ട്രാൻസ്ഗ്രിഡ്- 2.0 ആദ്യ സബ്സ്റ്റേഷൻ ചാർജ് ചെയ്തു

513

വൈദ്യുതപ്രസരണ ശൃംഖല മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിൽ പൂർത്തിയായ ആദ്യ സബ് സ്റ്റേഷൻ മഞ്ചേരി 220 KV സബ് സ്റ്റേഷൻ ചാർജ്ജ് ചെയ്തു. ഇതിൽ മലപ്പുറം – മഞ്ചേരി ലൈൻ മൊണോപോളും എച്ച് ടി എൽ എസ് കണ്ടക്ടറും ഉപയോഗിച്ച് ശേഷി വർദ്ധിപ്പിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചു. കക്കയം – നല്ലളം ലൈൻ എച്ച് ടി എൽ എസ് കണ്ടക്ടർ ഉപയോഗിച്ച് ശേഷി വർധിപ്പിക്കുകയും ചെയ്തു.

ട്രാൻസ്ഗ്രിഡ്-2.0 പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
മാടക്കത്തറ – അരീക്കോട് സർക്യൂട്ട് ലൈൻ 400 കെവി ലൈൻ ആയി ഉയർത്തുന്നതിന്റെ ഒന്നാംഘട്ടം പൂർത്തിയായി വരുന്നു. മാടക്കത്തറ മുതൽ മലാപ്പറമ്പ് വരെയുള്ള 47 കിലോമീറ്റർ ഭാഗത്തു പുതിയ ടവറുകൾ സ്ഥാപിച്ച് ലൈൻ വലിച്ചു കഴിഞ്ഞു. മലപ്പുറം ജില്ലയിലെ കിഴിശ്ശേരി മുതൽ കോഴിക്കോട് ജില്ലയിലെ നല്ലളം വരെയുള്ള 24 കിലോമീറ്റർ ലൈനിന്റെ ശേഷി ഉയർത്തുന്നതിൽ 12 കിലോമീറ്റർ നിർമ്മാണം പൂർത്തിയായി. നല്ലളം മുതൽ മാങ്കാവ് വരെ സിംഗിൾ സർക്യൂട്ട് ഡബിൾ സർക്യൂട്ട് ആയി ശേഷി ഉയർത്തുന്നതിന് ടവർ നിർമ്മാണ പ്രവൃത്തിയാണ് നടക്കുന്നത്.

ചിത്തിരപുരം, ആലുവ, കോതമംഗലം, കലൂർ എന്നീ സ്റ്റേഷനുകളിലേക്കുള്ള ലൈൻ ശേഷി 220 KV ആയി ഉയർത്തുന്നത് ആരംഭിച്ചിട്ടുണ്ട്.