കെഎസ്‌ഇബിയെ പൊതുമേഖലയിൽ സംരക്ഷിക്കാൻ ബഹുജന പ്രക്ഷോഭം ഉയരുന്നു

173

കെഎസ്‌ഇബിയിലെ ഏതാണ്ട്‌ 70 ശതമാനത്തിലധികം ഓഫീസർമാരെ പ്രതിനിധീകരിക്കുന്ന ഓഫീസേഴ്‌സ്‌ അസോസിയേഷൻ ഏപ്രിൽ ആദ്യവാരം മുതൽ സമാനതകളില്ലാത്ത ഉജ്വലമായ പ്രക്ഷോഭത്തിലായിരുന്നു. 2022 മാർച്ച്‌ 28, 29 തീയതികളിൽ നടന്ന ദേശീയ പണിമുടക്ക്‌ പൊളിക്കാൻ ബോർഡ്‌ മാനേജ്‌മെന്റ്‌ സ്വീകരിച്ച ധാർഷ്‌ട്യത്തിന്റെയും അമിതാധികാര നടപടികളുടെയും ഫലമാണ്‌ സമരത്തുടക്കം. സംഘടനാ നേതാവുകൂടിയായ ശ്രീമതി ജാസ്‌മിൻ ബാനുവിനെ സസ്‌പെൻഡ്‌ ചെയ്യുകയും പരാതി നൽകാൻ ചെന്ന ജാസ്‌മിൻ ബാനുവിനെ സ്‌ത്രീവിരുദ്ധ പരാമർശത്തിലൂടെ അവഹേളിക്കുകയും ചെയ്‌തതിനെ തുടർന്ന്‌ ഏപ്രിൽ 5ന്‌ വനിതാ സബ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവനുമുന്നിൽ അർദ്ധദിന വനിതാ സത്യഗ്രഹം നടത്തുവാൻ തീരുമാനിച്ചു. 75ഓളം വനിതകളെ പങ്കെടുപ്പിച്ച്‌ നടത്താൻ നിശ്ചയിച്ച സത്യഗ്രഹത്തെ തടഞ്ഞുകൊണ്ടും ഡയസ്‌നോൺ പ്രഖ്യാപിച്ചുകൊണ്ടും പരിപത്രമിറക്കിയും സംസ്ഥാനത്തെ മുഴുവൻ ഓഫീസർമാരെയും ഉൾപ്പെടുത്തി അരദിവസത്തെ തുടർ മീറ്റിംഗ്‌ പ്രഹസനം പ്രഖ്യാപിച്ചുമാണ്‌ ബോർഡ്‌ മാനേജ്‌മെന്റ്‌ അതിനെ നേരിട്ടത്‌. വനിത-പുരുഷ വ്യത്യാസമില്ലാതെ അഞ്ഞൂറിലധികം സംഘടനാംഗങ്ങളെ പങ്കെടുപ്പിച്ച്‌ അർദ്ധദിന സത്യഗ്രഹം നടത്തിയാണ്‌ സംഘടന അതിനെ പ്രതിരോധിച്ചത്‌.
5-ാം തീയതിയിലെ പ്രക്ഷോഭത്തെ തുടർന്ന്‌ സംഘടനയുടെ പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും അന്യായമായി സസ്‌പെൻഡ്‌ ചെയ്‌ത്‌ കൂടുതൽ പ്രകോപനം സൃഷ്‌ടിക്കാനാണ്‌ മാനേജ്‌മെന്റ്‌ മുതിർന്നത്‌. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ഓഫീസർമാരെ സംഘടിപ്പിച്ച്‌ പ്രവർത്തനങ്ങളും സമരങ്ങളും നടത്തിയെന്നതിനാണ്‌ നേതാക്കന്മാരുടെ സസ്‌പെൻഷൻ എന്നായിരുന്നു മാനേജ്‌മെന്റിന്റെ വാദം.
സ്വാഭാവികമായും മാനേജ്‌മെന്റിന്റെ അനാവശ്യവും പ്രതികാരപരവുമായ നടപടികളിൽ പ്രതിഷേധിക്കാനും ശക്തമായ പ്രക്ഷോഭങ്ങളിലേക്ക്‌ പോകാനും സംഘടന നിർബന്ധിതമായി. 7, 8 തീയതികളിൽ കരിദിനമാചരിച്ച്‌ വിവിധ ഓഫീസുകൾക്കുമുമ്പിൽ വിശദീകരണ യോഗങ്ങളും സംഘടിപ്പിച്ചു. എന്നാൽ, മാനേജ്‌മെന്റ്‌ സ്വയം തിരുത്തുന്നതിന്‌ പകരം കൂടുതൽ പ്രതികാര നടപടികളിലേക്ക്‌ നീങ്ങുകയാണ്‌ ചെയ്‌തത്‌. അതോടെ ശക്തമായ പ്രത്യക്ഷ സമരങ്ങളിലേക്ക്‌ പോകുകയല്ലാതെ സംഘടനയ്‌ക്ക്‌ മറ്റ്‌ മാർഗമില്ലാതായി. ഏപ്രിൽ 11 മുതൽ റിലേ സത്യഗ്രഹം ആരംഭിച്ചു. എന്നാൽ, നീതികരിക്കാനാകാത്ത സസ്‌പെൻഷനാണ്‌ ജാസ്‌മിന്റേത്‌ എന്ന്‌ കോടതി പറഞ്ഞിട്ടുപോലും ജാസ്‌മിനെയടക്കം സസ്‌പെൻഷനിലായ മൂന്നുപേരെയും ദൂരസ്ഥലങ്ങളിലേക്ക്‌ മാറ്റി പുനർനിയമിക്കുന്ന ധാർഷ്‌ട്യമാണ്‌ മാനേജ്‌മെന്റ്‌ സ്വീകരിച്ചത്‌. മാത്രമല്ല, പൊതുപണിമുടക്കിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്ത ഓഫീസർമാരെ തിരഞ്ഞുപിടിച്ച്‌ സ്ഥലംമാറ്റിക്കൊണ്ട്‌ കൂടുതൽ പ്രതികാരനടപടികളിലേക്ക്‌ പോകുന്ന സമീപനമാണ്‌ ബോർഡ്‌ മാനേജ്‌മെന്റ്‌ സ്വീകരിച്ചത്‌. സംഘടനയെയും സംഘടനാ നേതാക്കളെയും സ്ഥാപനത്തെയും ജീവനക്കാരെയും അപകീർത്തിപ്പെടുത്താനും മാധ്യമ വിചാരണയ്‌ക്ക്‌ വിധേയമാക്കുവാനുമുള്ള ശ്രമങ്ങളുമുണ്ടായി. മാധ്യമങ്ങളിലൂടെ തുടർച്ചയായി സ്‌ത്രീവിരുദ്ധത പ്രചരിപ്പിക്കുക, ജാതീയത പ്രചരിപ്പിക്കുക തുടങ്ങിയ പ്രവർത്തികളും പലരിൽനിന്നുമുണ്ടായി. ഇത്തരം അസംബന്ധ പ്രചാരണങ്ങൾക്ക്‌ സമൂഹത്തിലെ പുഴുക്കുത്തുകളായ അശ്ലീല വ്‌ളോഗർമാർ പ്രോത്സാഹനം നൽകുന്ന ലജ്ജാകരമായ ദൃശ്യങ്ങൾക്ക്‌ ബോർഡ്‌ ജീവനക്കാരും ബഹുജനങ്ങളും സാക്ഷ്യം വഹിച്ചു.
ഏപ്രിൽ 19ന്‌ ഏതാണ്ട്‌ 1200ൽ അധികം ഓഫീസർമാർ പങ്കെടുത്തുകൊണ്ട്‌ വൈദ്യുതി ഭവൻ വളയൽ സമരം നടന്നു. സമരം തകർക്കാനുള്ള എല്ലാ തിട്ടൂരങ്ങളെയും പോലീസ്‌ വിന്യാസങ്ങളെയും അതിജീവിച്ചുകൊണ്ട്‌ ഓഫീസർമാർ തങ്ങളുടെ ആത്‌മാഭിമാനം സംരക്ഷിക്കുവാനും സ്ഥാപനത്തെ സംരക്ഷിക്കുവാനും അണിനിരന്നു.
യഥാർത്ഥത്തിൽ കേവലമായ ഒരു

സസ്‌പെൻഷനും അനുബന്ധ നടപടികളും മാത്രമായിരുന്നില്ല പ്രക്ഷോഭത്തിന്റെ കാരണം. പുതിയ മാനേജ്‌മെന്റ്‌ ചുമതലയേറ്റ നാൾമുതൽ സ്വീകരിച്ചുവരുന്ന സ്ഥാപനവിരുദ്ധ-തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കെതിരെയും സംഘടനാ പ്രവർത്തനങ്ങൾക്ക്‌ കൂച്ചുവിലങ്ങിടുവാനുള്ള ഉത്തരവുകൾക്കും നടപടികൾക്കുമെതിരായി നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ച തന്നെയാണ്‌ ഇപ്പോൾ നടന്നുവരുന്ന പ്രക്ഷോഭങ്ങളും.
രാജ്യത്തുതന്നെ ഉൽപ്പാദന പ്രസരണ വിതരണ മേഖലകളെ ഒരു കുടക്കീഴിൽ ഒറ്റ പൊതുമേഖലാ സ്ഥാപനമായി നിലനിർത്തി സംരക്ഷിച്ചുപോരുന്ന വൈദ്യുത യൂട്ടിലിറ്റിയാണ്‌ കെഎസ്‌ഇബി. എന്നാൽ, രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി മേഖല വിഭജിക്കപ്പെടുകയോ സ്വകാര്യവൽക്കരിക്കപ്പെടുകയോ ചെയ്‌തിട്ടുണ്ട്‌. കേരളത്തിലെ മഹാഭൂരിപക്ഷം വൈദ്യുതി തൊഴിലാളികളുടെയും ഓഫീസർമാരുടെയും ശക്തമായ ഇടപെടലുകൾകൊണ്ട്‌ മാത്രമാണ്‌ കെഎസ്‌ഇബി പൊതുമേഖലയിൽ സംരക്ഷിക്കപ്പെടുന്നത്‌. രാജ്യത്തിനു തന്നെ മാതൃകയായി കേരളത്തിലെ മറ്റ്‌ മേഖലകൾ പോലെതന്നെ ബദൽ നയങ്ങൾ ശക്തമായി നടപ്പാക്കി തന്നെയാണ്‌ മുന്നേറുന്നത്‌. വൈദ്യുതി മേഖലയെ സമ്പൂർണ സ്വകാര്യവൽക്കരണത്തിലേക്ക്‌ തള്ളിവിടുന്ന കേന്ദ്രനയങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിച്ചും സമരം ചെയ്‌തും തന്നെയാണ്‌ കെഎസ്‌ഇബി ഈ രൂപത്തിൽ നിലനിൽക്കുന്നത്‌.
വൈദ്യുതി നിയമ ഭേദഗതിക്കെതിരെ രാജ്യത്താകെ വൈദ്യുതി തൊഴിലാളികൾ വലിയ ചെറുത്തുനിൽപ്പാണ്‌ നടത്തുന്നത്‌. ചരിത്രപരമായ കർഷക സമരത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നുപോലും വൈദ്യുതി നിയമഭേദഗതി എന്നതായിരുന്നുവെന്ന്‌ ഇത്തരുണത്തിൽ സ്‌മരിക്കുന്നു. രാജ്യത്തെ വൈദ്യുതി മേഖലയെ കോർപറേറ്റുകൾക്ക്‌ തുറന്നുകൊടുക്കുന്ന നിയമ ഭേദഗതിക്കെതിരായ പോരാട്ടങ്ങൾക്ക്‌ ശക്തിയും ഊർജവും പകരുന്നതാണ്‌ കെഎസ്‌ഇബിയും കേരള ബദൽ നയങ്ങളും എന്നത്‌ നിസ്‌തർക്കമാണ്‌. ഈ മേഖലയിലെ ചെറുത്തുനിൽപ്പ്‌ സമരങ്ങൾമൂലം പാർലമെന്റിൽ അവതരിപ്പിക്കാൻ കഴിയാത്ത ഭേദഗതിയിലെ നിർദേശങ്ങൾ വളഞ്ഞവഴിയിൽ കേന്ദ്രഭരണ പ്രദേശങ്ങളിൽ നടപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഇതിനെയെല്ലാം പോരാടി തോൽപ്പിക്കാൻ വൈദ്യുതി തൊഴിലാളികൾക്ക്‌ കഴിയുന്നത്‌ കേരള മാതൃകയും കെഎസ്‌ഇബിയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ്‌ എന്നത്‌ നിസ്‌തർക്കമാണ്‌. അതുകൊണ്ടുതന്നെ കെഎസ്‌ഇബിയുടെ തകർച്ചയ്‌ക്ക്‌ ആവശ്യമായ കോപ്പുകൂട്ടലുകൾ ദേശീയതലത്തിൽ തന്നെ അരങ്ങേറുന്നുണ്ട്‌ എന്നത്‌ രഹസ്യമല്ല. എന്നാൽ, ഇത്തരം കോപ്പുകൂട്ടലുകളെയെല്ലാം ചെറുത്തുകൊണ്ടുതന്നെ പ്രവർത്തന മികവിലൂടെ കുറഞ്ഞ താരിഫിലുമടക്കം കെഎസ്‌ഇബി രാജ്യത്തെ മികച്ച യൂട്ടിലിറ്റിയായി മാറിക്കഴിഞ്ഞിരിക്കുന്നു. നീതി ആയോഗ്‌ ഉൾപ്പെടെ ഇത്‌ അംഗീകരിച്ചുപോകുന്നു എന്നത്‌ ശ്രദ്ധേയം. കെഎസ്‌ഇബി കേരളത്തിലെ ഒന്നാം നമ്പർ ആയത്‌ കാലാകാലങ്ങളിലെ ബോർഡ്‌ മാനേജ്‌മെന്റും ഓഫീസർ, തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി നിന്നുകൊണ്ട്‌ നടപ്പാക്കിയിട്ടുള്ള കേരള ബദൽ ജനപക്ഷ നിലപാടുകൾ, ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണം, അവയുടെ നടപ്പാക്കൽ എന്നിവ കാരണമാണ്‌.
എന്നാൽ, പുതിയ മാനേജ്‌മെന്റ്‌ ചുമതലയേറ്റശേഷം സ്ഥിതിയാകെ മാറിയിരിക്കുന്നു. ഏകാധിപത്യപരമായ തീരുമാനങ്ങളിലൂടെ കേരള ബദലിന്‌ അനുസൃതമല്ലാത്ത സമീപനങ്ങൾ പ്രകടമാക്കുന്നു. സ്ഥാപനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കാനുതകുന്ന നിരവധി തീരുമാനങ്ങളുമായി മാനേജ്‌മെന്റ്‌ വരുകയും അവയെ തിരിച്ചറിഞ്ഞ തൊഴിലാളി-ഓഫീസർ സംഘടനകൾ ശക്തമായി ഇടപെടുകയും ഒരു ഘട്ടത്തിൽ സംയുക്ത പ്രക്ഷോഭം വരെ നടത്തുകയും ചെയ്‌തു. യൂണിഫോം വാങ്ങൽ, ഇ-വെഹിക്കിൾ വാങ്ങാനുള്ള തീരുമാനം, 65-ാം വാർഷിക ആഘോഷം, പിആർഒ കരാർ നിയമനവും ദുർചെലവുകളും, ഐടി മേഖലയിൽ കോർപറേറ്റ്‌വൽക്കരണം തുടങ്ങി ആവർത്തന െചലവ്‌ വർധിപ്പിക്കുന്ന നിരവധി തീരുമാനങ്ങൾ ഏകപക്ഷീയമായി നടപ്പാക്കാൻ ശ്രമിക്കുന്നു. മാത്രമല്ല, ദീർഘകാലത്തോളം ബോർഡിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്ന, യാതൊരു ആസൂത്രണവും പഠനവും ദീർഘവീക്ഷണവുമില്ലാത്ത ധനനിക്ഷേപ പദ്ധതികളാണ്‌ റെഗുലേറ്ററി കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളത്‌. വസ്‌തുനിഷ്‌ഠമായ പഠനമില്ലാതെ ലാഭക്കണക്ക്‌ പ്രസിദ്ധീകരിച്ച്‌ അർഹമായ താരിഫ്‌ വർധനവ്‌ നേടിയെടുക്കാൻ കഴിയാത്ത സാഹചര്യമൊരുക്കിയിരിക്കുന്നു. ഇത്തരത്തിൽ പൊടുന്നനെ ബോർഡിനെ സാമ്പത്തിക തകർച്ചയിലേക്ക്‌ നയിക്കാനുള്ള ശ്രമം കാണാതെ വയ്യ.
മറുവശത്ത്‌ സ്ഥാപനത്തെ തന്നെ ജനങ്ങളുടെ ഇടയിൽ ഇകഴ്‌ത്തുന്ന തരത്തിൽ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയും മാധ്യമങ്ങൾ വഴിയും തെറ്റായ പ്രചാരണങ്ങൾ നടത്തുന്നു. എന്നും സ്ഥാപനത്തിന്റെ ഉത്തമ താൽപ്പര്യങ്ങൾക്ക്‌ മാത്രം നിന്നിട്ടുള്ള ജീവനക്കാരെ പ്രത്യേകിച്ച്‌ വനിതാ ജീവനക്കാരെ മാധ്യമ വിചാരണയ്‌ക്ക്‌ ഇട്ടുകൊടുക്കുന്ന പ്രവണതയും കാണുന്നു. ഇത്തരം പ്രചാരണങ്ങൾക്ക്‌ വേണ്ട പ്രോത്സാഹനം നൽകാൻ 2003 മുതൽ തന്നെ കെഎസ്‌ഇബിയെ വിഭജിച്ച്‌ വിവിധ കമ്പനികളാക്കണമെന്നും സ്വകാര്യവൽക്കരിക്കണമെന്നും പരസ്യനിലപാട്‌ സ്വീകരിച്ചിട്ടുള്ള കാറ്റഗറി എൻജിനീയർ സംഘടന മുൻപന്തിയിലുണ്ട്‌. ഇത്തരം പ്രവർത്തനങ്ങൾ സ്ഥപനത്തെ ജനങ്ങളിൽനിന്നും അകറ്റാനുള്ള ബോധപൂർവം നടത്തുന്ന ശ്രമത്തിന്റെ ഭാഗമല്ലേ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്തരം പ്രവണതകളെയും തീരുമാനങ്ങളെയും എതിർക്കുന്ന കേരള ബദൽ ഉയർത്തിപ്പിടിക്കുന്ന തൊഴിലാളി-ഓഫീസർ സംഘടനകളെ തകർക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടക്കുന്നു. സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ തന്നെ തടയുന്ന നിരവധി പരിപത്രങ്ങൾ ഇതിനോടകംതന്നെ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഓഫീസർ-തൊഴിലാളി സംഘടനകളെ തെറ്റിക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. കോർപറേറ്റ്‌ ഓഫീസിൽ സംഘടനാ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന്‌ സിഐഎസ്‌എഫിനെ നിയമിക്കാനുള്ള തീരുമാനങ്ങളും തുടർന്ന്‌ നടന്ന സംയുക്ത പ്രക്ഷോഭങ്ങളും ഇത്തരുണത്തിൽ ഓർമിക്കണം.
കേരള ബദൽ നയങ്ങളിലൂടെ വികസന രംഗത്ത്‌ കുതിച്ചുചാട്ടം നടത്തുന്ന കേരളത്തിലെ വികസനങ്ങൾക്ക്‌ നാഴികക്കല്ലാകേണ്ട വൈദ്യുതി മേഖലയുടെ തകർച്ചയ്‌ക്ക്‌ തുടക്കം കുറിക്കുന്ന രാഷ്‌ട്രീയത്തെ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചതന്നെയായി ഈ സമരം മാറിയത്‌. സമരം ആരംഭിച്ചതുമുതൽ വിവിധ സർവീസ്‌ തൊഴിലാളി സംഘടനകളുടെ അഭൂതപൂർവമായ പിന്തുണയും ഐക്യപ്പെടലുമാണ്‌ ദൃശ്യമായത്‌. ചെറുന്യൂനപക്ഷം ജനവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാനേജ്‌മെന്റിന്റെ ദുഷ്‌ടലാക്കോടെയുള്ള പ്രവർത്തികൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അവരെയൊക്കെ വസ്‌തുതകൾ ബോധ്യപ്പെടുത്താൻ സംഘടനയ്‌ക്ക്‌ കഴിഞ്ഞു.
തീർച്ചയായും ഈ വ്യവസായത്തിലെ തൊഴിലാളികളുടെയും ഓഫീസർമാരുടെയും വിയർപ്പിലൂടെയും രക്തത്തിലൂടെയും കെട്ടിപ്പടുത്ത ഈ മഹത്തായ സ്ഥാപനത്തെ തകർക്കാൻ ഒരു ശക്തിക്കുമാകില്ല. കേരള ജനത നെഞ്ചോട്‌ ചേർത്തുപിടിക്കുന്ന ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ സംരക്ഷകരായി, കാവൽക്കാരായി ഈ വ്യവസായത്തിലെ ആത്മാഭിമാനമുള്ള തൊഴിലാളികളും ഓഫീസർമാരും ഒറ്റക്കെട്ടായി ഒരു മനസ്സായി ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതിനുവേണ്ടിയുള്ള പോരാട്ടത്തിൽ രക്തം ചീന്തിയും കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ മുൻനിരയിൽത്തന്നെ ഉണ്ടാകും.