്പയായാണ് ധനസഹായം സ്വീകരിക്കുന്നത്. പദ്ധതിയുടെ ടെണ്ടര്‍ നടപടികളിലോ വര്‍ക്ക് അവാര്‍ഡ് ചെയ്യുന്നതിലോ കിഫ്ബിക്ക് യാതൊരു ഉത്തരവാദിത്തവുമില്ല.
• തികച്ചും സുതാര്യമായ നടപടിക്രമങ്ങള്‍ പാലിച്ച് നടപ്പാക്കുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിക്കെതിരായി ബഹു. പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ തികച്ചും തെറ്റിദ്ധാരണയില്‍ നിന്നുണ്ടായിട്ടുള്ളതും വസ്തുതാവിരുദ്ധവുമാണ്.