കോർപ്പറേറ്റുകൾ നിങ്ങളെ തെരഞ്ഞെടുക്കുമ്പോൾ

294

വൈദ്യുതി മേഖലയിൽ വിഭാവനം ചെയ്യുന്ന പുതിയ വൈദ്യുതി നിയമ ഭേദഗതിയുടെ പ്രധാനപ്പെട്ട ഉദ്ദേശ്യമായി കേന്ദ്ര സർക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത് ഈ മാറ്റത്തിലൂടെ ഉപഭോക്തക്കൾക്ക് വൈദ്യുതി വിതരണകമ്പനികളെ തെരഞ്ഞെടുക്കുവാൻ അവസരം ഉണ്ടാകും എന്നതാണ്. വസ്ടുത ഇതുതന്നെയാണോ എന്നത് മനസ്സിലാക്കാന്‍ ചില കണക്കുകള്‍ പരിശോധിക്കുന്നത് നല്ലതാണ്. പട്ടികയില്‍ കൊടുത്തിരിക്കുന്നത് കേരളത്തിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട ചില വസ്തുതകളാണ്.
കേരളത്തില്‍ ഉപയോഗിക്കപ്പെടുന്ന വൈദ്യുതിയുടെ ശരാശരി വില 6 രൂപ 30 പൈസയാണ്. ഇവിടേക്ക് കടന്നുവരുന്ന സ്വകാര്യ വിതരണക്കമ്പനികള്‍ക്കും ഇതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി വിതരണം സാദ്ധ്യമാകുകയില്ല. കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ കേരളത്തിലെ കാര്‍ഷിക ഉപഭോക്താക്കളോ ശരാശരി താരീഫില്‍ താഴെ നിരക്കു നല്‍കുന്ന സാധാരന ഉപഭോക്താക്കളോ ഇങ്ങിനെ കടന്നു വരുന്ന സ്വകാര്യ വൈദ്യുതി വിതരണക്കമ്പനിയെ “തങ്ങള്‍ക്ക് തെരെഞ്ഞെടുക്കാനുള്ള അവകാശം” ഉണ്ടല്ലോ എന്ന ധാരണയില്‍ വൈദ്യുതി കണക്ഷന് സമീപിച്ചാല്‍ അവര്‍ ഏത് നിരക്കിലായിരിക്കും വൈദ്യുതി നല്‍കുക? ജനങ്ങളുടെ തെരെഞ്ഞെടുക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ നഷ്ടം സഹിച്ച് വൈദ്യുതി കൊടുക്കാന്‍ അവര്‍ തയ്യാറാകും എന്ന് കരുതാനാകുമോ? സ്വകാര്യമേഖല ലാഭമുണ്ടാക്കാനാണ് ഇവിടേക്ക് വരുന്നത്. അല്ലാതെ ജനസേവനത്തിനല്ല. നിരക്ക് കൂടിയ കമേഴ്സ്യല്‍ ഉപഭോക്താക്കള്‍ സമീപിച്ചാല്‍ ഇപ്പോഴത്തെ നിരക്കിലും കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ സ്വകാര്യക്കമ്പനികള്‍ തയ്യാറാകും. അവര്‍ക്ക് തെരെഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. അതു വേണ്ടി വരില്ല. വന്‍കിട കമേഴ്സ്യല്‍ ഉപഭോക്താക്കളെ തേടി കമ്പനികള്‍ ഇങ്ങോട്ടുവരും. അവര്‍ക്ക് സൗജന്യങ്ങള്‍ പ്രഖ്യാപിക്കും. അവരെ ഒന്നൊന്നായി കമ്പനികള്‍ അടര്‍ത്തിയെടുക്കും. അതാണ് ഉണ്ടാകുന്നത്. അതാണ് ചെറി പിക്കിംഗ്. അതായത് 12 % വരുന്ന ഉപഭോക്താക്കളെ ചെറിപിക്ക് ചെയ്തുകൊണ്ട് 53 % വരുമാനം സായത്വമാക്കി കുത്തകകൾക്ക് ലാഭം നേടികൊടുക്കുവാൻ വേണ്ടിയുള്ള നിയമനിർമാണമാണ് പുതിയ നിയമഭേദഗതിയിലൂയടെ വിഭാവനം ചെയ്യുന്നത്.


പുതിയ ഭേദഗതിയിൽ 2 (3) പ്രകാരം ഏറ്റവും കുറഞ്ഞ ഏരിയ പറയുന്നുണ്ടെങ്കിലും കേരളം മുഴുവനായി വിതരണ രജിസട്രേഷൻ എടുക്കുകയും പുതുതായി വരുന്ന വിതരണ കമ്പനി ഒരു പ്രത്യേകവിഭാഗത്തിന് മാത്രം സർവീസ് കൊടുക്കുന്ന സ്ഥിതിയുമാവും കേരളത്തിൽ ഉണ്ടാകുവാൻ പോകുന്നത്. വിവിധ ഉപഭോക്തൃ വിഭാഗങ്ങളുടെ സേവനങ്ങൾക്കായി വേണ്ടിവരുന്ന ജീവനക്കാരുടെ എണ്ണവും ഇവിടെ വളരെ പ്രസക്തമാണ് . അതായത് വലിയ റവന്യൂ നേടിത്തരുന്ന ഉപഭോക്തൃ വിഭാഗത്തിന് ആവിശ്യമായി വരുന്ന ജീവനക്കാരുടെ എണ്ണം മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറവ് ആണ് . ഇതുകൂടി കണക്കിലെടുക്കുമ്പോൾ പുതുതായി വരുന്ന വിതരണ കമ്പിനി വൻകിട ഉപഭോക്തൃ വിഭാഗത്തിനെ തെരഞ്ഞെടുക്കുന്നതിന്റെ ഫലമായി സാധാരണക്കാരുടെയും കർഷകരുടെയും വൈദ്യുതി പതിൻമടങ്ങ് വർദ്ധിക്കും.
കാര്‍ഷിക നിയമഭേദഗതിയിലൂടെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ എവിടേയും ആര്‍ക്കും വില്‍ക്കാന്‍ അവകാശം നല്‍കി എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. അതിലെ പൊള്ളത്തരം കര്‍ഷകര്‍ തിരിച്ചറിഞ്ഞു. വൈദ്യുതി നിയമഭേദഗതിയിലൂടെ ഉപഭോക്താക്കളോട് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതും അതേ പോലൊരു കപട വാഗ്ദ്ധാനമാണ്. ഇവിടെ തെരെഞ്ഞെടുക്കാനുള്ള അവകാശം കമ്പനികള്‍ക്കാണ്, അല്ലാതെ ഉപഭോക്താവിനല്ല എന്ന് മനസ്സിലാക്കാന്‍ സാമാന്യയുക്തി മതി.