സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഓരോ വര്‍ഷവും രാജ്യത്ത് വര്‍ദ്ധിക്കുകയാണ്. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2019ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഓരോ ദിവസവും നടക്കുന്നത് 88 ബലാല്‍സംഘക്കേസുകളാണ്. ഇതില്‍ 11 ശതമാനവും ദളിത് വിഭാഗങ്ങള്‍ക്കെതിരെയാണ്. ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ ഇത് 18%മാണ്. ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 2019ല്‍ ഉണ്ടായ വര്‍ദ്ധന 26%മാണ്. സ്ത്രീകള്‍ക്കെതിരെ ഏറ്റവും അധികം കുറ്റകൃത്യങ്ങള്‍ നടക്കുന്നതും ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ ഉണ്ടാകുന്നതും ഉത്തര്‍പ്രദേശിലാണ്. സ്‌ത്രീകൾക്കെതിരെയുള്ള 4,05,861 ആക്രമണത്തിൽ 59,853 എണ്ണവും യുപിയിലാണ് (14.7 ശതമാനം). രാജ്യത്തിലെ ബലാല്‍സംഘ കൊലപാതക കേസുകളില്‍ 12.2%വും ഉത്തര്‍പ്രദേശിലാണ് നടന്നത്. പട്ടികജാതിക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ 25 ശതമാനം യുപിയിലാണ് (11,829 ).
ഹത്രാസ് സംഭവത്തിന് ശേഷമാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ രാജ്യമെങ്ങും വാര്‍ത്തയായത്. പ്രതികള്‍ക്ക് വേണ്ടി പരസ്യമായി ഭരണപക്ഷവും ജനപ്രതിനിധികളും നിലകൊള്ളുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് രാജ്യമെമ്പാടും നടക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ ലൈവ് ആയി പ്രതിഷേധ സംഗമം നടത്തിയത്.
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ഫെയിസ്ബുക്ക് പേജിലൂടെ ഒക്ടോബര്‍ 6ന് രാത്രി 8 മണിക്ക് പ്രതിഷേധ സംഗമം നടന്നത്. സി.ഐ.ടി.യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ: എ.ആര്‍ സിന്ധു മുഖ്യ പ്രഭാഷണം നടത്തി.
2020 ഒക്ടോബർ 6ന് രാത്രി എട്ടുമണിക്ക് നടന്ന പ്രതിഷേധ സംഗമത്തിൽ എ.കെ. സജിമോൾ (വനിത സബ് കമ്മിറ്റി ചെയർപേഴ്സൺ) അദ്ധ്യക്ഷത വഹിച്ചു. വനിതാസബ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലാകുമാരി എ.എൻ സ്വാഗതം പറഞ്ഞു. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) ജോയിൻ്റ് സെക്രട്ടറി ദീപാരാജൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
പ്രതിഷേധപ്രമേയ അവതരണം ഹണി മോൾ (KSEBOA കേന്ദ്ര കമ്മിറ്റി അംഗം) നടത്തി.
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ലതീഷ്.പി .വി, സംസ്ഥാന കമ്മിറ്റിയംഗം ഒലീന പി എന്നിവർ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു.
ഹുസ്ന മുംതാസ് നന്ദി പറഞ്ഞു.