വൈദ്യുതി മേഖലയെ പൊതുമേഖലയിൽ സംരക്ഷിക്കാൻ തലസ്ഥാനത്ത് ജീവനക്കാരും പെൻഷൻകാരും തീർത്ത സംരക്ഷണ ചങ്ങലയ്ക്ക് ആവേശകരമായ പങ്കാളിത്തം. വൈദ്യുതി നിയമ ഭേദഗതി പാസാക്കാനുള്ള ജനവിരുദ്ധ നടപടിക്കെതിരെ തലസ്ഥാനത്ത് ഒഴുകിയെത്തിയ ആയിരങ്ങള്‍ വൈദ്യുതി ഭവന്‍ മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യമതില്‍ തീര്‍ത്തു. കേന്ദ്ര വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിച്ച് വൈദ്യുതി ചാർജ് കുത്തനെ ഉയർത്തി പാവപ്പെട്ടവർക്കും കൃഷിക്കാർക്കും ചെറുകിട വ്യവസായികൾക്കും വൈദ്യുതി അപ്രാപ്യമാക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പിൻവലിക്കുക, സബ്സിഡിയും ക്രോസ് സബ്സിഡിയും സംരക്ഷിക്കുക, വൈദ്യുതി വിതരണ മേഖലയിൽ ഇടപെടാനും നിയമങ്ങൾ നിർമ്മിക്കാനുമുള്ള സംസ്ഥാന സർക്കാരുകളുടെ അധികാരം ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മനുഷ്യ ചങ്ങല. നാഷണൽ കോഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയർസ് കേരള ഘടകമാണ് തലസ്ഥാനത്ത് പട്ടം വൈദ്യുതി ഭവൻ മുതൽ രാജ്ഭവൻ വരെ വൈദ്യുതി മേഖല സംരക്ഷണ ചങ്ങല സൃഷ്ടിച്ചത്.
സംസ്ഥാനത്തെ ആയിരക്കണക്കിനു ജീവനക്കാരും പെൻഷൻകാരും കോൺട്രാക്ടർമാരും തൊഴിലാളികളും ചങ്ങലയിൽ ചേർന്നു മുന്നിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ പ്രസിഡന്റുമായ എളമരം കരിയും എംപി ആദ്യകണ്ണിയായി പട്ടം വൈദ്യുതി ഭവന് മുന്നിൽ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ട്രഷറർ എച്ച് സജു അവസാന കണ്ണിയായി. നാലു കിലോമീറ്ററിൽ സംഘടിപ്പിച്ച ചങ്ങലയിൽ 8000 ലേറെ പേർ നേരിട്ട് പങ്കെടുത്തതായാണ് കണക്കാക്കുന്നത്. തുടർന്ന് രാജ്ഭവന്റെ മുന്നിൽ നടന്ന പൊതുയോഗം എളമരം കരിയും എംപി ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറിയും ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റുമായ കാനം രാജേന്ദ്രൻ അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി.
വര്‍ക്കേഴ്സ് ഫെഡറേഷന്‍ എംപി ഗോപകുമാർ ചങ്ങലയിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ് കുമാർ, ബാലകൃഷ്ണപിള്ള, എംജി അനന്തകൃഷ്ണൻ, ഷാജഹാൻ കെ സി, സിബു പി എസ് നായിഡു എസ് സിലാൽ, പ്രദീപ് നെയ്യാറ്റിൻകര എന്നിവർ സംസാരിച്ചു