മൂലമറ്റം പവർഹൗസ് 7 ദിവസത്തേക്ക് പൂർണമായും അടച്ചു- വൈദ്യുതി നിയന്ത്രണമില്ല

365

പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മൂലമറ്റം പവർഹൗസ് പൂർണമായും നിർത്തിവെച്ചു. ഡിസംബർ 10ന് രാവിലെ എട്ടുമണിയോടെ പവർഹൗസ് ഷട്ട്ഡൗൺ ചെയ്തു. ഏഴു ദിവസത്തേക്ക് പവർഹൗസ് നിർത്തിവെയ്ക്കാനുള്ള അനുവാദമാണ് കെ എസ് ഇ ബി ലോഡ് ഡെസ്പാച്ച് വിഭാഗം നൽകിയിരിക്കുന്നത്.

രണ്ടു ഘട്ടങ്ങളിലേയും ജനറേറ്ററുകളുടെ വാട്ടർ കണക്ടർ സിസ്റ്റം പുനരുദ്ധരിക്കുന്നതിന് വേണ്ടിയാണ് പവർഹൗസ് പൂർണമായി നിർത്തുന്നത്. ഒന്നാംഘട്ട ജനറേറ്ററുകളുടെ വാട്ടർ കണ്ടക്ടർ സിസ്റ്റത്തിന്റെ നവീകരണ പ്രവർത്തനം ആയതിനാൽ 18.11.19 മുതൽ മൂന്നു ജനറേറ്ററുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഡിസംബർ 10ന് രാവിലെയോടെ മറ്റ് മൂന്ന് ജനറേറ്ററുകളും ഷട്ട് ഡൗൺ ചെയ്തതോടെ പദ്ധതിയുടെ പ്രവർത്തനം പൂർണമായും നിലച്ചു. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവർ ഹൗസിലുള്ളത്.

ഡിസംബർ 17ന് വൈകിട്ടോടെ ഓരോ ജനറേറ്ററുകൾ വീതം പ്രവർത്തിച്ചു തുടങ്ങാൻ സാധിക്കും എന്നാണ് കെ എസ് ഇ ബി ജനറേഷൻ വിഭാഗത്തിന്റെ പ്രതീക്ഷ. പുറത്തുനിന്ന് കുറഞ്ഞ വിലയിൽ ലഭിക്കുന്ന വൈദ്യുതി ലഭിക്കുന്നതിനാലും ഉപഭോഗം കുറഞ്ഞ് നിൽക്കുന്നതിനാലും സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിൽ നിയന്ത്രണമുണ്ടാകില്ല. 780 മെഗാവാട്ടാണ് ഇടുക്കിയുടെ മൊത്തം ഉൽപ്പാദനശേഷി. നിലവിൽ 76.57 ശതമാനം വെള്ളം ഇടുക്കി സംഭരണിയിൽ ഉണ്ട്.