വാനമ്പാടിക്ക്‌ പ്രണാമം

135

കദളി കൺകദളി ചെങ്കദളി പൂവേണോ
കവിളിൽ പൂമദമുള്ളൊരു
പെൺപൂവേണോ പൂക്കാരാ…”
1995നുമുൻപ് ജനിച്ചിട്ടുള്ള ഏതൊരു മലയാളിയും ഒരിക്കലെങ്കിലും മൂളിയിട്ടുണ്ടാവും ഈ ഗാനം.
വയലാർ രാമവർമ്മയുടെ വരികൾക്ക് സലിൽ ചൗധരി സംഗീതം നൽകിയ രാമുകാര്യാട്ടിന്റെ സംവിധാനത്തിൽ 1974ൽ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനമാണിത്. പ്രശസ്ത എഴുത്തുകാരൻ രാമചന്ദ്രഗുഹ വിശേഷിപ്പിച്ചതുപോലെ ‘ദി പ്രിൻസസ് ഓഫ് സൂപ്പർലേറ്റീവ്സ്’, ‘വിശേഷണങ്ങളുടെ രാജകുമാരി’, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ തന്റെ ഏഴു പതിറ്റാണ്ട് നീണ്ട സംഗീത സപര്യയിൽ ആലപിച്ച ഏക മലയാള ഗാനം.
മുപ്പതോളം ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, റഷ്യൻ, ഡച്ച് ഉൾപ്പെടെ ഏതാനും വിദേശ ഭാഷകളിലുമായി പതിനായിരക്കണക്കിന് ഗാനങ്ങൾ ലത ആലപിച്ചിട്ടുണ്ട്. മൂന്ന് നാഷണൽ അവാർഡുകൾ, പതിനഞ്ച് ബംഗാൾ ഫിലിം ജേർണ്ണലിസ്റ്റ് അസോസിയേഷൻ അവാർഡുകൾ, നാല് ഫിലിംഫെയർ അവാർഡുകൾ, രണ്ട് ഫിലിംഫെയർ സ്പെഷ്യൽ അവാർഡുകൾ, ഫിലിംഫെയർ ലൈഫ് അച്ചീവ്മെന്റ്‌ അവാർഡ് തുടങ്ങി എണ്ണിയാൽ തീരാത്ത ഒട്ടനവധി അവാർഡുകളും ലത മങ്കേഷ്കറിന്റെ പേരിൽ ഉണ്ട്. ഇതിനൊക്കെ പുറമേ ഏറ്റവും കൂടുതൽ തവണ റെക്കോർഡ് ചെയ്യപ്പെട്ട ശബ്ദം എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ലതാജിയുടെ സ്വന്തമായിരുന്നു. 1989ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകി രാജ്യം ആദരിച്ചു. രാജ്യത്തിന് അവർ നൽകിയ സേവനങ്ങളെ മുൻനിർത്തി 2001ൽ രാജ്യത്തിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകി അവരെ ആദരിച്ചു. 2007ൽ ഫ്രാൻസിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഓഫീസർ ഓഫ് ദി നാഷണൽ ഓർഡർ ഓഫ് ദി ലേജിയൺ ഓഫ് ഓണർ നൽകി ആദരിച്ചു.
അനന്യമായ സ്വരമാധുര്യം കൊണ്ട് ലോക സംഗീതപ്രേമികളെ കോരിത്തരിപ്പിച്ച ലതാമങ്കേഷ്കർ എന്ന അതുല്യപ്രതിഭയുടെ വിയോഗം ഒരിക്കലും നികത്താനാവുമെന്ന് കരുതുന്നില്ല.
ഇപ്പോഴത്തെ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഇൻഡോറിൽ 1929 ൽ മറാത്ത നാടകവേദിയിലെ ഗായകനും നടനും സംവിധായകനുമായ ദീനനാഥ് മങ്കേഷ്കറുടെയും ഷെവന്തിയുടെയും മൂത്തമകളായി 1929 സെപ്റ്റംബർ 28ന് ജനനം. തന്റെ അഞ്ചാമത്തെ വയസ്സിൽ അച്ഛന്റെ കൈപിടിച്ച് സംഗീത നാടകങ്ങളിൽ ബാലതാരമായി അരങ്ങേറി. പി. ഹേമ എന്നാണ് ആദ്യം ഇട്ട പേരെങ്കിലും പിന്നീട് ലത എന്ന പേര് സ്വീകരിക്കുകയായിരുന്നു.
തന്റെ പതിമൂന്നാമത്തെ വയസ്സിൽ അച്ഛൻ ഹൃദയാഘാതംമൂലം മരണത്തിന് കീഴടങ്ങുമ്പോൾ സമ്പത്തിന്റെയും പ്രശസ്തിയുടെയും കൊടുമുടിയിൽ നിന്നും മുഴുപട്ടിണിയിലേക്ക് കൂപ്പുകുത്തിയപ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്തം മൂത്തപുത്രി എന്ന നിലയിൽ തന്റെ ചുമലിൽ ലത ഏറ്റെടുക്കുകയായിരുന്നു. അച്ഛന്റെ സുഹൃത്തും നവയുഗ് ചിത്രപദ് മൂവി കമ്പനി ഉടമയുമായ മാസ്റ്റർ വിനായകാണ് ലതയ്‌ക്ക്‌ സിനിമയിൽ പാടാനും അഭിനയിക്കാനും അവസരം വാങ്ങി കൊടുത്തത്. തുടക്കത്തിൽ ഏതാനും മറാത്തി സിനിമകളിലും ഹിന്ദി സിനിമകളിലും പാടി അഭിനയിക്കാൻ അവസരം ലഭിച്ചു. 1945ൽ മുംബൈയിലേക്ക് കുടിയേറിയ ലത ഉസ്താദ് അമൻ അലിഖാന്റെ ശിഷ്യയായി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. 1948ൽ വിനായകന്റെ മരണത്തോടുകൂടി സംഗീതസംവിധായകൻ ഗുലാം ഹൈദർ ഗായികയെന്ന നിലയിൽ ലതയെ പരുവപ്പെടുത്തി. അദ്ദേഹം ശേഷധൻ മുഖർജി എന്ന സംഗീത സംവിധായകനെ പരിചയപ്പെടുത്തി. വളരെ നേരിയ ശബ്ദമാണെന്ന് പറഞ്ഞ് മുഖർജി ലതയ്ക്ക് അവസരം നിഷേധിച്ചപ്പോൾ വരുംവർഷങ്ങളിൽ പ്രൊഡ്യൂസർമാരും സംവിധായകൻമാരും ലതയുടെ കാലിൽ വീണ്‌ അവരുടെ സിനിമയിൽ പാടണം എന്ന് അപേക്ഷിക്കുമെന്ന് വൈകാരികമായി വെല്ലുവിളിച്ചുകൊണ്ടാണ് ഹൈദർ അന്ന് അവിടെ നിന്ന് പോയത്.
1948ൽ ഇറങ്ങിയ മജ്ദൂർ എന്ന സിനിമയിലെ ദിൽ മേരാ തോടാ എന്ന ഗാനത്തിലൂടെ ലതയ്ക്ക് ഹൈദർ ആദ്യത്തെ ബ്രേക്ക് നൽകി. ഹൈദർ ആണ് തന്റെ ഗോഡ്ഫാദർ എന്ന് പിന്നീട് പല സന്ദർഭങ്ങളിലും ലത പറയുകയുണ്ടായി. ആദ്യമാദ്യം നൂർജഹാൻ എന്ന ഗായികയെ അനുകരിച്ച് ഗാനമാലപിച്ചു തുടങ്ങിയെങ്കിലും പിന്നീട് സ്വന്തമായൊരു ഗാനാലാപന രീതി ഉണ്ടാക്കിയെടുക്കുകയായിരുന്നു. 1949 ൽ മഹൽ എന്ന ചിത്രത്തിലൂടെ ആയേഗാ ആനേവാല എന്ന ഗാനം ആദ്യത്തെ വലിയ ഹിറ്റായി മാറി. പ്രശസ്ത നടി മധുബാല ഗാനത്തിന് അഭ്രപാളിയിൽ മിഴിവേകി. ഇതായിരുന്നു ലതാജിയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയ ഗാനം. അന്നേവരെ ഗായിക ഗായകർക്ക് ഒരു പ്രാധാന്യവും നൽകിയിരുന്നില്ല. ഈ ഗാനത്തോടെ ലതാജിയുടെ ഐഡന്റിറ്റി റേഡിയോ ഗോവ പരസ്യപ്പെടുത്തി. ഇതാണ് ഗായികഗായകർക്ക് അറിയപ്പെടാൻ അവസരം ഉണ്ടാക്കി കൊടുത്തത്. ഇത് ഇന്ത്യൻ സിനിമാ ലോകത്തും ഒരു പുതിയ തുടക്കാമായിരുന്നു.
1950കളിൽ മദൻമോഹൻ, ഹേമന്ത് കുമാർ, സലിൽ ചൗധരി, ഖയാം, രവി, കല്യാൺജി ആനന്ദ്ജി, അനിൽ വിശ്വാസ്, ശങ്കർ ജയ്കിഷൻ, നൗഷാദ് അലി, എസ് ഡി ബർമൻ തുടങ്ങിയ പ്രഗൽഭരായ സംഗീത സംവിധായകരുടെ ഗാനങ്ങൾ ആലപിക്കാൻ അവസരമുണ്ടായി. 1955 ൽ സിംഹള ഭാഷയിൽ തന്റെ ആദ്യ ഗാനം ആലപിച്ചു. ആ വർഷം തന്നെ തെലുങ്ക് സിനിമയിലും തന്റെ ആദ്യപാട്ട് പാടി. 1956ൽ ആദ്യമായി തമിഴ് ഗാനവും ആലപിച്ചു. 1958ൽ സലിൽ ചൗധരി സംവിധാനം നിർവഹിച്ച മധുമതി എന്ന സിനിമയിലെ ആജാരേ പർദേശി എന്ന ഗാനത്തിന് ഫിലിംഫെയർ അവാർഡ് ലഭിച്ചു.
1960 ൽ മുഗൾ എ ആസം എന്ന ചിത്രത്തിൽ നൗഷാദ് സംഗീതം നൽകിയ പ്യാർ കിയ തോ ഡർന്ന ക്യാ എന്ന ഗാനം ഇന്നും സംഗീത പ്രേമികളുടെ നാവിൻ തുമ്പിലുണ്ട്. 1963ലെ റിപ്പബ്ലിക് ഡേ പരേഡിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കണ്ണീരണിയിച്ച ഏ മേരെ വദൻ കി എന്ന ഗാനം ഇന്ത്യയുടെ ദേശഭക്തിഗാനങ്ങളിൽ ഇന്നും ആവിസ്‌മരണീയമായി നിലകൊള്ളുന്നു. 1960കളിലാണ് ലക്ഷ്മികാന്ത് പ്യാരേലാൽ എന്ന സംഗീതസംവിധായകരുമായി സഹകരിച്ചു തുടങ്ങുന്നത്. 35 വർഷം നീണ്ട ആ ബന്ധം 700 ഓളം ഗാനങ്ങളാണ് സംഗീതപ്രേമികൾക്കായി ഒരുക്കിയത്. 1967ൽ ആദ്യമായി കന്നഡ ഭാഷയിൽ രണ്ട് ഗാനങ്ങൾ ആലപിച്ചു. 1960കളിലാണ് കിഷോർകുമാർ, മുകേഷ്, മന്നാഡേ, മഹേന്ദ്ര കപൂർ, മുഹമ്മദ് റാഫി തുടങ്ങിയ പ്രഗൽഭരായ ഗായകരോടൊപ്പം സുന്ദരമായ യുഗ്മഗാനങ്ങൾ ആലപിച്ചത്.
1970കളിൽ ശ്രദ്ധിക്കപ്പെട്ട പാട്ടുകളിൽ കൂടുതലും ആനന്ദ് ഭക്ഷി എഴുതി ലക്ഷ്മികാന്ത് പ്യാരെലാൽ സംഗീതം ഒരുക്കിയവയായിരുന്നു. 1973 മുതൽ ഗുൽസാറിന്റെ വരികൾക്ക് ആർ ഡി ബർമൻ സംഗീതം നൽകി പരിചയ് എന്ന സിനിമയിലെ ബീത്തി ന ബിതായി എന്ന ഗാനത്തിന് ആദ്യമായി നാഷണൽ അവാർഡ് ലഭിച്ചു. 1974ലാണ് വയലാർ രാമവർമ്മയുടെ വരികൾക്ക് സലിൽ ചൗധരി സംഗീതം നൽകി നെല്ല് എന്ന ചിത്രത്തിലെ കദളി കൺകദളി ചെങ്കദളി എന്ന മലയാളത്തിലെ ഏക ഗാനം ആലപിച്ചത്. 1975 ൽ കല്യാൺജി ആനന്ദ്ജി സംഗീത സംവിധാനം ചെയ്ത കോര കാഗസ് എന്ന ചിത്രത്തിലെ രൂത്തെ രൂത്തെ പിയ എന്ന ഗാനത്തിന് വീണ്ടും നാഷണൽ അവാർഡ് ലഭിച്ചു.
1980കളിൽ ഒരുപാട് സംഗീതസംവിധായകരുമായി ചേർന്ന് മനോഹരമായ ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. ലക്ഷ്മികാന്ത് പ്യാരെലാലുമായി ചേർന്ന് വലിയ ഹിറ്റുകൾ പിറന്നത് എൺപതുകളിൽ ആണ്. ഈ കാലത്ത് തമിഴിൽ ഇളയരാജയുമായി ചേർന്ന് തമിഴിൽ മനോഹര ഗാനങ്ങൾ ഒരുക്കി. തെലുങ്കിലും 1988ൽ തന്റെ രണ്ടാമത്തെ ഗാനം ആലപിച്ചു. ഈയടുത്തു ഓർമയായ ബപ്പി ലഹരിയുമായി കൂടുതൽ സഹകരിക്കുന്നത് എൺപതുകളിലാണ്.1985 ൽ ആന്നി മുർറെയുടെ ക്ഷണപ്രകാരം മാപ്പിൾ ലീഫ് ഗാർഡൻസിൽ 12000 വരുന്ന കാണികൾക്ക് മുൻപിൽ ചാരിറ്റിക്കായി കോൺസർട് അവതരിപ്പിച്ചു.
1990കളിൽ സംഗീത സംവിധായകരായ നദീം ശ്രാവൺ, ആനന്ദ് മിലിൻഡ്, ജതിന് ലളിത്, അനു മാലിക്, എ ആർ റഹ്മാൻ തുടങ്ങിയവരുടെ സംഗീതത്തിന് ശബ്ദം നൽകി. 1990 ൽ സ്വന്തം പ്രൊഡക്ഷൻ ഹൌസ് ആരംഭിക്കുകയും ഗുൽസാർ സംവിധാനം ചെയ്ത ലേക്കിൻ എന്ന ചിത്രം നിർമിക്കുകയും ചെയ്തു. ആ വർഷം തന്നെ യാരാ സിലി സിലി എന്ന ഗാനത്തിന് മൂന്നാമതും നാഷണൽ അവാർഡ് ലതാജിയെ തേടിയെത്തി. യാഷ് ചോപ്ര ഫിലിംസിന്റെ എല്ലാ ചിത്രങ്ങളിലും ലതാജി പാടി. എ ആർ റഹ്മാന്റെ ചിത്രങ്ങളിലും ജിയാ ജലേ, ഏക് തു ഹി ഭരോസാ, പ്യാരാ സ ഗാവോം, സൊ ഗയ ഹൈ, ഖമോശിയാം ഗുൻഗുനനേ ലഗി, പാലൻ ഹരേ, ലുക്കാ ചുപ്പി തുടങ്ങിയ ഗാനങ്ങൾ പാടി. 1994 ൽ ശ്രദ്ധാഞ്‌ജലി എന്ന ഗായിക ഗായകർക്കായുള്ള ആൽബം ഇറക്കി.ആ വർഷമാണ് രാഹുൽ ദേവ് വർമന്റെ സംഗീതത്തിൽ 1942 എ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ കുച്ച് ന കഹോ എന്ന ഗാനം ആലപിച്ചത്‌. 1999ൽ സീ സിനി അവാർഡ് ഫോർ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചു. ആ വർഷം തന്നെ രാജ്യസഭാ മെമ്പർ ആയി തെരെഞ്ഞെടുക്കുകയും ചെയ്തു.
2001 ൽ ഭാരത രത്‌ന നൽകി രാജ്യം ആദരിച്ചു. 2007ൽ സാധ്ഗി എന്നൊരു ആൽബം ജാവേദ് അക്തറെമൊന്നിച്ചു ചെയ്തു. 2011 ൽ സർഹദേ എന്ന ആൽബം റിലീസ് ചെയ്തു. 2012 ൽ എൽ എം മ്യൂസിക് ആരംഭിച്ചു സ്വാമി സമർത് മഹാ മന്ത്ര എന്ന ഭജൻസ് ആൽബം ഇറക്കി. 2014ൽ ഷുരോധ്വനി എന്ന ആൽബം പുറത്തിറക്കി.2019 ൽ ഇന്ത്യൻ പട്ടാളത്തിന് വേണ്ടി സൗഗന്ദ് മുജേ ഇസ് മിട്ടി കി എന്ന ഗാനം പുറത്തിറക്കി.
എത്ര നായികമാരാണ് ആ മധുരശബ്ദത്തിന് ചുണ്ടനക്കി കൊണ്ട് നിത്യഹരിതമായ പാട്ടുകൾക്കൊപ്പം അഭ്രപാളിയിൽ അഭിനയിച്ചത്. മധുബാലയും നർഗിസും മീനാകുമാരിയും ശർമ്മിളയും വൈജയന്തിമാലയും തുടങ്ങി പ്രീതിസിന്ധ്യയും കരീഷ്മയും കജോളും ആ ശബ്ദമാധുര്യത്തിൽ സ്‌ക്രീനിൽ തിളങ്ങി.
കഴിഞ്ഞ ജനുവരി എട്ടാം തീയതി കോവിഡ് പോസിറ്റീവായി ലതാജിയെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി ആറാംതീയതി 92-ാമത്തെ വയസ്സിൽ ഇന്ത്യയുടെ വാനമ്പാടി നമ്മോട് വിട പറഞ്ഞു.
പകരം വെക്കാനില്ലാത്ത ശബ്ദത്തിനുടമ ലതാ മങ്കേഷ്കർ ഇനിയില്ല എന്ന് പറയുമ്പോൾ ഒരു സംഗീതത്തിലെ ഒരു യുഗമാണ് അവസാനിക്കുന്നത്. 36 ഭാഷകളിലായി നാൽപതിനായിരത്തോളം പാട്ടുകൾ, രാജ്യത്തെ പരമോന്നത ബഹുമതികളും സംഗീതത്തിൽ കിട്ടാവുന്ന എല്ലാ പുരസ്കാരങ്ങളും നേടിയെടുത്ത ഗായിക. പ്രണാമം!