വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റിന്റെ തെറ്റായ തീരുമാനങ്ങളും, സമീപനങ്ങളും തിരുത്തിക്കുന്നതിന് വേണ്ടി, സ്ഥാപനത്തിലെ തൊഴിലാളികളും, ഓഫീസര്‍മാരും ഐതിഹാസികമായ ഒരു പ്രക്ഷോഭസമരമാണ് ഫെബ്രുവരി 14 മുതല്‍ 19 വരെ തിരുവനന്തപുരം വൈദ്യുതിഭവനു മുന്പില് നടത്തി വിജയിപ്പിച്ചത്. നമ്മുടെ സ്ഥാപനത്തിനെ സാമ്പത്തികമായി തകര്‍ക്കുന്നതും, പടിപടിയായുള്ള സ്വകാര്യവത്കരണത്തെ പരോക്ഷമായി സഹായിക്കുന്നതുമായ തീരുമാനങ്ങള്‍ തിരുത്തണമെന്ന് നിരവധി തവണ ഈ സ്ഥാപനത്തിലെ തൊഴിലാളി – ഓഫീസര്‍ സംഘടനകള്‍ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങളില്‍ നിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നു എന്നതാണ് കേരളത്തെ ലോകശ്രദ്ധയില്‍ നിലനിര്‍ത്തുന്നതില്‍ പ്രധാനമായിട്ടുള്ളത്. ഈ ബദല്‍ വികസന നയം അതേ നിലയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഒട്ടേറെ പിഴവുകള്‍ കടന്നുവരുന്നതായി അടുത്തകാലത്തെ ചില മാനേജ്മെന്റ് സമീപനങ്ങളിലും, തീരുമാനങ്ങളിലും ഉള്ളതായി നമ്മുടെ സംഘടനയുള്‍പ്പടെ മാനേജ്മെന്റിനെ അറിയിച്ചിരുന്നതാണ്. സംഘടനകളെ തുടർച്ചയായി തമസ്കരിച്ച് കൊണ്ട് നടത്തുന്ന ബോർഡ് മാനേജ്മെന്റിന്റെ സമീപനങ്ങളും, സംഘടനാ സ്വാതന്ത്യം നിഷേധിക്കുന്ന പരിപത്രങ്ങളും, ജനുവരി 1ന് ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചു കൊണ്ട് സി എം ഡി നമ്മുടെ സംഘടനക്കെതിരെ നടത്തിയ പരസ്യമായ പ്രതികരണങ്ങളിലുമുള്പ്പടെയുള്ള നമ്മുടെ പ്രതിഷേധം ബഹു. വൈദ്യുതി മന്തിയുടെ ശ്രദ്ധയിലും കൊണ്ടു വന്നിരുന്നതാണ്.
ഭൂരിപക്ഷം തൊഴിലാളികളേയും, ഓഫീസര്‍മാരേയും പ്രതിനിധീകരിക്കുന്ന സംഘടനകളുടെ ശക്തമായ എതിര്‍പ്പ് വക വെക്കാതെ, സായുധ പോലീസിന്റെ വിന്യാസവും, അതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഉത്തരവുമായി ബോര്‍ഡ് മുന്നോട്ട് പോയപ്പോഴാണ് സ്ഥാപനത്തിലെ എണ്‍പത് ശതമാനം ജീവനക്കാരെ പ്രതിനിധാനം ചെയ്യുന്ന നാല് സംഘടനകള്‍ ചേര്‍ന്ന് കെ എസ് ഇ ബി സംസ്ഥാന സംയുക്ത സമരസമിതി എന്ന നിലയില്‍ ഫെബ്രുവരി 14 മുതല്‍ അനിശ്ചിതകാല പ്രക്ഷോഭത്തിനാഹ്വാനം നല്‍കിയത്. വര്‍ക്കേര്‍സ് അസ്സോസിയേഷന്, വര്‍ക്കേര്‍സ് ഫെഡറേഷന്, ഓഫീസേര്‍സ് അസ്സോസിയേഷന്, ഓഫീസേര്‍സ് ഫെഡറേഷന് എന്നീ നാല് സംഘടനകള്‍ സംയുക്തമായി യോഗം ചേര്‍ന്നാണ് സംയുക്ത സമരസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതും, അനിശ്ചിതകാല പ്രക്ഷോഭത്തിനാഹ്വാനം നല്കിയതും. നമ്മുടെ സംഘടനയും, വര്‍ക്കേര്‍സ് അസ്സോസിയേഷനും, അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക് പോകുന്ന തീരുമാനം കത്തിലൂടെ തന്നെ മാനേജ്മെന്റിനെ അറിയിച്ചിരുന്നു.
വൈദ്യുതി ബോര്‍ഡിന് ദുര്‍വ്യയമുണ്ടാക്കുന്ന തീരുമാനങ്ങള്‍ പിന്‍വലിക്കുക, ഐ ടി നയം അട്ടിമറിക്കാനുള്ള തീരുമാനങ്ങളില്‍ നിന്നും പിന്മാറുക, സംഘടന പ്രവര്‍ത്തന സ്വാതന്ത്യം തടയാനുള്ള നീക്കങ്ങളില്‍ നിന്നും പിന്മാറുക, വൈദ്യുതി ഭവനിലും സമാന ഓഫീസുകളിലും എസ് ഐ എസ് എഫ് സായുധ പാറാവ് ഏര്‍പ്പെടുത്താനുള്ള തീരുമാനം റദ്ദാക്കുക എന്നീ നാല് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് സംയുക്ത സമരസമിതി അനിശ്ചിതകാല പ്രക്ഷോഭത്തിലൂടെ മാനേജ്മെന്റിനോടാവശ്യപ്പെട്ടത്. പ്രക്ഷോഭത്തിലേക്ക് പോകുന്ന തീരുമാനം അറിഞ്ഞ മാനേജ്മെന്റ്, തികച്ചും തൊഴിലാളി വിരുദ്ധവും പ്രകോപനപരവുമായ തീരുമാനങ്ങള്‍ എടുക്കുന്നതാണ് പിന്നീട് കണ്ടത്. സ്ഥാപനത്തിലെ ജീവനക്കാര്‍ കൂട്ടം കൂടുന്നതും, പ്രക്ഷോഭ സമരം നടത്തുന്നതുമൊക്കെ നിരോധിച്ചു കൊണ്ടും, അതില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന ഉത്തരവിറക്കിയും സമരത്തെ പരാജയപ്പെടുത്താനാണ് മാനേജ്മെന്റ് ശ്രമിച്ചത്. ഒരു സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തുന്ന സമരമോ, പണിമുടക്കോ നിരോധിക്കുവാന്‍ സ്ഥാപനമേധാവിക്കോ മാനേജ്മെന്റിനോ അധികാരമില്ലെന്നും, അതിനുള്ള അധികാരം ഗവണ്മെന്റിനും, റവന്യൂ അധികാരികള്‍ക്കും മാത്രമാണുള്ളതെന്ന പ്രാഥമികമായ അറിവുപോലും മാനേജ്മെന്റിനുണ്ടായിരുന്നില്ല. മാത്രവുമല്ല, തിരുവനന്തപുരം വൈദ്യുതി ഭവനില്‍ ഫെബ്രുവരി 15 മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്ന സായുധ പോലീസിന്റെ വിന്യാസം, ഫെബ്രുവരി 13 മുതല്‍ തന്നെ ആരംഭിച്ചു കൊണ്ട് പ്രക്ഷോഭസമരത്തെ നേരിടുമെന്ന യുദ്ധപ്രഖ്യാപനവും ബോര്‍ഡ് മാനേജ്മെന്റ് ഇതിനിടയില്‍ നടത്തി. കോവിഡ് – ഒമിക്രോണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും, ഇതൊരു സൂചന സമരമെന്നതും പരിഗണിച്ച്, 75 പേരെ മാത്രം തിരുവനന്തപുരം വൈദ്യുതി ഭവനിലെ സമരകേന്ദ്രത്തില്‍ പങ്കെടുപ്പിക്കാനാണ് സംയുക്ത സമരസമിതി തീരുമാനിച്ചിരുന്നത്. സംയുക്ത സമരസമിതിയുടെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് സമരകേന്ദ്രത്തിലേക്ക് നൂറു കണക്കിന് പ്രവര്‍ത്തകരാണ് ആദ്യ ദിനം മുതല്‍ എത്തിയത്.
ഇതിനിടയില്‍ “കടയ്ക്കു തീ പിടിച്ചിട്ടില്ല; നാട്ടുകാർ ഓടി വരേണ്ടതുമില്ല” എന്ന തലക്കെട്ടോടെ കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. ബി. അശോക്, സ്വന്തം സ്ഥാപനത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കൊടുത്ത പോസ്റ്റ് കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിനേയും വൈദ്യുതി മന്ത്രി ശ്രീ എം.എം. മണിയേയും അധിക്ഷേപിക്കുന്നതാണെന്ന് വിവിധ പത്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈദ്യുതി മേഖലയില്‍ ഓരോ ദിവസം കഴിയുന്തോറും ശക്തിപ്പെട്ടുകൊണ്ടിരുന്ന പ്രക്ഷോഭം, ഇതിനോടകം തന്നെ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു സംഭവമായി മാറിക്കഴിയുകയും, പുരോഗമന പ്രസ്ഥാനങ്ങള്‍ ആകെ ഇതിനെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഇടതുപക്ഷ ജനാധിപത്യമുന്നണി കണ്‍വീനര്‍ ശ്രീ. എ. വിജയ രാഘവന്, വര്‍ക്കേര്‍സ് അസോസിയേഷന് പ്രസിഡന്റും സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശ്രീ. എളമരം കരീം എം പി, വര്‍ക്കേര്‍സ് ഫെഡറേഷന് പ്രസിഡന്റും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ ശ്രീ. കാനം രാജേന്ദ്രന് എന്നിവര്‍ ബഹു. വൈദ്യുതിമന്ത്രിയുമായി വൈദ്യുതി മേഖലയിലെ പ്രക്ഷോഭം സംബന്ധിച്ച് ഫെബ്രുവരി 17ന് ചര്‍ച്ച ചെയ്യുകയും സമരസമിതിയുമായി ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. ഈ ചര്‍ച്ചയുടെ തുടര്‍ച്ചയായി സംയുക്ത സമരസമിതിയുടെ രണ്ടു പ്രതിനിധികളുമായി ഫെബ്രുവരി 18ന് ബഹു വൈദ്യുതി മന്ത്രി ചര്‍ച്ച ചെയ്യുകയുണ്ടായി. സമരസമിതിയെ പ്രതിനിധീകരിച്ച് കണ്‍വീനറും, വര്‍ക്കേര്‍സ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയുമായ ശ്രീ. എസ്. ഹരിലാല്‍, ചെയര്‍മാനും വര്‍ക്കേര്‍സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറിയുമായ ശ്രീ. ഗോപകുമാര്‍ എന്നിവര്‍ വൈദ്യുതി മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.എസ്.ഐ.എസ്.എഫ് വിന്യസിച്ചതിലടക്കം വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റിന്റെ പല നടപടികളും ജീവനക്കാരേയോ സംഘടനകളേയോ വിശ്വാസത്തിലെടുക്കാത്തതാണെന്ന് സംഘടനാ നേതാക്കള്‍ ബഹു. വൈദ്യുതി മന്ത്രിയെ അറിയിച്ചു. ഇക്കാര്യത്തിലുള്ള സംഘടനകളുടെ പ്രതിഷേധം രേഖാമൂലം അറിയിച്ചിട്ടും ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുകയോ പ്രശ്ന പരിഹാരത്തിന് മുന്കൈയ്യെടുക്കുകയോ ചെയ്യാന്‍ ബോര്‍ഡ് മാനേജ്മെന്റ് തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭത്തിലേക്ക് പോകേണ്ടി വന്നതെന്നും സംഘടനാ നേതാക്കള്‍ വൈദ്യുതി മന്ത്രിയെ ധരിപ്പിച്ചു. ഓഫീസേര്‍സ് അസോസിയേഷന്, ഓഫീസേര്‍സ് ഫെഡറേഷന് അടക്കം നാല് സംഘടനകളാണ് പ്രക്ഷോഭത്തിലുള്ളതെന്നും സംയുക്ത സമരസമിതിയിലെ നാലുസംഘടനകളേയും പ്രതിനിധീകരിച്ച് നാലുപേരെ ചര്‍ച്ചക്ക് വിളിക്കേണ്ടിയിരുന്നുവെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. അങ്ങിനെ തീരുമാനിക്കാത്തതിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഗവണ്മെന്റിനെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വവുമായിട്ടുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, സമവായം ഉണ്ടാക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചയായി ഇതിനെ കണ്ടാല്‍ മതിയെന്നും, ബോര്‍ഡ് മാനേജ്മെന്റ് ട്രേഡ് യൂണിയനുകളുമായും ഓഫീസര്‍ സംഘടനകളുമായും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി മറുപടിയായി ചര്‍ച്ചയില്‍ പറഞ്ഞു.
19-02-2022ന് രാവിലെ 11 മണിക്ക് ട്രേഡ് യൂണിയനുകളുമായും ഉച്ചക്ക് 12 മണിക്ക് ഓഫീസര്സംഘടനകളുമായും പ്രത്യേകമായി ബോര്‍ഡ് മാനേജ്മെന്റ് ബഹു. വൈദ്യുതി മന്ത്രിയുമായി നടന്ന ചര്‍ച്ചയുടെയും, ധാരണയുടേയും അടിസ്ഥാനത്തില്‍ സംയുക്ത സമരസമിതി ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പൊതുവിഷയങ്ങളില്‍ സംഘടനകളുടെ യോഗം ഓഫീസര്‍ – ട്രേഡ് യൂണിയന് വ്യത്യാസമില്ലാതെ നടത്തണം എന്ന ആവശ്യം നമ്മള് ഉന്നയിച്ചെങ്കിലും അക്കാര്യത്തില്‍ ബോര്‍ഡ് മാനേജ്മെന്റ് വഴങ്ങിയില്ല. ഈ തര്‍ക്കത്തില്‍ കേന്ദ്രീകരിച്ച് ചര്‍ച്ചയുടെ അന്തരീക്ഷം തകരേണ്ടതില്ല എന്ന പൊതുസമീപനമാണ് സംയുക്ത സമരസമിതി സ്വീകരിച്ചത്. മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി മന്ത്രിയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ ഉണ്ടാക്കാനും, നമ്മള് ഉന്നയിച്ച ആവശ്യങ്ങള്‍ മനേജ്മെന്റിനെ കൊണ്ട് അംഗീകരിപ്പിക്കാനും സംയുക്ത സമരസമിതിക്ക് സാധിച്ചിട്ടുണ്ട്. ആറ് പ്രധാനപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചയുടെ ഭാഗമായി തീരുമാനിക്കപ്പെട്ടത്. വൈദ്യുതി ഭവനിലെ എസ്ഐഎസ്എഫ് പാറാവ് പരിമിതപ്പെടുത്തുമെന്നും, വൈദ്യുതി ഭവനത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്റര്‍, സബ് ലോഡ് ഡെസ്പാച്ച് സെന്റര്‍ എന്നിവയുടെ മുന്നില്‍ മാത്രമേ സായുധ പോലീസിന്റെ വിന്യാസം ഉണ്ടായിരിക്കുകയുള്ളൂവെന്നും, മറ്റു കേന്ദ്രങ്ങളിലെല്ലാം നിലവിലുള്ള വിമുക്തഭടന്മാരുടെ പാറാവ് തന്നെ തുടരുമെന്നും, വൈദ്യുതി ഭവനിലെത്തുന്ന ജീവനക്കാര്‍ക്കോ പെന്‍ഷന്‍കാര്‍ക്കോ പൊതുജനങ്ങള്‍ക്കോ നിലവിലുണ്ടായിരുന്നതിനപ്പുറമുള്ള യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരിക്കില്ലയെന്നും മാനേജ്മെന്റ് ഉറപ്പ് നല്കി. രണ്ടാമതായി, എസ് ഐ എസ് എഫ് സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡ് ഇറക്കിയിരുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച പരിപത്രം പിന്‍വലിക്കും. പുതുക്കിയ പരിപത്രം പ്രസിദ്ധീകരിക്കും. ഇതു കൂടാതെ, പ്രക്ഷോഭം നിരോധിച്ചുകൊണ്ട് ഇറക്കിയ കുറിപ്പും പരിപത്രവും മാനേജ്മെന്റ് പിന്‍വലിക്കും. ചര്‍ച്ചയില്‍ മാനേജ്മെന്റ് നാലാമതായി നല്കിയ ഉറപ്പ്, തൊഴിലാളികളും ഓഫീസര്‍മാരും പ്രക്ഷോഭത്തില്‍ പങ്കെടുത്ത ദിവസങ്ങള്‍ അര്‍ഹതപ്പെട്ട അവധിയായി ക്രമീകരിക്കുമെന്നതാണ്. സംയുക്തസമരസമിതി പ്രക്ഷോഭത്തിന് ആധാരമായി ഉന്നയിച്ച വിഷയങ്ങള്‍ അടക്കം ബോര്‍ഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സംഘടനകളുമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്തി മാത്രമേ നടപ്പാക്കുവെന്നും, ഇതിനായി മാസത്തില്‍ ഒരു ദിവസം തൊഴിലാളി ഓഫീസര്‍ സംഘടനകളുമായി ബോര്‍ഡ് ചര്‍ച്ച നടത്തുമെന്നും മാനേജ്മെന്റ് ഉറപ്പു നല്കി. ഇതിനായി ഒരു കോ-ഓര് ഡിനേഷന് സംവിധാനം ഏര്‍പ്പെടുത്തുമെന്ന കാര്യവും സി എം ഡി നിര്‍ദ്ദേശിച്ചു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സുരക്ഷാ റെഗുലേഷനിലെ നിബന്ധനകളുടെഭാഗമായി വൈദ്യുതി ബോര്‍ഡിലെ നാലായിരത്തിലേറെ ജീവനക്കാരുടെ പ്രൊമോഷനുകള്‍ തടസ്സപ്പെട്ടിരുന്ന കാര്യത്തില്‍ ബഹു: സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ പ്രൊമോഷന് നടപടികള്‍ താമസം വിനാ നടപ്പാക്കണമെന്ന സംയുക്തസമരസമിതിയുടെ ആവശ്യവും മാനേജ്മെന്റ് അംഗീകരിച്ചു. സംയുക്തസമരസമിതി മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്ന രീതിയിലുള്ള മേല്‍ തീരുമാനങ്ങളുടെ സാഹചര്യത്തില്‍, ആറ് ദിവസത്തോളം തിരുവനന്തപുരത്തെ സമരകേന്ദ്രത്തിലും, മറ്റ് വിവിധ ഓഫീസുകള്‍ക്ക് മുന്നിലും സംയുക്ത സമരസമിതി നടത്തിവന്നിരുന്ന പ്രക്ഷോഭം പിന്‍വലിക്കാന്‍ തീരുമാനിക്കുകയാണുണ്ടായത്. സംയുക്ത സമരസമിതി തീരുമാനപ്രകാരം, മുഴുവന്‍ ഓഫീസുകളിലും, ഫെബ്രുവരി 21തിങ്കളാഴ്ച വിജയദിനമായി ആഘോഷിക്കുകയും ചെയ്തു.
വൈദ്യുതി ബോര്‍ഡിലെ സമരപോരാട്ടങ്ങളില്‍ ഐതിഹാസികമായ ഒരു വിജയമാണ് തൊഴിലാളികളുടേയും ഓഫീസര്‍മാരുടേയും കൂട്ടായ്മയിലൂടെ നമ്മള് നേടിയെടുത്തത്. വൈദ്യുതി ബോർഡിലെ പ്രക്ഷോഭ സമരത്തിന് പിന്തുണ നൽകുകയും വിജയിപ്പിക്കുകയും ചെയ്ത മുഴുവൻ സമര പോരാളികൾക്കും കെ എസ് ഈ ബി ഓഫീസേര്‍സ് അസോസ്സിയേഷന്റെ വിപ്ലവ അഭിവാദ്യങ്ങൾ നേരുന്നു. സംയുക്ത സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ച് പ്രക്ഷോഭ സമരം അവസാനിപ്പിക്കാൻ ക്രിയാത്മകമായി ഇടപെട്ട സംസ്ഥാന ഗവൺമെന്റിനും, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും, സര്‍വോപരി ശ്രീ. എ. വിജയ രാഘവന്, ശ്രീ. എളമരം കരീം എം പി, ശ്രീ. കാനം രാജേന്ദ്രന്, ബഹു. വൈദ്യുതി മന്ത്രി എന്നിവര്‍ക്കും സ്നേഹാഭിവാദ്യങ്ങൾ നേരുന്നു.സമരകേന്ദ്രത്തിലെ നമ്മുടെ പങ്കാളിത്തം ഉറപ്പാക്കുന്നതില്‍ തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടേയും, ജില്ലാ കമ്മിറ്റിയുടേയും കൂട്ടായ ഇടപെടല്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ നമ്മുടെ അംഗങ്ങളും നിശ്ചയിച്ച രീതിയിലുള്ള പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. ജില്ലകളില്‍ പ്രക്ഷോഭ സമരത്തില്‍ പങ്കെടുത്തവരും, തിരുവനന്തപുരത്തെ പ്രക്ഷോഭ സമരത്തിലേക്ക് ആവേശത്തോടെ വരാന്‍ തയ്യാറായി മുന്നോട്ട് വന്നവര്‍ക്കും അഭിവാദ്യങ്ങള്‍.
വൈദ്യുതി ബോര്‍ഡ് കൂടുതൽ ജനോപകാരപ്രദമായ വികസന പദ്ധതികൾ ഏറ്റെടുത്ത് പൂർത്തിയാക്കുന്നതിനും, ഈ സ്ഥാപനത്തെ പൊതുമേഖലയില്‍ നിലനിര്‍ത്തി തുടര്‍ന്നും സംരക്ഷിക്കുന്നതിനും, നാല് സംഘടനകൾ ഉൾപ്പെട്ട ഈ സംയുക്ത സമരസമിതി മുന്നിൽ തന്നെ ഉണ്ടാവേണ്ടതുണ്ട്. പ്രക്ഷോഭ സമരത്തില്‍ പങ്കെടുക്കാത്തവരെ കൂടി കൂട്ടിയോജിപ്പിച്ചു കൊണ്ട് തൊഴിലാളി-ഓഫീസര്‍ ഐക്യം വളര്‍ത്തി എടുക്കുവാനും, സ്ഥാപനത്തെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കുവാനും നമുക്കാവണം. പ്രക്ഷോഭസാഹചര്യത്തില് ഉണ്ടായ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവച്ച് ജീവനക്കാരും മാനേജ്മെന്റും ഒറ്റ മനസ്സോടെ മുന്നോട്ടു പോകണമെന്നുള്ള സമരസമിതിയുടെ ആഹ്വാനം ഓര്‍മ്മിപ്പിക്കുന്നതിനോടൊപ്പം, നമ്മുടെ ഈ സ്ഥാപനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏതൊരു നീക്കത്തെയും ചെറുത്തു തോല്‍പ്പിക്കാനുള്ള നിതാന്തജാഗ്രതയും, നിരന്തരമായ പ്രവര്‍ത്തനങ്ങളും ഉണ്ടാവണമെന്നും അഭ്യര്‍ഥിക്കുന്നു.