ബ്ലൂടൂത്തിന്റെ അന്തകൻ; ഇനി ശരീരമാണ് കേബിൾ

1678

മ്മൾ ഉപയോഗിക്കുന്ന ഹെഡ് ഫോൺ, സ്മാർട്ട് വാച്ച്, സ്മാർട്ട് റിംഗ് തുടങ്ങിയവയെല്ലാം പ്രവർത്തിക്കുന്നത് ബ്ലൂടൂത്ത് അടക്കമുള്ള വയർലെസ് ടെക്നോളജി ഉപയോഗിച്ചാണ്.
ഇവ വഴിയുള്ള കമ്മ്യൂണിക്കേഷൻ നടക്കുന്നത് അന്തരീക്ഷത്തിലൂടെയാണെന്ന് അർത്ഥം. അത് പക്ഷേ ആർക്ക് വേണമെങ്കിലും ലഭ്യമാകും. നൂതന മാർഗങ്ങളിലൂടെ ബ്ലൂടൂത്ത്/വൈഫൈ ഹാക്കിംഗ് ഇന്ന് സാധ്യമാണ്. അതിനാൽ ഡേറ്റ കൈമാറ്റം 100% സുരക്ഷിതമാകുന്നില്ല. സുരക്ഷിതം Wired കമ്മ്യൂണിക്കേഷൻ തന്നെയാണ്. പക്ഷേ ഇക്കാലത്ത് കേബിളുകൾ അല്ലെങ്കിൽ വയറുകൾ തൂക്കിയിട്ട് നടക്കാനാവില്ല എന്നതാണ് സത്യം. എന്താണ് ഒരു പരിഹാരം..?? വയർലെസ്സിനും കേബിളിനും പകരം നമ്മുടെ ശരീരം തന്നെ ഒരു കണക്ടർ ആയി മാറിയാലോ..?? അതാണ് Wi-R. 100% സുരക്ഷിതമായ ഈ ഡാറ്റ വിനിമയ വിദ്യയിലേക്ക് ലോകം കടക്കുകയാണ്.
നമ്മുടെ ശരീരം തുടർച്ചയായി വൈദ്യുതി തരംഗങ്ങൾ നിർമ്മിക്കുകയും സംവേദനം ചെയ്യുകയും ചെയ്യുന്നു. ചിന്ത, കാഴ്ച, കേൾവി, ചലനം എല്ലാം ഇത്തരം സിഗ്നലുകൾ വഴിയാണ്. നമ്മുടെ തലച്ചോറിനെ ഒരു കമ്പ്യൂട്ടർ CPU ആയി കരുതുക. ആ CPU നമ്മുടെ ശരീരം മുഴുവൻ നിയന്ത്രിക്കുന്നത് വയർലെസ് ടെക്നോളജി വഴി അല്ല മറിച്ച് നാഡീവ്യൂഹം എന്ന വയറുകൾ വഴിയാണ്. ഈ വയറുകൾ സുരക്ഷിതമായി ഉപയോഗിക്കുന്ന പുതിയ ടെക്നോളജി വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വഴി തുറക്കുന്നത്. ശരീരത്തിൽ ഇലക്ട്രിക് സിഗ്നലുകൾക്ക് ഒപ്പം ഡിജിറ്റൽ സിഗ്നലുകൾ കൂടി കടത്തിവിടുന്ന ടെക്നോളജി. അമേരിക്കയിലെ ഇന്ത്യനാ ആസ്ഥാനമായ Ixana എന്ന സ്റ്റാർട്ടപ്പ് ആണ് ഈ പുതിയ ടെക്നോളജി പരീക്ഷിച്ചു വിജയിച്ചത്. ഇന്ത്യക്കാരനും അമേരിക്കയിലെ Purdue യൂണിവേഴ്സിറ്റിയിലെ മുൻ അധ്യാപകനുമായ ശ്രേയസ് സെൻ ആണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ച Ixanaയുടെ സ്ഥാപകൻ. ലോകത്തെ മുൻ നിര സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ് ഉൾപ്പെടെയുള്ള കമ്പനികളാണ് ഈ സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. നിലവിലുള്ള സ്മാർട്ട്ഫോൺ ഡിവൈസുകളിൽ Ixana ചിപ്പുകൾ സ്ഥാപിച്ചാൽ Wi-R ലഭ്യമാകും.


നിങ്ങളുടെ ഫോണിൽ സൃഷ്ടിച്ച ബ്ലൂടൂത്ത് സിഗ്നൽ 5-10 മീറ്റർ ചുറ്റളവിലുള്ള ആർക്കും ആക്സസ് ചെയ്യാൻ കഴിയും. പകരമായി, ധരിക്കുന്നയാളുടെ ഇ-ഫീൽഡ് പ്രതലത്തിന് ചുറ്റുമുള്ള സിഗ്നലിനെ Wi-R പരിമിതപ്പെടുത്തുന്നു. ബ്ലൂടൂത്ത്/വൈ-ഫൈ പോലുള്ള വയർലെസ് എല്ലാ ദിശകളിലേക്കും സിഗ്നലുകൾ പ്രസരിപ്പിക്കുന്നു, അത് കാര്യക്ഷമമല്ല, സുരക്ഷിതവും അല്ല. എന്നാൽ Wi-R ഇങ്ങനെ ചെയ്യുന്നില്ല. ഇ-ഫീൽഡ് പ്രതലത്തിന് ചുറ്റുമുള്ള ഒരു കുമിളയിൽ സിഗ്നൽ പരിമിതപ്പെടുത്തിയിരിക്കുന്നു, എന്നാൽ ഇത് Wired കണക്റ്റിവിറ്റി പോലെ കാര്യക്ഷമവും ആണ്.
2024 ആദ്യം ലാസ് വെഗാസിൽ നടന്ന ഒരു വാർഷിക ടെക്നോളജി ട്രേഡ് ഷോയിൽ സെന്നും ഇക്സാന ടീമും Wi-R-ന് സ്പർശനത്തിലൂടെ സംഗീതം കൈമാറാൻ കഴിയുമെന്ന് തെളിയിച്ചു. നിങ്ങളുടെ കൈയിലുള്ള ഒരു സ്മാർട്ട്ഫോണിൽ നിന്ന് സംഗീതം സ്ട്രീം ചെയ്യപ്പെടുമ്പോൾ, നിങ്ങളുടെ ശരീരത്തിലൂടെ ഈ സംഗീതം കടന്നു പോകുകയും, നിങ്ങൾ ഒരു സ്പീക്കർ പോലെയുള്ള ഉപകരണത്തിൽ സ്പർശിക്കുമ്പോൾ മാത്രം സ്പീക്കറിലൂടെ ഉച്ചത്തിൽ പ്ലേ ചെയ്യാനും Wi-R സാങ്കേതികവിദ്യ വഴി സാധിക്കുമെന്ന് അവർ തെളിയിച്ചു. ഒപ്പം നിങ്ങൾ മറ്റൊരു വ്യക്തിയെ സ്പർശിക്കുമ്പോൾ കയ്യിലുള്ള സ്മാർട്ട് ഫോണിൽ നിന്ന് വരുന്ന സംഗീതം, രണ്ടാമത്തെ വ്യക്തിയിലൂടെ മറ്റൊരു സ്പീക്കറിൽ പ്ലേ ചെയ്യാൻ സാധിക്കുമെന്നും അവർ തെളിയിച്ചു
അപ്പോൾ ഉണ്ടാകുന്ന ന്യായമായ ഒരു സംശയമാണ്, വൈ-ആർ ആശയവിനിമയത്തിന് സ്കിൻ കോൺടാക്റ്റ് ആവശ്യമാണോ? ഒരു വ്യക്തിയുടെ ഫോൺ/ലാപ്ടോപ്പ് മേശപ്പുറത്തുണ്ടെങ്കിൽ, അത് പ്രവർത്തിക്കുമോ? Wi R സാങ്കേതിക വിദ്യയിൽ ഉപകരണങ്ങളോ ഫോണുകളോ ധരിക്കുന്നയാളുമായി സമ്പർക്കം പുലർത്തേണ്ടതില്ല, എന്നാൽ അവ ഏതാനും സെന്റിമീറ്ററിൽ കൂടുതൽ അകലെയായിരിക്കരുത് എന്നുമാത്രം.

നിലവിൽ ഡേറ്റാ വിനിമയത്തിന് കൂടുതലായി ഉപയോഗിക്കുന്ന ബ്ലൂടൂത്ത് ടെക്നോളജിയെ അപേക്ഷിച്ച് Wi-R ന് എന്തൊക്കെ മേന്മകൾ ഉണ്ടെന്ന് പരിശോധിക്കാം..
Wi-R-ന് Bluetooth-നേക്കാൾ 10X ഉയർന്ന ഡാറ്റാ നിരക്ക് കൈമാറാൻ കഴിയും (30Mbps വരെ ഈ സാങ്കേതിക വിദ്യ വഴി സാധ്യമാണ്). വീഡിയോ, മൾട്ടി സെൻസർ ഡാറ്റ തുടങ്ങിയവ കൈമാറാൻ ഇതുവഴി സാധിക്കുന്നു
Wi R സാങ്കേതികവിദ്യയിൽ ബാറ്ററി ഉപയോഗമില്ലാതെ തന്നെ വലിയതോതിലുള്ള ഡാറ്റ കൈമാറ്റം സാധ്യമാണ്. ചാർജിങ് ആവശ്യമില്ലാത്ത ബ്ലൂട്ടൂത്ത് ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ്. എന്നാൽ അതുവഴിയുള്ള ഡേറ്റ വിനിമയ വേഗത കുറവായിരിക്കും ( <1kbps). എന്നാൽ വൈ ആർ സാങ്കേതികവിദ്യയിൽ ബാറ്ററി ചാർജിങ് ഇല്ലാതെ 100 kbps വേഗത്തിൽ ഡാറ്റ വിനിമയം സാധ്യമാണ്. ആരോഗ്യ ഡാറ്റയുടെ തുടർച്ചയായ നിരീക്ഷണത്തിന് ഇത് പ്രധാനമാണ് ഉദാ. ഇസിജി തരംഗരൂപവും, മോഷൻ ക്യാപ്ചർ ഡാറ്റയും.
Wi-R-ന് സ്പർശനത്തിലൂടെ ഡാറ്റ കൈമാറാൻ കഴിയും. സ്പർശനത്തെ അടിസ്ഥാനമാക്കി Bluetooth-ന് ഒരു ഉപകരണം തിരഞ്ഞെടുക്കാനാകില്ല. ആരൊക്കെയാണ് സ്പർശിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി വ്യത്യസ്തമായി പെരുമാറുന്ന പൊതു സ്ക്രീനുകൾക്ക് ഇത് പ്രധാനമാണ്. ഭാവിയിൽ, ഇത് പേയ്മെന്റുകൾക്കും എൻ.എഫ്.സി. തുടങ്ങിയ മേഖലയിൽ മുതൽക്കൂട്ടാവും. ബ്ലൂട്ടൂത്ത് വഴി ഒരേ സമയം 8 ഉപകരണങ്ങൾ വഴി കണക്ടിവിറ്റി സാധ്യമാകുമ്പോൾ, Wi R ൽ അത് 25 വരെ പറ്റും.
വിപ്ലവകരമായ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ടുള്ള സ്മാർട്ട് ഫോണുകൾ മുൻനിര മൊബൈൽ നിർമ്മാതാക്കളായ സാംസങ് 2026 ൽ മാർക്കറ്റിൽ ലഭ്യമാക്കും എന്നാണ് സൂചന. ഏതാനും വർഷങ്ങൾക്കുള്ളിൽ, ഒരു ക്രെഡിറ്റ് കാർഡോ സ്മാർട്ട്ഫോണോ ഉപയോഗിക്കുന്നതിന് പകരം നിങ്ങളുടെ വിരൽ കൊണ്ട് ഒരു മെഷീനിൽ സ്പർശിച്ച് പേയ്മെന്റ് നടത്തുവാനും, നിങ്ങളുടെ കാലുകൾ ഉപയോഗിച്ച് ഒരു ജിപിഎസ് റൂട്ട് ആക്സസ് ചെയ്യുവാനും, അല്ലെങ്കിൽ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഉള്ള ഒരു ഫയൽ കൈ കുലുക്കിക്കൊണ്ട് മറ്റൊരാൾക്ക് കൈമാറുവാനും സാധിക്കുമെന്ന് ചുരുക്കം.