ഇന്ത്യൻ ഇലക്‌ട്രിസിറ്റി ഗ്രിഡ് കോഡ് 2023 (പുതിയ ഗ്രിഡ് കോഡ്) 2023 ഒക്ടോബർ 1-ന് നിലവിൽ വന്നു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പുനരുപയോഗ ഊര്‍ജ്ജ ഉത്പാദനം ഗ്രിഡിന്റെ സുരക്ഷയെ ബാധിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ അത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുംവിധമുള്ള നിബന്ധനകളാണ് പുതിയ ഗ്രിഡ് കോഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അന്തര്‍സംസ്ഥാനപ്രസരണ ചാര്‍ജ്ജ് സംബന്ധിച്ച റഗുലേഷനും ജനറല്‍ നെറ്റ്‌വര്‍ക്ക് ആക്സസ് സംബന്ധിച്ച റഗുലേഷനും ഒക്ടോബര്‍ ഒന്നുമുതല്‍തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
ഗ്രിഡിന്റെ സുരക്ഷയും ഓരോ പ്രദേശത്തേയും ഊര്‍ജ്ജ ആവശ്യകതയും ഉറപ്പുവരുത്തുന്നതിന് സെക്യൂരിറ്റി കൺസ്ട്രെയിൻഡ് യൂണിറ്റ് കമ്മിറ്റ്‌മെന്റ് (Security Constrained Unit Commitment: SCUC) സങ്കേതം ഉപയോഗപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശമാണ് ഗ്രിഡ് കോഡിലുള്ളത്. ഒരു വൈദ്യുതി നെറ്റ്‌വര്‍ക്കില്‍ ഉണ്ടാകുന്ന അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിന് ഒട്ടേറെ സാദ്ധ്യതകള്‍ ഉണ്ടായിരിക്കുമ്പോള്‍ അതില്‍ ഏതാണ് കൂടുതല്‍ മെച്ചപ്പെട്ടതെന്ന് കണ്ടെത്തുന്നതിനുള്ള ഒപ്ടിമൈസേഷന്‍ അല്‍ഗോരിതമാണ് SCUC. വിസ്താരഭയത്താല്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തുന്നില്ല. SCUC അടിസ്ഥാനത്തിലുള്ള സെക്യൂരിറ്റി കൺസ്ട്രെയിൻഡ് ഇക്കണോമിക് ഡെസ്പാച്ച് (Security Constrained Economic Despatch: SCED) നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഗ്രിഡ് കോഡില്‍ ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ സിസ്റ്റം ഓപ്പറേറ്ററുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വിതരണ യൂട്ടിലിറ്റികളും ഉത്പാദകരും ബാധ്യസ്ഥരായിരിക്കും. SCUC അടിസ്ഥാനത്തിലുള്ള വൈദ്യുതി ശൃംഖലയുടെ നിയന്ത്രണം കുറഞ്ഞ വേരിയബിൾ കോസ്റ്റ് ഉള്ള സ്രോതസ്സുകളുടെ ഫലപ്രദമായ ഉപയോഗം ഉറപ്പുവരുത്താനും അതുവഴി വൈദ്യുതി വിതരണ യൂട്ടിലിറ്റികളുടെ ചെലവ് കുറച്ച് വൈദ്യുതി വില നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കുമെന്നാണ് ഗ്രിഡ് കോഡ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സോളാര്‍ അടക്കമുള്ള പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ക്ക് മാര്‍ജിനല്‍ വേരിയബിള്‍ കോസ്റ്റ് ഇല്ല എന്നത് കണക്കിലെടുക്കുമ്പോള്‍ ഇത് എങ്ങിനെയാണ് പ്രവര്‍ത്തിക്കുക എന്നത് എന്നത് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്.
പുനരുപയോഗ ഊര്‍ജ്ജം കൂടുതലായി ഉപയോഗപ്പെടുത്തുന്നത് ഉണ്ടാക്കുന്ന ഗ്രിഡ് സുരക്ഷയുടേയും മറ്റും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വിവിധ പുനരുപയോഗ നിലയങ്ങളെ ഏകോപിപ്പിക്കുന്നതിനും അവയില്‍ നിന്നുള്ള വൈദ്യുതി കാര്യക്ഷമതയോടെ ഷെഡ്യൂള്‍ ചെയ്യുന്നതിനും കോർഡിനേറ്റിംഗ് ഏജൻസിയുടെ (Qualified Coordinating Agency: QCA) ചുമതലയായിരിക്കും. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ പൂര്‍ണ്ണതോതില്‍ ഉപയോഗപ്പെടുത്തുമ്പോള്‍ മറ്റു നിലയങ്ങളിലെ ഉത്പാദനം വലിയ തോതില്‍ കുറക്കേണ്ടി വരും. ചില നിലയങ്ങള്‍ക്ക് മിനിമം ഉത്പാദനം പോലും സാധ്യമാവാത്ത സാഹചര്യവും ഉണ്ടാകും. ഇത്തരം ഘട്ടങ്ങളില്‍ നിലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ചും കോഡ് പ്രതിപാദിക്കുന്നുണ്ട്. ഫ്രീക്വൻസി കൺട്രോൾ, വോൾട്ടേജ് കൺട്രോൾ, ബ്ലാക്ക് സ്റ്റാർട്ട് എന്നിവയുൾപ്പെടെ വിവിധ സേവനങ്ങള്‍ എങ്ങിനെയെന്നും അവക്കെല്ലാമുള്ള നഷ്ടപരിഹാരം സംബന്ധിച്ചും ഗ്രിഡ് കോഡ് പ്രതിപാദിക്കുന്നുണ്ട്. സ്വാഭാവികമായും വിപുലമായ ഒരു ഡറിവേറ്റീവ് മാര്‍ക്കറ്റ് (Derivative Market) സാദ്ധ്യതയാണ് ഗ്രിഡ് കോഡ് തുറന്നുവെക്കുന്നത്.
ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് (ജിഎൻഎ)
ജനറല്‍ നെറ്റ്‌വര്‍ക്ക് ആക്സസ് റഗുലേഷനിലെ മുഴുവന്‍ വ്യവസ്ഥകളും 2023 ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇതുവരെ പ്രസരണ ശൃംഖലയില്‍ ഓപ്പണ്‍ ആക്സസ് അനുവദിക്കുന്നത് വൈദ്യുതി വാങ്ങല്‍ക്കരാറുകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു. എന്നാല്‍ ഓപ്പണ്‍ ആക്സസും വൈദ്യുതി വാങ്ങല്‍ക്കരാറുകളും തമ്മിലുള്ള ബന്ധം അവസാനിപ്പിച്ചിരിക്കുന്നു എന്നതാണ് ജി.എന്‍.എ. റഗുലേഷനില്‍ വന്നിട്ടുള്ള പ്രധാന മാറ്റം.
ഒരു സംസ്ഥാനത്തിന് ഒരു നിശ്ചിത ജി.എന്‍.എ. അനുവദിക്കപ്പെട്ടാല്‍ അതിന്റെ പരിധിക്കുള്ളില്‍ നിന്ന് ഏത് തരം വൈദ്യുതിക്കരാറിലും ഏര്‍പ്പെടാന്‍ ആ സംസ്ഥാനത്തിന് അവകാശമുണ്ടായിരിക്കും. ലോങ്ങ് ടേം, മീഡിയം ടേം, ഷോര്‍ട്ട് ടേം കരാറുകളെല്ലാം കൂട്ടിയാല്‍ ജി.എന്‍.എ. പരിധിക്കുള്ളില്‍ നില്‍ക്കണം എന്ന നിബന്ധന മാത്രമേ ഉള്ളൂ. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതിക്ക് പ്രസരണ ചാര്‍ജ്ജ് നല്‍കേണ്ടതില്ല എന്നതിനാല്‍ ജി.എന്‍.എ. പരിധിക്കുള്ളില്‍ പുനരുപയോഗ ഊര്‍ജ്ജം കൂടുതലായി ഉപയോഗപ്പെടുത്തുന്നത് ആ സംസ്ഥാനത്തിന്റെ ട്രാന്‍സ്മിഷന്‍ ചാര്‍ജ്ജുകളില്‍ കുറവ് വരുത്താന്‍ ഉപകരിക്കുമെന്നതിനാല്‍ പുനരുപയോഗ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തിന് വേഗത കൂട്ടുമെന്ന് റഗുലേഷന്‍ പ്രതീക്ഷിക്കുന്നു. വൈദ്യുതി സംഭരണ സംവിധാനങ്ങള്‍ (Energy Storage Systems) പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം പദ്ധതികളില്‍ നിന്നുള്ള വൈദ്യുതിക്ക് പ്രസരണ ചാര്‍ജ് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഓരോ സംസ്ഥാനത്തിന്റേയും ജി.എന്‍.എ. നിശ്ചയിച്ചിരിക്കുന്നത് കഴിഞ്ഞ മൂന്നു വര്‍ഷത്തെ വൈദ്യുതി ഇറക്കുമതി കണക്കാക്കിയാണ്. ഇതില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അവകാശമുണ്ടായിരിക്കും. എന്നാല്‍ നിശ്ചയിക്കപ്പെട്ട ജി.എന്‍.എ.ക്ക് പുറത്ത് വൈദ്യുതി ഉപയോഗപ്പെടുത്തിയാല്‍ പിഴ ഒടുക്കേണ്ട സാഹചര്യം ഉണ്ടാകും. താല്‍ക്കാലിക ജി.എന്‍.എ. എന്ന നിലയില്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അധിക ജി.എന്‍.എ. ആവശ്യപ്പെടാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയും. ഇങ്ങിനെ എടുക്കുന്ന താല്‍ക്കാലിക ജി.എന്‍.എ.ക്ക് 10% നിരക്ക് അധികമായിരിക്കും. താല്‍ക്കാലിക ജി.എന്‍.എ. അനുവദിക്കപ്പെട്ടാലും ജി.എന്‍.എ. പ്രകാരമുള്ള വൈദ്യുതി ഷെഡ്യൂള്‍ ചെയ്തതിന് ശേഷം ബാക്കിയുള്ള പ്രസരണ ശേഷി മാത്രമേ താല്‍ക്കാലിക ജി.എന്‍.എ. ക്ക് ലഭ്യമാകുകയുള്ളൂ. ജി.എന്‍.എ.യും താല്‍ക്കാലിക ജി.എന്‍.എ.യും കൃത്യമായി ആസൂത്രണം ചെയ്ത് പ്രസരണച്ചെലവുകള്‍ കുറഞ്ഞ നിലയില്‍ ക്രമീകരിക്കാന്‍ കഴിയുമെന്നാണ് റഗുലേഷന്‍ പ്രതീക്ഷിക്കുന്നത്.
(കെ.എസ്.ഇ.ബി.ഒ.എ. ന്യൂസ് മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)