ജി.എസ്.ടിയും പെട്രോളിയം ഉത്പന്നങ്ങളും

164

2017ൽ ഇന്ത്യയിൽ ജ ി . എ സ് . ട ി അഥവാ ചരക്കു സേവന നികുതി നിലവിൽ വന്നെങ്കിലും പെട്രോളിയം ഉൽപ്പന്നങ്ങളും മദ്യവും ഇപ്പോഴും അതാത് സംസ്ഥാന സർക്കാരിന്റെ വിൽപ്പന നികുതികളുടെ പരിധിയിലാണ്. ഈ അനുമതി താൽക്കാലികം മാത്രമാണെന്നും ജി.എസ്.ടി കൗൺസിലിന്റെ തീരുമാനത്തിനു വിധേയമായി എപ്പോൾ വേണമെങ്കിലും പ്രസ്തുത ഉൽപ്പന്നങ്ങൾക്ക് ചരക്കു സേവന നികുതി ബാധകമാക്കാമെന്നും ജി.എസ്.ടി നിയമത്തിൽ വ്യവസ്ഥയുണ്ട്.ഈ താൽക്കാലിക കാലയളവ് അവസാനിക്കുമോയെന്നും അങ്ങനെ വന്നാൽ കുറഞ്ഞ വിലയ്ക്ക് പെട്രോൾ/ഡീസൽ ലഭ്യമാകുമോയെന്നും അതിലുപരി ഇത് സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തെ എങ്ങനെ ബാധിക്കുമെന്നും നിരവധി ആശങ്കകൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ രാജ്യത്തെ പെട്രോൾ/ഡീസൽ വിലയിലുണ്ടായ മാറ്റം അതായത് വർദ്ധനവിന്റെ സൂചിക കൃത്യമായ അനുപാതത്തിലല്ലെന്നുള്ളതാണ് യാഥാർത്ഥ്യം. പെട്രോൾ വിലയെക്കുറിച്ച് പരാമർശിക്കുമ്പോൾ ആദ്യമറിയേണ്ടത് അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിപണിയെക്കുറിച്ചാണ്. ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളടങ്ങുന്ന അന്താരാഷ്ട്ര വിപണിയുടെ കൈപ്പിടിയിലാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രണം. ഏതൊരു ഉൽപ്പന്നത്തിനുമെന്നതു പോലെ ഇതിനും ആവശ്യകതയ്ക്കനുസരിച്ച് വിലയിൽ മാറ്റമുണ്ടാകുന്നുണ്ട്.

അടിസ്ഥാന വിലയിൽ മാത്രമാണ് ഈ മാറ്റമെന്നുള്ളതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം. അടിസ്ഥാന വിലയുടെ മുകളിൽ കേന്ദ്ര നികുതിയും ഡീലർ കമ്മിഷനും മറ്റു ചെലവുകളും ചേർത്ത് സംസ്ഥാനത്തിനു നൽകുന്നു.ഓരോ സംസ്ഥാനത്തിന്റെയും നിലവിലുള്ള മൂല്യ വർധിത നികുതി (VAT)ക്കനുസരിച്ച് അവിടുത്തെ വില മാറുന്നു. അടിസ്ഥാന വിലയുടെ മുകളിൽ കേന്ദ്രം ഈടാക്കുന്ന പ്രധാന നികുതി എക്സൈസ് തീരുവ (Excise Duty)യാണ്. ഇതിനു പുറമെ ,അധിക എക്സൈസ് തീരുവ (Special Additional Excise Duty), മറ്റു സെസ്സുകൾ തുടങ്ങിയവയുമുണ്ട്..നിലവിലെ കണക്കനുസരിച്ച് അടിസ്ഥാന വിലയുടെ അത്രയും തന്നെ കേന്ദ്ര നികുതിയുണ്ട്. ഇതിനു പുറമേ സംസ്ഥാന നികുതിയുംചേർത്താണ് ഉപഭോക്താവിൽ നിന്നും ഈടാക്കുന്നത്. കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ വരുമാനമാർഗ്ഗം പ്രധാനമായും നികുതിയാണെന്നിരിക്കെ അതിലുണ്ടായേക്കാവുന്ന ഭീമമായ കുറവ് അടിസ്ഥാന വികസന പ്രവർത്തനങ്ങളെ ബാധിക്കും. അതു കൊണ്ടു തന്നെയാണ് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജി.എസ്.ടി ബാധകമാക്കുന്നതിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നത്. കോവിഡ് മൂലം തകർന്ന സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് വിവിധ സംസ്ഥാനങ്ങൾ. 2017ൽ ജി.എസ്.ടി നടപ്പിലാക്കിയെങ്കിലും അന്നു മുതൽ നൽകാനുള്ള കുടിശ്ശിക കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൃത്യമായി നൽകിയിരുന്നില്ല. സംസ്ഥാന സർക്കാരിന്റെ ദൈനം ദിനപ്രവർത്തനങ്ങളടക്കം പ്രതിസന്ധിയിലായിട്ടും

ഇപ്പോഴും ഈ തുക പൂർണ്ണമായി ലഭിച്ചിട്ടില്ല. ഈ സ്ഥിതി തുടർന്നാൽ ഇനി പെട്രോൾ/ഡീസൽ ഇനത്തിലെ ജി.എസ്.ടി വിഹിതത്തിനു വേണ്ടിയും കേരളം ദീർഘനാൾ കാത്തിരിക്കേണ്ടി വരും.നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾക്ക് ഒട്ടുംഅനുകൂലമല്ലാത്ത ഒരു സ്ഥിതി വിശേഷമായിരിക്കും അഭിമുഖീകരിക്കേണ്ടി വരുന്നത്.

2010 വരെ ഇന്ത്യയിൽ പെട്രോൾ/ഡീസൽ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായിരുന്നു. എണ്ണ വിതരണത്തിൽ ഉണ്ടാകുന്ന നഷ്ടം കമ്പനികൾക്ക് സബ്സിഡിയായി നൽകുന്ന രീതിയായിരുന്നു അന്നുണ്ടായിരുന്നത്. സബ്സിഡി കുടിശ്ശിക നിയന്ത്രണാതീതമായപ്പോൾ ഇത് നികത്താനായി ബോണ്ട് (ഓയിൽബോണ്ട് ) ഇറക്കേണ്ടി വന്നു. പിന്നീട് എണ്ണ വിലനിയന്ത്രണം പൂർണ്ണമായും എണ്ണക്കമ്പനികൾക്കു നൽകി.2010 ൽ പെട്രോളും 2011ൽഡീസലും സർക്കാർ വില നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് എന്ന ആനുകൂല്യം ജനങ്ങൾക്കു കൂടി ലഭ്യമാക്കാനായിട്ടാണ് ഇങ്ങനെയൊരു മാറ്റത്തിലേക്ക് എത്തിയതെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ഈ മാറ്റം വന്നിട്ടും വില കുറയാത്തതിന്റെ കാരണം മറ്റൊന്നുമല്ല, അടിസ്ഥാന വില കുറയുന്നുണ്ടെങ്കിലും നികുതി നിരക്ക് കാലാകാലങ്ങളിൽ മുകളിലേക്ക് മാത്രം പോയതു കൊണ്ടാണ്. അടിസ്ഥാനവിലയുടെ ഒപ്പം തന്നെ നികുതിയും എത്തി നിൽക്കുന്നു. ഇനി ജി.എസ്.ടിയുടെ പരിധിയിൽ പെട്രോൾ/ഡീസൽ വന്നെന്നിരിക്കട്ടെ. ഓരോഉൽപ്പന്നങ്ങളുടെയും മുകളിൽ ഈടാക്കുന്ന ജി.എസ്.ടിയുടെ പകുതി കേന്ദ്രത്തിനും പകുതി സംസ്ഥാനത്തിനും അവകാശപ്പെട്ടതാണ്. ഉദാഹരണത്തിന് 12% നികുതിയിൽ 6% കേന്ദ്രത്തിനും (CGST) 6% സംസ്ഥാനത്തിനു (SGST) മാണ്. അങ്ങനെ വരുമ്പോൾ വളരെ ചെറിയ വരുമാനം മാത്രമാണ് സംസ്ഥാനങ്ങൾക്ക് നികുതിയിനത്തിൽ കിട്ടുന്നതെന്നു മാത്രമല്ല, നിലവിൽ ചുമത്തിയിരുന്ന സംസ്ഥാനനികുതിയിനത്തിൽ (VAT) വൻതോതിൽ ഇടിവുമുണ്ടാകും. ജി.എസ്.ടി.യുടെ പരിധിയിൽ വരുമ്പോൾ നിലവിലെ നികുതിയായ എക്സൈസ് ഡ്യൂട്ടി മാത്രമാണോ ഇല്ലാതാകുന്നതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. നിലവിലെ വിലയുടെ നാമമാത്രമായ ഭാഗം എക്സൈസ്ഡ്യൂട്ടിയാണ്. അതിന്റെ കൂടെയുള്ള സെസ്സുകളും അധിക നികുതിയും പൂർണ്ണമായും കേന്ദ്രത്തിന് അവകാശപ്പെട്ടതാണ്. ഇത് ഇല്ലാതാവുകയോ കുറയുകയോ ചെയ്യാത്തിടത്തോളം വിലയിൽ കുറവുണ്ടാകില്ല. സെസ്സ് പിരിക്കുന്നത് ചില പ്രത്യേക പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കുമായതിനാൽ ഇത് നിർത്തലാക്കാനുള്ള സാധ്യത വിദൂരമായിരിക്കും. സാധാരണക്കാരന് കുറഞ്ഞ വിലയ്ക്ക് പെട്രോൾ ലഭിക്കുമെന്ന് പറയുന്നതിന്റെ യഥാർത്ഥ വസ്തുത മനസ്സിലാക്കണമെങ്കിൽ നിലവിലുളള സെസ്സുകൾ പിൻവലിക്കുന്നുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരണം. അങ്ങനെയെങ്കിൽ ജി.എസ്.ടിയിലെ ഏറ്റവും വലിയ നിരക്കായ 40% (നിലവിൽ ഒന്നിനും ബാധകമല്ല) ചുമത്തിയാൽ പോലും പൊതുജനങ്ങൾക്ക് ആശ്വാസമാകും. അതേ സമയം നികുതി പ്രധാന വരുമാന സ്രോതസ്സായ കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്ക് അത് ഒട്ടും ആശാസ്യമായിരിക്കില്ല. അവസാനം നടന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഈ വിഷയത്തിൽ കൃത്യമായ തീരുമാനമെടുക്കാതിരുന്നതിന് കാരണം സംസ്ഥാനങ്ങളുടെ ശക്തമായ പ്രതിഷേധമാണെന്നതും കണ്ടു പോകേണ്ടതുണ്ട്.