ജനകീയ പ്രശ്നങ്ങൾക്ക് ദ്രുത പരിഹാരങ്ങളുമായി തൃശൂർ വൈദ്യുതി അദാലത്ത്

310

സൗരോർജ ഉൽപ്പാദനത്തിലും വിതരണത്തിലും വൻ മുന്നേറ്റമുണ്ടാക്കുമെന്ന് മന്ത്രി ശ്രീ.എം എം മണി പറഞ്ഞു. ജില്ലാ ജനകീയ വൈദ്യുതി അദാലത്തും സംസ്ഥാനതല സമാപനവും ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഊർജ രംഗത്ത് സോളാർ ഊർജമാണ് ചെലവ് കുറഞ്ഞത്. രാത്രിയും സൗരോർജം ലഭ്യമാക്കുന്നതിന് ഇത് സംഭരിച്ചു വയ്‌ക്കാൻ ആവശ്യമായ ബാറ്ററി സംവിധാനങ്ങൾ ആവിഷ്‌കരിക്കും. 1000 മെഗാവാട്ട് കൂടുതലായി സൗരോർജം ഉൽപ്പാദിപ്പിക്കും. പ്രകൃതി ദുരന്തങ്ങളിൽ വൈദ്യുതിബോർഡിന് വലിയ നഷ്ടമുണ്ടായിട്ടും ലോഡ് ഷെഡിങ്ങും, പവർ കട്ടും ഒഴിവാക്കാൻ കഴിഞ്ഞത്‌ ബോർഡിന്റെ കൂട്ടായ പ്രവർത്തനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 2010ൽ തന്നെ സമ്പൂർണ വൈദ്യുതീകരണം പ്രഖ്യാപിച്ച ഇന്ത്യയിലെ രണ്ടാമത്തെ ജില്ലയാണ് തൃശൂർ. മാടക്കത്തറയിലെ പവർ ഗ്രിഡ് കോർപറേഷന്റെ കേരളത്തിലെ ആദ്യത്തെ 320 കെവിഎച്ച്‌‌വിഡിസി സബ് സ്റ്റേഷന്റെ നിർമാണം പൂർത്തിയാക്കുന്നതോടെ കേരളത്തിന്റെ പവർ ഹബായി തൃശൂർ മാറും. ജില്ലയിൽ 2021 നുള്ളിൽ പൂർത്തീകരിക്കത്തക്ക രീതിയിൽ ഉൽപ്പാദന, പ്രസരണ, വിതരണ മേഖലകളിൽ, വിവിധ പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. 78.42 കോടി രൂപ ചെലവഴിച്ച് കുന്നംകുളം, ചാലക്കുടി, ഇരിങ്ങാലക്കുട സബ് സ്റ്റേഷനുകൾ ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 220 കെവിയായി ഉയർത്തും. മണ്ണുത്തിയിൽ 110 കെവി സബ് സ്റ്റേഷൻ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡിസ്ട്രിബ്യൂഷൻ ഐടി ആൻഡ് എച്ച്‌ആർഎം ഡയറക്ടർ ശ്രീ.പി കുമാരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് വിപ് ശ്രീ.കെ രാജൻ അധ്യക്ഷനായി. എംഎൽഎമാരായ ശ്രീ.യു ആർ പ്രദീപ്, ഗീത ഗോപി, കെഎസ്ഇബി ചെയർമാൻ ശ്രീ.എൻ എസ് പിള്ള, എറണാകുളം മധ്യ മേഖല വിതരണ വിഭാഗം ചീഫ് എൻജിനിയർ ശ്രീ.ജയിംസ് എം ഡേവിഡ് എന്നിവർ സംസാരിച്ചു.

തൃശൂർ ജില്ലയിലെ വൈദ്യുതി സംബന്ധമായ വിവിധ വിഷയങ്ങളിൽ പൊതുജനങ്ങളുടെ പരാതി കേൾക്കുന്നതിനും അവയിൽ സമയ ബന്ധിതമായി തീർപ്പ് കല്പിക്കുന്നതിനുമായി സംഘടിപ്പിച്ച ജില്ലാ ജനകീയ വൈദ്യുതി അദാലത്തിൽ 872 പരാതികൾ തീർപ്പാക്കി. ആകെ 935 പരാതികളാണ്‌ രജിസ്റ്റർ ചെയ്‌തത്‌. 93.26 ശതമാനം പരാതികൾ പരിഹരിക്കാൻ കഴിഞ്ഞത് ജനകീയ അദാലത്തിന്റെ വൻ വിജയമായി.

ജനുവരി 11ന് കൽപ്പറ്റയിൽനിന്ന് ആരംഭിച്ച ജില്ലാ അദാലത്തിന്റെ സമാപനമായിരുന്നു തൃശൂരിൽ നടന്നത്. സർവീസ് കണക്ഷൻ, ലൈനും പോസ്റ്റും മാറ്റൽ, പുതിയ കണക്ഷന് മറ്റുള്ളവരുടെ സ്ഥലത്തുകൂടി ലൈൻ വലിക്കാനുള്ള എതിർപ്പ്, ലൈൻ വലിക്കുന്നതിന് മരം മുറിച്ചതിന്റെ നഷ്ട പരിഹാരം, വനം വകുപ്പിന്റെ എതിർപ്പ് കാരണം ലൈൻ വലിക്കാനുള്ള എതിർപ്പ്, ലൈൻ അഴിച്ചുമാറ്റൽ, വൈദ്യുതി ബില്ലിലേയും താരിഫിലേയും പരാതികൾ, കേടായ മീറ്ററുകൾ, ബിൽ കുടിശ്ശിക, റവന്യു റിക്കവറി, കോടതിയിലുള്ള കേസുകൾ, വോൾട്ടേജ് ക്ഷാമം, വൈദ്യുതി ദുരുപയോഗം, കേബിൾ ടിവി തർക്കങ്ങൾ, സേഫ്റ്റി ക്ലിയറൻസ് പ്രശ്നങ്ങൾ എന്നീ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്.

ബിപിഎൽ പരാതികളിൽ പലതും സൗജന്യമായി പരിഹരിച്ചു. പലിശ പൂർണമായും ഒഴിവാക്കി. തീർപ്പാക്കിയ പരാതിക്കാർക്ക്‌ 25ശതമാനം ഇളവ്‌ ലഭിച്ചു.