വൈദ്യുതി ഭേദഗതി നിയമം 2018

682

കരട് ഭേദഗതിയിലെ സെക്ഷന്‍ 3 (1) സി പ്രകാരം വൈദ്യുതി വിതരണ മേഖലയെ വിതരണ ശൃംഖല – സപ്ലൈ കമ്പനി എന്നീ രണ്ടു വിഭാഗങ്ങളായി വേര്‍തിരിക്കുക എന്നതാണ് നാഷണല്‍ ഇലക്ട്രിസിറ്റി പോളിസി & പ്ലാനിന്റെ പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശം ആയി കണക്കാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള വിഭജനം ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്തതാണ്. വിഭജനം നടപ്പിലാക്കുന്നതിനുള്ള സാമ്പത്തികവും സാമൂഹികവുമായ തടസ്സങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെപ്പറ്റി കരട് ഭേദഗതി മൗനം പാലിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. കൂടാതെ നിലവിലുള്ള മീറ്ററിങ്ങ് ആട്ടോമേഷന്‍ സംവിധാനങ്ങള്‍ വിഭജനത്തെ തുടര്‍ന്നുള്ള സങ്കീര്‍ണതകളെ പരിഹരിക്കാന്‍ പര്യാപ്തമല്ല.

ഭേദഗതി നിര്‍ദ്ദേശങ്ങളനുസരിച്ച് ക്രോസ് സബ്സിഡി പിന്‍വലിച്ചാല്‍ ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കില്‍ ഉണ്ടാകുന്ന വ്യത്യാസം


ഉപഭോക്താക്കള്‍ക്ക് സപ്ലൈ ലൈസന്‍സിയെ തെരഞ്ഞെടുക്കാനുള്ള അവസരം ലഭ്യമാകുന്നു. വിവിധ കമ്പനികള്‍ തമ്മില്‍ മല്‍സരിക്കുമ്പോള്‍ മെച്ചപ്പെട്ട സേവനം കുറഞ്ഞ നിരക്കില്‍ ലഭ്യമാകും എന്നീ രേഖീയമായ സങ്കല്‍പ്പമാണ് ഭേദഗതി മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ പ്രാഥമികമായ വിശകലനത്തില്‍ പോലും ഇത്തരത്തിലൊരു മാതൃക സ്ഥിരതയില്ലാത്തതാണെന്നു കരുതേണ്ടി വരും.


പുതുതായി വരുന്നവ ഉള്‍പ്പെടെ എല്ലാ സപ്ലൈ കമ്പനികളും ആശ്രയിക്കുന്നത് ഒരൊറ്റ ഡിസ്ട്രിബ്യൂഷന്‍ ലൈസന്‍സിയെയാണ്. എന്നാല്‍ ഉപഭോക്താവിനു ലഭിക്കുന്ന വൈദ്യുതിയുടെ ഗുണനിലവാരം പൂര്‍ണമായും ഡിസ്ട്രിബ്യൂഷന്‍ ലൈസന്‍സിയുടെ ഉടമസ്ഥതയിലുള്ള വൈദ്യുതി ശൃംഖലയുടെ പരിപാലനത്തെയും ഗുണനിലവാരത്തെയും ആശ്രയിച്ചാണിരിക്കുന്നത്. മികച്ച വൈദ്യുതി ശൃംഖല നിലനിര്‍ത്തണമെങ്കില്‍ ലൈസന്‍സികള്‍ക്ക് നല്ല രീതിയില്‍ പണം ചെലവഴിക്കേണ്ടതുണ്ട്. ഉയര്‍ന്ന താരിഫ് ഉള്ള ഉപഭോക്താക്കളെ നഷ്ടപ്പെടുന്ന വിതരണ ലൈസന്‍സിക്ക് എങ്ങനെയാണ് ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാവുക? പരിപാലനമില്ലാതെ വിതരണ ശൃംഖലയുടെ ഗുണനിലവാരം നഷ്ടപ്പെടുകയും വൈദ്യുതി മുടക്കവും വോള്‍ട്ടേജ് ക്ഷാമവും പതിവാകുകയും ചെയ്യും എന്നതാണ് ഉണ്ടാവാന്‍ പോകുന്നത്.


വിതരണവും സപ്ലൈയും വേര്‍തിരിക്കുന്നതു കൊണ്ട് വൈദ്യുതി വിതരണ ശൃംഖലയുടെ വളര്‍ച്ചയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ഗുണഫലങ്ങള്‍ ഉള്ളതായി കാണുന്നില്ല. വൈദ്യുതിയുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ വിതരണ ലൈസന്‍സിയുടെ പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമതയും സാമ്പത്തിക ഭദ്രതയും വര്‍ദ്ധിപ്പിക്കുക എന്നീ മാര്‍ഗ്ഗങ്ങള്‍ മാത്രമാണുള്ളത്. വൈദ്യുതിയുടെ ചില്ലറ വില സപ്ലൈ ലൈസന്‍സി തീരുമാനിക്കുകയും റഗുലേറ്ററി കമ്മീഷന്‍ താരിഫിന്റെ സീലിംഗ് മാത്രം തീരുമാനിക്കുകയും ചെയ്യുന്ന അവസ്ഥയില്‍, താരിഫും വൈദ്യുതി വിതരണം ചെയ്ത് ഉപഭോക്താവില്‍ എത്തിച്ചേരുന്നതു വരെയുള്ള യഥാര്‍ത്ഥ ചെലവും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നു.
നിലവിലുള്ള സംവിധാനമനുസരിച്ച് ഒരു കണ്‍സ്യൂമറിന് സപ്ലൈ എടുക്കല്‍, ലോഡ് വര്‍ദ്ധിപ്പിക്കല്‍, വൈദ്യുതി മുടക്കത്തെക്കുറിച്ചുള്ള പരാതി ബോധിപ്പിക്കല്‍ ബില്ലിംഗ് സംബന്ധമായ പരാതികള്‍ എന്നീ കാര്യങ്ങള്‍ക്ക് ഒരൊറ്റ ലൈസന്‍സിയെ സമീപിച്ചാല്‍ മതിയാകും. പക്ഷേ പുതിയ നിയമഭേദഗതി പ്രകാരം ഉപഭോക്താവിന് വിവിധ ആവശ്യങ്ങള്‍ക്കായി വിവിധ ഏജന്‍സികളെ മാറിമാറി സമീപിക്കേണ്ടി വരും. ആദ്യം വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നതിന് വിതരണ ലൈസന്‍സിയെ സമീപിക്കേണ്ടി വരും. പിന്നീട് വൈദ്യുതി ലഭിക്കുന്നതിന് സപ്ലൈ ലൈസന്‍സിയെ സമീപിക്കേണ്ടിവരും. രണ്ടു ലൈസന്‍സികള്‍ക്കും പ്രത്യേകം സെക്യൂരിറ്റി തുക നല്‍കേണ്ടി വരും. മാസാമാസം രണ്ടു ലൈസന്‍സികള്‍ക്കും പണമടയ്ക്കേണ്ടിയും വന്നേക്കാം. വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് വിതരണ ലൈസന്‍സിയെ സമീപിക്കേണ്ടി വരുമ്പോള്‍ ബില്ലിംഗ് പ്രശ്നങ്ങള്‍ക്ക് രണ്ട് ഏജന്‍സികളേയും സമീപിക്കേണ്ടി വരുന്നു. ഇത് അനാവശ്യ തര്‍ക്കങ്ങള്‍ക്കും സമയനഷ്ടത്തിനും കാരണമാകുന്നു.
ഭേദഗതിയില്‍ പറഞ്ഞിരിക്കുന്ന ഇന്റര്‍മീഡിയറി കമ്പനി നിയമിതമായിരിക്കുന്നത് എല്ലാ വൈദ്യുതി വാങ്ങല്‍ കരാറുകളുടെയും പുതിയ ചുമതലക്കാര്‍ എന്ന നിലയ്ക്കാണ്. വിതരണ ലൈസന്‍സിക്ക് ഇനി മുതല്‍ വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ ഏര്‍പ്പെടാന്‍ അധികാരമുണ്ടാവില്ല. സപ്ലൈ കമ്പനിക്ക് ഉപഭോക്താവിന് വൈദ്യുതി വില്‍ക്കുക എന്നതില്‍ കഴിഞ്ഞ് വിതരണ ശ്രംഖലയുടെ ഉടമസ്ഥതയോ പരിപാലന ചുമതലയോ ഉണ്ടായിരിക്കുകയില്ല. അതായത് സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് വരെ വൈദ്യുതിയെത്തിക്കാന്‍ നേരത്തേയുണ്ടായിരുന്ന വൈദ്യുതിക്കമ്പനി നടത്തിയ നിക്ഷേപങ്ങളുടെ മേല്‍ യാതൊരു ഉടമസ്ഥതയും ഇല്ലാത്തവരായി സപ്ലൈ കമ്പനി മാറുന്നു. വിതരണ ശൃംഖല മെച്ചപ്പെടുത്തിയെടുത്തതിന്റെ ലാഭം നേടാന്‍ പഴയ സപ്ലൈ ലൈസന്‍സിക്ക് കഴിയാതെ പോകുന്നു. എന്നാലോ പുതിയ സപ്ലൈ ലൈസന്‍സിക്ക് താല്‍പര്യമില്ലാത്ത താഴെക്കിടയിലുള്ള ഉപഭോക്താക്കള്‍ക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം പഴയ പൊതുമേഖലാ കമ്പനി വിഭജിച്ചുകൊണ്ടുള്ള സപ്ലൈ ലൈസന്‍സിയുടെ മേല്‍ തന്നെ നിലനില്‍ക്കുന്നു. ഇത് പൊതുമേഖലാ സപ്ലൈ ലൈന്‍സിയുടെ മല്‍സരക്ഷമത തകര്‍ക്കും.