‘ഇത്തിരി നേരം ഒത്തിരി കാര്യം’ – കണ്ണൂരില്‍ വനിതാ കൂട്ടായ്മ

532

ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പ്രമേയത്തില്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ വനിതാസബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വനിതാകൂട്ടായ്മയെ കുറിച്ച് തലശ്ശേരി ഡിവിഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ രമ്യ എഴുതിയ കുറിപ്പ് :

കെ.എസ് ഇബി ഓഫീസേഴ്സ് അസോസിയേഷനിലെ വനിതകള്‍ക്കായി ഒരുക്കിയ മുഴുദിന പരിപാടി എന്നല്ലാതെ കണ്ണുരിലേക്ക് ബസ് കയറുമ്പോള്‍ ഉള്ളടക്കത്തെ കുറിച്ച് വലിയധാരണകള്‍ ഒന്നും ഇല്ലായിരുന്നു. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 27 ന് അസോസിയേഷന്റെ പുതിയ കെട്ടിടത്തിന്റെ ഗാംഭീരതയില്‍ വിവിധ ക്ലാസുകള്‍ ആണെന്ന് അറിഞ്ഞപ്പോള്‍ മറ്റ് തിരക്കുകള്‍ കൂടി മനസ്സില്‍ വെച്ച് നേരത്തെ കഴിഞ്ഞ് ഇറങ്ങാം എന്നായിരുന്നു മനസ്സില്‍. “ഇത്തിരി നേരം ഒത്തിരി കാര്യം” എന്ന പേരിൽ സംഘടിപ്പിച്ച വനിതാ കൂട്ടായ്മ അക്ഷരാർത്ഥത്തിൽ പേര് അന്വർത്ഥമാക്കുന്നതായിരുന്നു. വൈവിധ്യം കൊണ്ടും പ്രസക്തി കൊണ്ടും വളരെ ആകർഷകമായിരുന്നു ഓരോ ക്ലാസ്സുകളും. ഏറെ വൈകി അവസാനിച്ച പരിപാടിയില്‍ ചിരിയും ചിന്തയുമായി സമയബോധമേതുമില്ലാതെ അസോയിയേഷന്‍ വനിതാ അംഗങ്ങളോടും കുടുംബാംഗങ്ങളോടും നമ്മിലൊരാളായി മാറിയ നേതാക്കളോടുമൊപ്പം കൂട്ടുകൂടി ഒത്തിരി വിഷയങ്ങളുമായി മുന്നോട്ടു പോയപ്പോള്‍ വരാതിരുന്നെങ്കില്‍ വലിയ നഷ്ടമാവുമായിരുന്നു എന്ന ബോധ്യം വന്നു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യയുടെ ഉദ്ഘാടനഭാഷണം ഹൃദ്യവും ആധുനിക കേരള സ്ത്രീകളുടെ മാറുന്ന ആകുലതകളുടെ നേർ ചിത്രങ്ങൾ അടയാളപ്പെടുത്തുന്നതുമായിരുന്നു. സമൂഹത്തിൽ കാണുന്ന ഒരോ അനീതിക്കെതിരെയും നമ്മെ ബാധിക്കാത്തതാണെന്ന് ധരിച്ച് മാറി നിൽക്കാതെ പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്ന സത്യം അംഗങ്ങളെ ബോധ്യപ്പെടുത്തി. ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ കൂടുതൽ സങ്കീർണതകളിലേക്ക് നീങ്ങുന്ന പൊതുബോദ്ധ്യങ്ങൾ സമൂഹത്തിൽ അപകടങ്ങൾ വിളിച്ച് വരുത്തും എന്ന മുന്നറിയിപ്പും അവരുടെ പൊതു പ്രവർത്തനത്തിന്റെ അനുഭവസാക്ഷ്യമായി നൽകുകയുണ്ടായി.

സംഘടന എന്ന വിഷയത്തില്‍ ക്ലാസ്സെടുത്ത കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും ന്യൂസ് എഡിറ്ററുമായ ജാസ്മിൻ ബാനു വിവരിച്ച പൊളിറ്റിക്ക്സിന്റെ ചരിത്രം പുതിയ അറിവായിരുന്നു. മോഡേൺ പൊളിറ്റിക്സിൽ സ്ത്രീകൾക്ക് ഇടപെടാനുള്ള സാഹചര്യങ്ങൾ ഉണ്ടെങ്കിലും ചരിത്രപരമായ കാരണങ്ങളും പുരുഷാധിപത്യവും സ്ത്രീകളെ രാഷ്ട്രീയത്തിൽ നിന്നും അകറ്റി നിർത്തുന്നതായും അഭിപ്രായപ്പെട്ടു. ഇന്നും നാം അനുഭവിക്കുന്ന വോട്ടധികാരവും മറ്റു അവകാശങ്ങളും മുൻ തലമുറകൾ നേടിത്തന്നതാണെന്നും സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി പ്രവർത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അതിനായി എല്ലാവരും മുന്നോട്ട് വരണമെന്നും അവർ അംഗങ്ങളോട് ആഹ്വാനം ചെയ്തു.

“ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഓഫ് ലൈഫ്” എന്ന വിഷയം സിസ്റ്റർ ഡോ. ട്രീസ പാലക്കൽ ചിത്രങ്ങളും മോഡലുമൊക്കെയായി വളരെ സരസമായി സംവാദ രൂപത്തിലാണ് ക്ലാസെടുത്തത്‌ യുക്തിസഹമായ സമീപനങ്ങളിലൂടെ ജീവിത പ്രതിസന്ധികൾ തരണ ചെയ്ത് സ്വന്തം ജീവിതത്തിലെ CEO ആവാൻ എല്ലാ സ്ത്രീകൾക്കും സാധിക്കുമെന്നും ഓരോരുത്തരും മുൽ ഗണന കൊടുത്ത് കൈകാര്യം ചെയ്യേണ്ട രീതിയിൽ അത് ചിട്ടപ്പെടുത്തിയെടുക്കാൻ സാധിക്കുമെന്നും അവർ വ്യക്തമാക്കി. കൗൺസിലിംഗിൽ ഡോക്ടേറ്റ് നേടിയ അവർ കൗൺസിലിംഗിൽ അഭിമുഖീകരിച്ച ഉദാഹരണങ്ങൾ സഹിതം പറഞ്ഞത് മനസ്റ്റിൽ ഇടം പിടിച്ചു എന്നത് ഒരു യാഥാർത്ഥ്യമാണ്.

ഭക്ഷണ ശേഷമാണ് ശ്രുതി കിഷോറിന്റെ ഡാൻസ് തെറാപ്പി ക്ലാസ്’ . ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിന് മ്യൂസിക്ക് മെഡിറ്റേഷൻ ഡാൻസ് ഇവ മൂന്നും ഒരു പ്രത്യേക രീതിയിൽ സമന്വയിപ്പിച്ച് ചെയ്യുന്ന ഒരു രീതിയാണ് ഡാൻസ് തെറാപ്പി . എല്ലാറ്റിനെയും പോസിറ്റീവ് ആയി കാണാനും സ്വന്തം ആസ്വദിക്കാനുള്ള ഒരു സമയം കണ്ടെത്തി ജീവിതം ആസ്വദിച്ച് ജീവിച്ചാൽ നമുക്കുണ്ടാകുന്ന പല അസുഖങ്ങളും ഇല്ലാതാകും എന്ന് പറയുകയുണ്ടായി. ഡാൻസ് തെറാപ്പി പോലുള്ള പരിശീലനം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ സഹായിക്കും എന്ന് വ്യക്തമാക്കി. ഡാൻസും പാട്ടും മെഡിറ്റേഷനുമായുള്ള ശ്രുതി കിഷോറിന്റെ അവതരണവും ആസ്വാദ്യകരമായിരുന്നു.

തുടർന്ന് നമ്മുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായ പ്രേമൻ പാമ്പിരിക്കുന്നും ശിവദാസ് സാറും ഒരുക്കിയ നാടക കളരി പുത്തൻ അനുഭവമായി. ആനുകാലിക വിഷയങ്ങളിൽ എല്ലാവരുടെയും അഭിനയ പാടവം കണ്ടെത്തിയും ദൃശ്യങ്ങൾ രൂപപ്പെടുത്തി വിവിധ താളങ്ങളും രംഗങ്ങളും ആവിഷ്ക്കരിച്ചപ്പോൾ സമയം പോയത് ആരിലും അലോസരമുണ്ടാക്കിയില്ല എന്നതും ശ്രദ്ധേയമായി. ജില്ലയിലെ 42 വനിതകളിൽ 36 പേരും കാസർഗോഡിന്റെ പങ്കാളിത്തമായി ലേഖയും ഷൈമയും ക്യാമ്പിൽ പങ്കെടുത്തു. പുരുഷ ഓഫീസർമാരുടെ ഭാര്യമാരായ സാബിറ,സന്ധ്യ, ലീന,ജയശ്രീ,സിതാര , ശ്രീജ എന്നിവർ ആദ്യാവസാനം വരെ കൂടെ നിന്നതും കൂട്ടായ്മ കുടുംബങ്ങളിലേക്കും വികസിക്കുന്നതിന്റെ പ്രതീകമാണ്. വനിത കൺവീനർ ഷാന ഷാഹുൽ സ്വാഗതവും വനിതാ ചെയർപേഴ്സൺ ഷമ്മി അദ്ധ്യക്ഷം വഹിച്ച ഇത്തിരി നേരം ഒത്തിരി കാര്യം പരിപാടി സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും മികച്ചതായിരുന്നു. ആറു മണിയോടെ പരിപാടി അവസാനിക്കുമ്പോൾ കണ്ണൂരിലെ ഓഫീസേഴ്സ് ഹൗസിലെ ശാന്ത സുന്ദരതയില്‍ ഒരുക്കിയ സൗകര്യങ്ങളില്‍ ഒത്തിരി കാര്യങ്ങളുമായി ഇത്തിരി നേരം ചെലവഴിക്കാനായതിന്റെ ആഹ്ലാദവും എല്ലാവരിലും നിറഞ്ഞു നിന്നു.