ഡിസംബർ 21 വൈകുന്നേരം 7 മണി മുതൽ ഡിസംബർ 22 രാവിലെ 7 മണി വരെ
ഭീകരമായ ലൈംഗിക ക്രൂരതകളാണ് രാജ്യം മുഴുവൻ അരങ്ങേറുന്നത്. പ്രായഭേദമന്യേ സ്ത്രീകൾ ആക്രമിക്കപ്പെടുന്നു. പ്രാഥമികമായി ഭരണഘടനാപരമായി ലഭിക്കേണ്ട തുല്യത പോലും ഇവർക്ക് നിഷേധിക്കുന്നു. പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചകൾ തുടർച്ചയായി ഉണ്ടാകുകയാണ്. പലപ്പോഴും അധികാര കേന്ദ്രങ്ങളിൽ പിടിപാടുള്ള ശക്തരായ കുറ്റവാളികളെ പോലീസ് പിന്തുണക്കുന്ന സാഹചര്യമാണുള്ളത്. പോലീസ് നടത്തുന്ന നിയമവിരുദ്ധമായ എൻകൗണ്ടർ കൊലപാതകങ്ങൾക്ക് പോലും ജന പിന്തുണ ലഭിക്കുന്ന സാഹചര്യം ഉണ്ടാകുന്നതിന്റെ പ്രധാന കാരണവും ഈ നീതി നിഷേധമാണ്. കപട സദാചാരത്തിന്റെ പേരിലുള്ള ആക്രമങ്ങളും സ്ത്രീകളെയാണ് ലക്ഷ്യം വയ്ക്കുന്നത്. വിദ്യാഭ്യാസത്തിന്റേയും സാമൂഹ്യ പുരോഗതിയുടേയും ഇന്റക്സുകളിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ പോലും സ്ത്രീകളോടുള്ള സമീപനത്തിൽ തിരുത്തൽ ഉണ്ടാകേണ്ടതുണ്ട്. ജനസംഖ്യയിൽ പകുതി വരുന്ന വിഭാഗത്തിന് സാമാന്യ നീതി ലഭ്യമാകാത്ത ദു:സ്ഥിതി പരിഹരിക്കാൻ കുടുംബങ്ങൾക്കുള്ളിലും സമൂഹത്തിലും ഇടപെടൽ നടത്തി കാഴ്ചപ്പാട് മാറ്റണം.
ഈ സാഹചര്യത്തിൽ രാത്രി ഞങ്ങളുടേതുമാണ് എന്ന സന്ദേശം ഉയർത്തി തെരുവോര കുടുംബ സംഗമം കോഴിക്കോട് ബീച്ചിൽ ഡിസംബർ 21ന് വൈകുന്നേരം 7 മണി മുതൽ ഡിസംബർ 22ന് രാവിലെ 7 മണി വരെ നടത്താൻ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു.
നൃത്തം, പാട്ടുകൾ, കഥ, മായാജാലം , ചിത്ര രചന, സ്കിറ്റുകൾ, ചെറു അവതരണങ്ങൾ അടക്കം ഉള്ള പരിപാടികൾ തുടർച്ചയായി നടത്തുന്നതായിരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിനടുത്ത് അസോസിയേഷന്‍ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും.