പുതിയ ഡിജിറ്റൽ ട്രെൻഡുകൾ

17

2024 അവസാന പാദത്തിലേക്ക് എത്തുമ്പോൾ രക്ഷകർത്താക്കൾക്കും പുതിയ തലമുറയ്ക്കും ആശ്വാസം നൽകുന്ന പുതു പുത്തൻ ഡിജിറ്റൽ ട്രെൻഡുകൾ വരവായി… രക്ഷകർത്താക്കളുടെ നിയന്ത്രണത്തിൽ സാമ്പത്തിക ഇടപാടുകളിൽ കുട്ടികൾക്കും പങ്കാളിത്തം നൽകുന്ന ഫീച്ചറുകളും, സുരക്ഷിതമായ സാമൂഹ്യ മാദ്ധ്യമ ഇടപെടലുകളിൽ കുട്ടികളെ സഹായിക്കാൻ രക്ഷകർത്താക്കളെ അനുവദിക്കുന്ന ഫീച്ചറുകളും കഴിഞ്ഞ ദിവസങ്ങളിൽ ലോകത്ത് അവതരിപ്പിക്കപ്പെട്ടു.

 UPI സർക്കിൾ – ഡിജിറ്റൽ പണം ഇടപാടുകളിൽ വിപ്ലകരമായ മാറ്റം 

സ്വന്തം ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഗൂഗിൾ പേ പോലെയുള്ള  യുപിഐ ആപ്പുകളിലൂടെ പണമിടപാട് നടത്താനാവും. ഇതിന് സഹായിക്കുന്ന യുപിഐ സര്‍ക്കിള്‍ എന്ന പുതിയ സംവിധാനം റിസര്‍വ് ബാങ്കും, നാഷണല്‍ പേമന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) ചേര്‍ന്ന് അവതരിപ്പിച്ചു. 

പുതിയ സംവിധാനത്തിലൂടെ രക്ഷകർത്താവിന്റെ  ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ച് കുട്ടികള്‍ക്ക് അവരുടെ ഫോണില്‍ നിന്ന് തന്നെ ഇടപാട് നടത്താനാവും. ഇങ്ങനെ നിങ്ങളുടെ യുപിഐ അക്കൗണ്ടിന് മറ്റ് ഉപഭോക്താക്കളെ (സെക്കണ്ടറി യൂസര്‍) അനുവദിക്കുന്ന സംവിധാനമാണ് യുപിഐ സര്‍ക്കിള്‍. സ്ട്രീമിംഗ്‌ അപ്പുകൾ ആയ ആമസോൺ പ്രൈം അല്ലെങ്കിൽ ഹോട്ട് സ്റ്റാർ സബ്‌സ്‌ക്രൈബ് ചെയ്ത് അതില്‍ മള്‍ടിപ്പിള്‍ യൂസറെ അനുവദിക്കുന്നത് പോലൊരു സംവിധാനമെന്ന് വേണമെങ്കില്‍ പറയാം.

 ഉദാഹരണത്തിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത മകനെയോ മകളെയോ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ യുപിഐ സര്‍ക്കിളില്‍ ബന്ധിപ്പിക്കാം. യുപിഐ സര്‍ക്കിള്‍ ഓപ്ഷന്‍ വഴിയാണ് അക്കൗണ്ടുകള്‍ തമ്മില്‍ ബന്ധിപ്പിക്കേണ്ടത്. രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് ആണെങ്കിലും സ്വന്തം ഫോണിലെ യുപിഐ ആപ്പ് ഉപയോഗിച്ച് മക്കള്‍ക്ക് പണമിടപാട് നടത്താം. മുതിർന്നവരുടെ സമ്പൂർണ്ണ നിയന്ത്രണത്തിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ പണമിടപാടുകൾ നടത്താൻ  കുട്ടികൾക്ക് ഇതുവഴി അവസാനം ലഭിക്കും.  

UPI സർക്കിൾ പ്രവർത്തനം രണ്ട് തരത്തിലാണ്.

1. Partial Delegation 

അക്കൗണ്ട് ഉടമയുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ പാര്‍ഷ്യല്‍ ഡെലിഗേഷനിലൂടെ സെക്കന്‍ഡറി ഉടമയ്ക്ക് ഓരോ ഇടപാടുകളും നടത്താനാവൂ. ഉദാഹരണത്തിന് സെക്കന്‍ഡറി യൂസര്‍ തന്റെ യുപിഐ ആപ്പ് ഉപയോഗിച്ച് ക്യൂആര്‍ സ്‌കാന്‍ ചെയ്ത് പണമിടപാടിന് ശ്രമിക്കുമ്പോള്‍ അത് പേമെന്റ് റിക്വസ്റ്റ് ആയി അക്കൗണ്ട് ഉടമയുടെ ഫോണിലെത്തും. യുപിഐ നമ്പര്‍ നല്‍കി അതിന് അനുമതി നല്‍കിയാല്‍ മാത്രമേ പണമിടപാട് പൂര്‍ത്തിയാവുകയുള്ളൂ. ഓരോ തവണ നടത്തുന്ന ഇടപാടുകളും ഉടമയുടെ സമ്പൂര്‍ണ മേല്‍നോട്ടത്തിലായിരിക്കും.

2. Full Delegation 

ഈ സംവിധാനത്തില്‍ ഒരു മാസം ഉപയോഗിക്കാവുന്ന പരമാവധി തുക അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാം. ഇങ്ങനെ 15000 രൂപ വരെ അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാം. ആ തുകയ്ക്ക് മുകളില്‍ പണമെടുക്കാന്‍ സെക്കന്‍ഡറി യൂസറിന് സാധിക്കില്ല. ഇങ്ങനെ നിശ്ചയിക്കുന്ന തുകയില്‍ നിന്ന് ഇടപാട് നടത്തുമ്പോള്‍ ഓരോ തവണയും അക്കൗണ്ട് ഉടമയുടെ അനുമതി തേടേണ്ടതില്ല. ഒരുതവണ പരമാവധി 5000 രൂപ വരെ മാത്രമേ സെക്കണ്ടറി യൂസറിന് ഇടപാട് നടത്താനാവൂ.

അക്കൗണ്ട് ഉടമയ്ക്ക് പരമാവധി വിശ്വസ്തരായ അഞ്ച് പേരെ സെക്കണ്ടറി യൂസറാക്കി മാറ്റാനാവും. എന്നാല്‍ ഒരു സെക്കണ്ടറി യൂസറിന് അയാളുടെ ആപ്പ് ഉപയോഗിച്ച് ഒരു അക്കൗണ്ട് ഉടമയില്‍ നിന്ന് മാത്രമേ പണം സ്വീകരിക്കാൻ കഴിയൂ.

UPI സർക്കിൾ ക്രമീകരിക്കാൻ പ്രാഥമികമായി വേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം 

UPI സർക്കിൾ സജ്ജീകരിക്കാനും മാനേജുചെയ്യാനും, പ്രൈമറി അക്കൗണ്ട് ഹോൾഡറിന്  ഒരു സജീവ ബാങ്ക് അക്കൗണ്ടോ,ഡിജിറ്റൽ പേയ്‌മെൻ്റ് സേവന ദാതാവുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മറ്റ് പേയ്‌മെൻ്റ് രീതികളോ ഉണ്ടായിരിക്കണം.   

 സെക്കൻഡറി യൂസറിന്റെ  മൊബൈൽ നമ്പർ പ്രൈമറി അക്കൗണ്ട് ഹോൾഡറിന്റെ ഫോൺ കോൺടാക്റ്റ് ലിസ്റ്റിൽ സേവ് ചെയ്യണം.  കൂടാതെ സെക്കൻഡറി യൂസറിന് സാധുവായ ഒരു യുപിഐ ഐഡി ഉണ്ടായിരിക്കണം.

UPI സർക്കിളിൽ ചേരാൻ, സെക്കൻഡറി ഉപയോക്താവ് അവരുടെ Google Pay UPI ആപ്പ് തുറന്ന് അവരുടെ പ്രൊഫൈൽ വിഭാഗത്തിലേക്ക് പോയി QR കോഡ് ഐക്കണിൽ ടാപ്പ് ചെയ്യണം. സെക്കൻഡറി ഉപയോക്താവ് പങ്കിട്ട QR കോഡ് സ്കാൻ ചെയ്യാനും അവരെ UPI സർക്കിളിൽ ചേർക്കാനും ഇത് പ്രാഥമിക ഉപയോക്താവിനെ അനുവദിക്കും.

സെക്കന്ററി ഉപയോക്താവ് ഒരു ഫിസിക്കൽ സ്റ്റോറിൽ നിന്ന് ഒരു വാങ്ങൽ നടത്തുന്നുവെന്ന് പറയാം.  സ്‌റ്റോറിൻ്റെ ക്യുആർ കോഡ് സ്‌കാൻ ചെയ്യാനും തുകയ്‌ക്കൊപ്പം പേയ്‌മെൻ്റ് അഭ്യർത്ഥന ആരംഭിക്കാനും ഇടപാടിൻ്റെ ഹ്രസ്വ വിശദാംശങ്ങളുള്ള ഒരു കുറിപ്പ് ചേർക്കാനും പ്രാഥമിക ഉപയോക്താവിന് അംഗീകാരത്തിനായി അഭ്യർത്ഥന അയയ്‌ക്കാനും കഴിയും ( Partial Delegation നൽകിയ കേസുകളിൽ )

Full delegation നൽകിയ കാര്യത്തിൽ, ഒരു പ്രാഥമിക ഉപയോക്താവ് എന്ന നിലയിൽ, നിങ്ങൾക്ക് സെക്കന്ററി ഉപയോക്താക്കൾക്ക് പ്രതിമാസ പേയ്‌മെൻ്റ് പരിധി സജ്ജീകരിക്കാം, കൂടുതൽ അനുമതി ആവശ്യമില്ലാതെ തന്നെ ആ തുക വരെ ഒന്നിലധികം ഇടപാടുകൾ നടത്താൻ അവരെ അനുവദിക്കുന്നു. ഉദാഹരണത്തിന്, പ്രാഥമിക ഉപയോക്താവ് പ്രതിമാസ പരിധി 5,000 രൂപയായി സജ്ജീകരിക്കുകയാണെങ്കിൽ, പ്രാഥമിക ഉപയോക്താവിൽ നിന്ന് അധിക അനുമതി ആവശ്യമില്ലാതെ ആ പരിധിക്കുള്ളിൽ സെക്കന്ററി ഉപയോക്താവിന് ഒന്നിലധികം പേയ്‌മെൻ്റുകൾ ആരംഭിക്കാൻ കഴിയും. പൂർണ്ണ ഡെലിഗേഷൻ പേയ്‌മെൻ്റ് റൂളിൽ പ്രാഥമിക ഉപയോക്താക്കൾക്ക് അവസാന തീയതി സൂചിപ്പിക്കാനും കഴിയും. 

 ഇന്ത്യയിൽ UPI സർക്കിൽ സംവിധാനം ആദ്യമായി എത്തുന്നത് ഗൂഗിൾ പേയിൽ ആയിരിക്കും. തെരഞ്ഞെടുക്കപ്പെട്ട ചില ഉപഭോക്താക്കൾക്ക് ഇപ്പോൾതന്നെ ഈ സൗകര്യം ലഭ്യമാണ്. വരും ദിവസങ്ങളിൽ Gpay ആപ്പ് പ്ലേസ്റ്റോർ വഴി അപ്ഡേറ്റ് ചെയ്യുമ്പോൾ മുഴുവൻ ഉപഭോക്താക്കൾക്കും ഈ സംവിധാനം ലഭ്യമാകും. 2024 ഡിസംബർ മാസത്തോടെ ആമസോൺ പേ, ഫോൺ പേ തുടങ്ങിയ മറ്റ് ആപ്പുകളിലും ഈ സംവിധാനം ലഭ്യമാകും. 

 കൗമാരക്കാരുടെ ഇൻസ്റ്റാ അക്കൗണ്ടുകളിലേക്കും രക്ഷകർത്താക്കളുടെ പിടി വരുന്നു….

വരുന്നു ടീൻ അക്കൗണ്ടുകൾ…!!

18 വയസിന് താഴെയുള്ള ഇൻസ്റ്റഗ്രാം യൂസേഴ്സ് ഒന്ന് ശ്രദ്ധിച്ചോളൂ. ഉടനെ തന്നെ നിങ്ങളുടെ അക്കൗണ്ടുകളെല്ലാം ഓട്ടോമാറ്റിക്കായി പുതിയ ‘ ടീൻ അക്കൗണ്ട്’ സെറ്റിങ്സിലേക്ക് മാറ്റപ്പെടും. ഇതോടെ ഈ അക്കൗണ്ടുകളെല്ലാം ഫോളോവർമാർക്ക് മാത്രം കാണാനാവുന്ന പ്രൈവറ്റ് അക്കൗണ്ട് ആയി മാറും. ഇൻസ്റ്റാഗ്രാമിൽ കാണുന്ന ഉള്ളടക്കങ്ങൾ പ്രായത്തിനുസരിച്ച് നിയന്ത്രിക്കപ്പെടുകയും ചെയ്യും. അക്കൗണ്ടുകൾക്ക് മേൽ രക്ഷിതാക്കളുടെ മേൽനോട്ടം ഉറപ്പാക്കുന്ന നിലവിലുള്ള പാരന്റൽ സെറ്റിങ്സിന്റെ ഭാഗമായാണ് പുതിയ സംവിധാനം. കൗമാരക്കാരായ ഉപഭോക്താക്കളുടെ സുരക്ഷയാണ് ലക്ഷ്യം. ഇൻസ്റ്റാഗ്രാം ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തേയും സാമൂഹിക ജീവിതത്തേയും സാരമായി ബാധിക്കുന്നുണ്ടെന്ന ആശങ്കകൾ ശക്തമായതോടെയാണ് വിവിധ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഇൻസ്റ്റാഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ നിർബന്ധിതരായത്.

സന്ദേശങ്ങൾ അയക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളുള്ള അക്കൗണ്ടുകളായിരിക്കും ടീൻ അക്കൗണ്ടുകൾ. 18 വയസിന് താഴെയുള്ള പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരുടേയും നിലവിലുള്ള ഉപഭോക്താക്കളുടെയും അക്കൗണ്ടുകൾ അപ്ഡേറ്റ് എത്തുന്നതോടെ ടീൻ അക്കൗണ്ട് ആയിരിക്കും. നേരത്തെ ബന്ധപ്പെട്ടിട്ടുള്ളവരുമായി മാത്രമേ ഇവർക്ക് ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്യാനാവൂ. അപരിചിതരായ ആളുകൾക്ക് ടീൻ അക്കൗണ്ടുകളിലേക്ക് അനുവാദമില്ലാതെ സന്ദേശം അയക്കാനോ അവരെ ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ സാധിക്കില്ല.

60 ദിവസങ്ങള്‍ക്കുള്ളില്‍ യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഈ അപ്‌ഡേറ്റ് എത്തും. പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.