2022ലെ വൈദ്യുതി (ഭേദഗതി) ബിൽ-ജനങ്ങളെ ഇരുട്ടിലേയ്ക്ക് നയിക്കുന്നു

59

(വൈദ്യുതി (ഭേദഗതി) ബിൽ, 2022 നെതിരെ രാജ്യമെമ്പാടും വൈദ്യുതി മേഖലയിലെ ജീവനക്കാർ കുറേ കാലമായി പ്രക്ഷോഭത്തിലാണെങ്കിലും മാദ്ധ്യമങ്ങളും ബഹുജനവിഭാഗങ്ങളും ഇത് വൈദ്യുതി ജീവനക്കാരുടെ സേവനസംബന്ധമായ എന്തോ പ്രശ്നമെന്ന രീതിയിൽ കാണുകയാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. എന്നാൽ ഇത് വിവിധ തുറകളിലുള്ള ബഹുജനങ്ങളെ ഗുരുതരമായി ബാധിയ്ക്കാനാണ് പോകുന്നത്. ഇക്കാര്യം ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അഖിലേന്ത്യാ പവർ എഞ്ചിനീയേഴ്സ് ഫെഡറേഷന്റെ നേതാവായ അശോക് റാവു The Wire എന്ന മാസികയിൽ The Electricity (Amendment) Bill Will Radically Alter the Character of Power Supply Industry എന്ന തലക്കെട്ടോടെ 30-11-2-22ൽ പ്രസിദ്ധീകരിച്ച ഈ ലേഖനം സ്വതന്ത്ര തർജമ നടത്തിയിരിക്കുന്നത്


വൈദ്യുതി (ഭേദഗതി) ബിൽ, 2022 നിരുപദ്രവകരമായി തോന്നിയേക്കാം. കാരണം അത് നിലവിലുള്ള ഒരു നിയമം ഭേദഗതി ചെയ്യാൻ ശ്രമിക്കുന്നു എന്നു മാത്രമാണ് ആളുകൾ കാണുന്നത്. എന്നിരുന്നാലും, ഭേദഗതികൾക്ക് ദൂരവ്യാപകമായ അനന്തരഫലങ്ങൾ ഉണ്ട് എന്ന കാര്യം മനസ്സിലാക്കേണ്ടതായിട്ടുണ്ട്. അവ നടപ്പിലാക്കപ്പെട്ടാൽ വൈദ്യുതി വിതരണ വ്യവസായത്തിന്റെ സ്വഭാവം തന്നെ സമൂലമായി രൂപാന്തരപ്പെടും. വൈദ്യുതി ജീവനക്കാരും കർഷകരും ബില്ലിനെ എതിർക്കുന്നത് ഇക്കാര്യം തിരിച്ചറിഞ്ഞു കൊണ്ടാണ്.
ബില്ലിനെ സമഗ്രമായി പരിശോധിക്കേണ്ടതുണ്ട് എങ്കിലും അത് വായനക്കാരെ ആദ്യപടിയെന്ന നിലയ്ക്ക് ആശയക്കുഴപ്പത്തിലേയ്ക്ക് നയിച്ചേക്കാം എന്നതിനാൽ ഈ ലേഖനം മൂന്ന് നിർണായക വിഷയങ്ങൾ മാത്രമാണ് പരിശോധിക്കുംന്നത്.
പണം നൽകാൻ കഴിയാത്തവർക്ക് വൈദ്യുതി നിഷേധിക്കാനാകുമോ?
മേൽപ്പറഞ്ഞ ബില്ലിലൂടെ ഭേദഗതികൾ വരുത്താൻ ശ്രമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് വൈദ്യുതിയുടെ താരിഫ് നിർണ്ണയിക്കാനുള്ള അധികാരം വൈദ്യുതി നിയമത്തിന് നൽകുന്നു എന്നതാണ്. ഇത് വാസ്തവത്തിൽ സാധാരണയിൽ നിന്നും വ്യത്യസ്തമായ ഒന്നാണ്. ഈ ഉത്തരവാദിത്തം റെഗുലേറ്ററി കമ്മീഷനുകൾക്ക് നിയമം വ്യവസ്ഥ ചെയ്യുകയാണ് ചെയ്യുന്നത്. നമുക്ക് ഭേദഗതി ബിൽ പരിശോധിയ്ക്കാം.
ബിൽ പറയുന്നു:

  1. പ്രിൻസിപ്പൽ ആക്ടിന്റെ 61-ാം വകുപ്പിൽ, ക്ലോസ് (ജി) യിൽ, ഇനിപ്പറയുന്ന ക്ലോസുകൾ പകരം വയ്ക്കേണ്ടതാണ്, അതായത്:- “(ജി) വൈദ്യുതി വിതരണത്തിന് വേണ്ടി വരുന്ന എല്ലാ വിവേകപൂർണ്ണമായ ചെലവുകളും താരിഫ് വീണ്ടെടുക്കുന്നു; (ജിഎ) കമ്മീഷൻ വ്യക്തമാക്കിയ ഉചിതമായ രീതിയിൽ താരിഫ് ക്രോസ് സബ്‌സിഡികൾ കുറയ്ക്കുന്നു.
    ഒപ്പം,
  2. പ്രിൻസിപ്പൽ ആക്ടിന്റെ സെക്ഷൻ 86-ൽ, ഉപവകുപ്പ് (1),- (എ) “വൈദ്യുതി വിതരണത്തിനായി ചെലവാകുന്ന എല്ലാ വിവേകപൂർണ്ണമായ ചെലവുകളും താരിഫ് വീണ്ടെടുക്കുകയും നിക്ഷേപത്തിന് ന്യായമായ വരുമാനം നൽകുകയും ലൈസൻസികളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു.
    ഏകദേശം 77% ഉപഭോക്താക്കൾക്കും സേവനത്തിനുള്ള ചെലവ് നൽകാൻ കഴിയാത്ത ഒരു രാജ്യത്ത്, സബ്‌സിഡികൾ ഇല്ലാതെ “വിവേകത്തോടെയുള്ള ചെലവുകൾ നടപ്പിലാക്കുന്ന”തിന് പിന്നിലെ ഒരേയൊരു ലക്ഷ്യം സ്വകാര്യ ലൈസൻസികളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക എന്നതാണ്.
    1948ലെ ഇലക്‌ട്രിസിറ്റി (വിതരണ) നിയമവും 2003ലെ ഇലക്‌ട്രിസിറ്റി ആക്‌റ്റും വൈദ്യുത പവർ സംവിധാനത്തിന്റെ പ്രവർത്തനക്ഷമതയും ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് വാങ്ങാനുള്ള ശേഷിയുടെ അഭാവവും തമ്മിലുള്ള താൽപ്പര്യ വൈരുദ്ധ്യം (conflict of interest) തിരിച്ചറിയുകയുണ്ടായി.
    1948 ലെ ഇലക്‌ട്രിസിറ്റി (സപ്ലൈ) ആക്ടിന്റെ സെക്ഷൻ 59 (1) പ്രകാരം, സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡുകൾ താരിഫുകൾ ക്രമീകരിക്കേണ്ടതുണ്ടായിരുന്നു. ഒരു വർഷത്തെ മൊത്തം വരുമാനം, റവന്യൂവിന് കൃത്യമായി ഈടാക്കാവുന്ന എല്ലാ ചെലവുകളും നിറവേറ്റിയതിന് ശേഷം, വർഷത്തിന്റെ തുടക്കത്തിൽ സേവനത്തിലുള്ള ബോർഡിന്റെ സ്ഥിര ആസ്തിയുടെ 3% ൽ കുറയാത്ത മിച്ചം നീക്കി വെയ്ക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നു.
    എല്ലാ സംസ്ഥാന സർക്കാരുകളും 1948ലെ വൈദ്യുതി നിയമം ലംഘിയ്ക്കുകയായിരുന്നു ഉണ്ടായത്. അക്കാലത്തെ ആസൂത്രണ കമ്മീഷൻ സംസ്ഥാന വൈദ്യുതി ബോർഡുകളെക്കുറിച്ചുള്ള ഒരു വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു, അവിടെ നിയമലംഘനത്തിന്റെ പണ മൂല്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
    2003 ലെ ഇലക്‌ട്രിസിറ്റി ആക്‌ട് വന്നപ്പോൾ ഏതെങ്കിലും ഉപഭോക്താവിന് അല്ലെങ്കിൽ ഉപഭോക്താവിന്റെ വിഭാഗത്തിന് ഏതെങ്കിലും സബ്‌സിഡി മുൻകൂറായി സംസ്ഥാന ഗവൺമെന്റുകൾ നൽകണമെന്ന് നിർദ്ദേശിച്ചുകൊണ്ട് സ്വതന്ത്ര റെഗുലേറ്റർമാർ നിർണ്ണയിച്ചിട്ടുള്ള ഈ പ്രശ്നം മറികടക്കാൻ ശ്രമിച്ചു.
    ഈ രണ്ട് നിയമങ്ങളും സേവന ദാതാവിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാനത്തിന്റെ മേൽ ചുമത്തി. എന്നാൽ 2022ലെ ബില്ലാകട്ടെ, സംസ്ഥാനത്തിന്റെ ചുമതല വ്യക്തിഗത ഉപഭോക്താവിന് കൈമാറുകയാണ് ചെയ്യുന്നത്.
    സംസ്ഥാനത്തിന് തന്നെ നിയമം അനുസരിക്കാൻ കഴിയാതെ വന്നിട്ടുളള സാഹചര്യങ്ങളാണ് ഇതുവരെ കണ്ടിട്ടുള്ളത് എന്നിരിയ്ക്കെ, ഒരു വ്യക്തിക്ക് പ്രത്യേകിച്ച് സാമ്പത്തിക ശേഷി ഇല്ലെങ്കിൽ, എങ്ങനെയാണ് നിയമം നടപ്പിലാക്കാൻ കഴിയുക?
    ഫോറം ഓഫ് റെഗുലേറ്റേഴ്‌സ് (FOR) കേന്ദ്ര ഗവൺമെന്റ് രൂപീകരിച്ചതാണ്. കൂടാതെ വൈദ്യുതി മേഖലയിൽ കൂടുതൽ നിയന്ത്രണ ഉറപ്പ് കൈവരിക്കുന്നതിന് രാജ്യത്തുടനീളമുള്ള വൈദ്യുതി റെഗുലേറ്ററി കമ്മീഷനുകളുടെ ഏകോപനം, സമീപനങ്ങളിൽ പുലർത്തേണ്ട സമാനതയുടെ പരിപാലനം എന്നിവയ്ക്ക് FORന് ഉത്തരവാദിത്തമുണ്ട്.
    2022ലെ ബില്ലിനെ വിശകലനം ചെയ്തുകൊണ്ട് FOR ഇപ്രകാരം നിരീക്ഷിച്ചു:
    “ഇന്ത്യൻ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലാണ് വൈദ്യുതി ഉള്ളത്. അതിനാൽ ഈ മേഖലയുടെ വികസനത്തിന് സംസ്ഥാനത്തിനും കേന്ദ്ര സർക്കാരിനും ഉത്തരവാദിത്തമുണ്ട്. ഇത് കണക്കിലെടുത്ത്, 2003 ലെ ഇലക്‌ട്രിസിറ്റി ആക്റ്റ് സംസ്ഥാനത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും റോളും ഉത്തരവാദിത്തങ്ങളും തമ്മിൽ നല്ല സന്തുലിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ, നിയമത്തിലെ നിർദിഷ്ട ഭേദഗതികൾ, പല സ്ഥലങ്ങളിലും, ഈ സന്തുലിതാവസ്ഥ കേന്ദ്ര ഗവൺമെന്റിലേക്ക് മാറ്റാൻ പ്രവണത കാണിക്കുകയാണ്.
    2003ലെ വൈദ്യുതി നിയമത്തിന്റെ മറ്റൊരു ലക്ഷ്യം താരിഫ് നിർണയ പ്രക്രിയയിൽ നിന്ന് സർക്കാരിനെ അകറ്റുക എന്നതായിരുന്നു. ഈ മേഖലയെ നിയന്ത്രിക്കുന്നതിന് ഉത്തരവാദികളായ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ റെഗുലേറ്ററി കമ്മീഷൻ സ്ഥാപിക്കുന്നതിലൂടെയാണ് ഇത് സാധിച്ചെടുത്തത്. അതേ സമയം ഇപ്പോൾ നിർദിഷ്ട ഭേദഗതികളിലൂടെ, വിഷയങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടലുകൾ നിർദ്ദേശിച്ചതിനാൽ ഈ മേഖലയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കയാണ്. അതിനോടൊപ്പം 2003ലെ വൈദ്യുതി നിയമത്തിന്റെ അടിസ്ഥാന ആശയത്തെ ദുർബ്ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. വൈദ്യുതി മേഖലയുടെ സുഗമമായ പ്രവർത്തനത്തിന്റെ താൽപര്യം കണക്കിലെടുത്ത് ഇത്തരം ഭേദഗതികൾ ഒഴിവാക്കേണ്ടത് അനിവാര്യമാണ്.”
    “ഓൾ ഇന്ത്യ പവർ എഞ്ചിനീയേഴ്‌സ് ഫെഡറേഷൻ വേഴ്സസ് സാസൻ പവർ ലിമിറ്റഡി”ൽ സുപ്രീം കോടതി ഇങ്ങനെ പറഞ്ഞു:
    “പൊതുതാൽപ്പര്യത്തിന്റെ ഏതെങ്കിലും ഘടകം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അത്തരം പൊതുതാൽപ്പര്യത്തിന് വിരുദ്ധമായേക്കാവുന്ന ഏതെങ്കിലും വിട്ടുവീഴ്ചകൾ ഉണ്ടായാൽ അതു തടയാൻ കോടതി ഇടപെടും. ഈ കേസിന്റെ വസ്തുതകൾ പരിശോധിച്ചാൽ, വൈദ്യുതി നിരക്ക് ബാധിക്കുമ്പോൾ, ഉപഭോക്തൃ താൽപ്പര്യം കടന്നുവരുകയും പൊതുതാൽപ്പര്യത്തെ ബാധിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാണ്. വൈദ്യുതി നിയമത്തിന്റെ 61 മുതൽ 63 വരെയുള്ള വകുപ്പുകളിൽ ഇത് നിയമപരമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. സെക്ഷൻ 61 പ്രകാരം, താരിഫ് നിർണയിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും വ്യക്തമാക്കുന്ന ഉചിതമായ കമ്മീഷൻ, ഉപഭോക്തൃ താൽപ്പര്യം സംരക്ഷിക്കുന്നതിനും ന്യായമായ രീതിയിൽ വൈദ്യുതിയുടെ ചെലവ് വീണ്ടെടുക്കുന്നതിനും വഴികാട്ടിയാവേണ്ടതുണ്ട്. ഈ ആവശ്യത്തിനായി, മത്സരം, കാര്യക്ഷമത, മികച്ച പ്രകടനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളും ശ്രദ്ധിക്കേണ്ടതാണ്.”