കേരളത്തിലെ വൈദ്യുതി മേഖലുൃയുടെ സമഗ്രവികസനം മുന്നില്‍ കണ്ടുള്ള അഞ്ച് പദ്ധതികള്‍ ഉള്‍പ്പെടുന്ന ഊര്‍ജ്ജ കേരള മിഷന്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2018 ജൂണ്‍ 14ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്രറില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ എല്‍ ഇ ഡി വിളക്ക് പ്രകാശിപ്പിച്ചുകൊണ്ട് ഊര്‍ജ്ജകേരള മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വ്വഹിച്ചു. കെ എസ് ഇ ബി ലിമിറ്റഡിനൊപ്പം അനെര്‍ട്ട്, എനര്‍ജി മാനേജ്മെന്റ് സെന്റര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നീ സ്ഥാപനങ്ങളും കൂടി ചേര്‍ന്നാണ് പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്.
ആയിരം മെഗാവാട്ട് സൗരവൈദ്യുതി ലക്ഷ്യമിടുന്ന സൗര, എല്‍ ഇ ഡി വിളക്കുകളുടെ ഉപയോഗം വ്യാപകമാക്കുന്നതിനായി ഫിലമെന്റ് രഹിത കേരളം, വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനും വൈദ്യുതി തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള ദ്യുതി 2021, പ്രസരണ മേഖലയുടെ നവീകരണത്തിനുള്ള ട്രാന്‍സ്ഗ്രിഡ് 2.0, വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ഇ – സേഫ് എന്നീ പദ്ധതികളാണ് ഊര്‍ജ്ജകേരള മിഷനിലുള്ളത്.
മിഷന്‍ പ്രഖ്യാപന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണി അദ്ധ്യക്ഷത വഹിച്ചു. സഹകരണവും ടൂറിസവും ദേവസ്വവും വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസരണ ലൈനുകളിലെ തകരാറുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഡ്രോണ്‍ കെ എസ് ഇ ബി പ്രസരണ വിഭാഗം ഡയറക്ടര്‍ പി വിജയകുമാരിക്ക് അദ്ദേഹം കൈമാറി. വൈദ്യുതി സുരക്ഷ സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. സൗര പദ്ധതിയുടെ വെബ്സൈറ്റ് വി എസ് ശിവകുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ഹൈ – ടെന്‍ഷന്‍ ഡിജിറ്റല്‍ മാപ്പ് തിരുവനന്തപുരം നഗരസഭാ മേയര്‍ അഡ്വ. വി കെ പ്രശാന്ത് പ്രകാശനം ചെയ്തു. ദ്യുതി 2021 ന്റെ ഡി പി ആര്‍ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഐ എ എസ്, തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി സി അനില്‍കുമാര്‍, അനര്‍ട്ട് ഡയറക്ടര്‍ ഡോ. ആര്‍ ഹരികുമാര്‍, കെ എസ് ഇ ബി എല്‍ ഡയറക്ടര്‍ ഡോ. വി ശിവദാസന്‍, എനര്‍ജി മാനേജ്മെന്റ് ഡയറക്ടര്‍ ധരേശന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മിഷന്‍ പദ്ധതികള്‍
വരുന്ന മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഊര്‍ജ്ജകേരള മിഷനിലെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. വൈദ്യുതി മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താനും ജനങ്ങള്‍ക്ക് ലോക നിലവാരത്തിലുള്ള സേവനം ഉറപ്പുവരുത്താനും സഹായകമാകുന്ന പദ്ധതികളാണ് ഊര്‍ജ്ജ കേരള മിഷന്റെ ഭാഗമായി നടപ്പാക്കുന്നത്.
സൗര
കേരളത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 30%ത്തില്‍ താഴെ മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഏറ്റവും ചെലവുകുറഞ്ഞ രീതിയില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്നത് ജലവൈദ്യുതി പദ്ധതികളില്‍ നിന്നാണെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങളടക്കമുള്ള നിരവധി തടസ്സങ്ങള്‍ അതിജീവിക്കേണ്ടതായിട്ടുണ്ട്. നടപ്പാക്കാന്‍ സാധ്യതയുള്ള എല്ലാ ജലവൈദ്യുതി നിലയങ്ങളും ഏറ്റെടുത്താല്‍ പോലും കേരളത്തിന്റെ വൈദ്യുതി ആവശ്യകത പൂര്‍ണ്ണമായും നിറവേറ്റാന്‍ കഴിയുകയില്ല. മാത്രവുമല്ല, പുരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്നത് കേരള സര്‍ക്കാരിന്റെ നയമാണ്. ഇതിന്റെ ഭാഗമായാണ് 2021ഓടെ കേരളത്തിന്റെ സോളാര്‍ വൈദ്യുതി ഉത്പാദനം 1000മെഗാവാട്ടായി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ “സൗര” പദ്ധതി ഊര്‍ജ്ജകേരള മിഷന്‍ വഴി നടപ്പാക്കുന്നത്.
നിലവില്‍ കേരളത്തിന്റെ സോളാര്‍ ഉത്പാദന ശേഷി 110 മെഗാവാട്ട് മാത്രമാണ്. വരുന്ന മൂന്ന് വര്‍ഷക്കാലത്തിനുള്ളില്‍ അനെര്‍ട്ടിന്റെ സഹായത്തോടെ കെ എസ് ഇ ബി ലിമിറ്റഡ് ഉത്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന 1000 മെഗാവാട്ട് സൗര വൈദ്യുതി പദ്ധതികളില്‍ 500 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ്ജ പദ്ധതികളില്‍ നിന്നാണ് ലക്ഷ്യമിടുന്നത്. കൂടാതെ, സ്വകാര്യ ഉത്പാദകരില്‍ നിന്നും ബിഡ്ഡിങ് മുഖേന 200 മെഗാവാട്ട്, സോളാര്‍ പാര്‍ക്കില്‍ നിന്നും 150 മെഗാവാട്ട്, ഫ്ലോട്ടിങ് സോളാര്‍ പദ്ധതികള്‍ വഴി 100 മെഗാവാട്ട്, കനാല്‍ ടോപ്പ് – ഹൈവേ സോളാര്‍ പദ്ധതികളില്‍ നിന്നും 50 മെഗാവാട്ട് എന്നിങ്ങനെയാണ് 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതോടെ പുര പ്പുറ സൗരോര്‍ജ്ജ പദ്ധതി ഏറ്റെടുക്കുന്ന ഇന്ത്യയിലെ ആദ്യ വൈദ്യുതി വിതരണ സ്ഥാപനമായി കെ എസ് ഇ ബി മാറുകയാണ്.
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി
സ്കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, ആശുപത്രികള്‍, വീടുകള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ കഴിയും. ഗാര്‍ഹിക – കാര്‍ഷിക ഉപഭോക്താക്കളുടെ കെട്ടിടങ്ങളില്‍ നിന്ന് 150 മെഗാവാട്ട്, സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്നും 100 മെഗാവാട്ട്, ഗാര്‍ഹികേതര – സര്‍ക്കാരിതര കെട്ടിടങ്ങളില്‍ നിന്ന് 250 മെഗാവാട്ട് എന്നിങ്ങനെ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും എന്നാണ് കണ്ടിട്ടുള്ളത്.
പദ്ധതിയുടെ നിര്‍വ്വഹണത്തിനുള്ള സാമ്പത്തിക മാതൃകകള്‍
1. ഉപഭോക്താവിന്റെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ കെ എസ് ഇ ബി എല്‍ ന്റെ ചിലവില്‍ സൗരനിലയം സ്ഥാപിക്കുന്നു.
(i) ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10% സൗജന്യമായി കെട്ടിടമുടമക്ക് നല്‍കുന്നു
(ii) ഉത്പാദിപ്പിക്കുന്ന വൈദ്യുതി 25 വര്‍ഷം (കരാര്‍ കാലാവധി) നിശ്ചിത നിരക്കില്‍ കെട്ടിടമുടമക്ക് നല്‍കുന്നു.
2. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സംരംഭകന്റെ ചെലവില്‍ കെ എസ് ഇ ബി എല്‍ സൗരനിലയം സ്ഥാപിക്കുന്നു
(i) ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂര്‍ണ്ണമായോ നിശ്ചിത നിരക്കില്‍ കെ എസ് ഇ ബി എല്‍ വാങ്ങുന്നു.
(ii)ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണ്ണമായും സംരംഭകന്‍ ഉപയോഗിക്കുന്നു
പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള
സമയക്രമം
പദ്ധതിക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. രജിസ്റ്റര്‍ ചെയ്യുന്നതിന് കെ എസ് ഇ ബി യുടെ ഔദ്യോഗിക വെബ്‌സെറ്റായ www.kseb.in സന്ദര്‍ശിച്ചാല്‍ മതിയാകും. പ്രാഥമിക സര്‍വ്വേ നടപടികളും സാധ്യതാ പഠനവും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കലും തുടര്‍ന്ന് നടക്കും. 2019 ജനുവരി മുതല്‍ സൗരനിലയങ്ങള്‍ സ്ഥാപിച്ച് തുടങ്ങും.
ഫിലമെന്റ് രഹിത കേരളം
കാര്യക്ഷമത കുറഞ്ഞ ഫിലമെന്റ് ബള്‍ബുകള്‍ക്കും പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന ഫ്ലൂറസെന്റ് വിളക്കുകള്‍ക്കും പകരം ഉയര്‍ന്ന കാര്യക്ഷമതയുള്ള എല്‍ ഇ ഡി ബള്‍ബുകളും റ്റ്യൂബുകളും എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും നല്‍കുന്ന പദ്ധതിയാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് എനര്‍ജി മാനേജ്മെന്റ് സെന്ററും കെ എസ് ഇ ബി യും ചേര്‍ന്ന് ഈ പദ്ധതി നടപ്പാക്കുന്നത്. ഏഴരക്കോടി എല്‍ ഇ ഡി ബള്‍ബുകളും മൂന്നരക്കോടി എല്‍ ഇ ഡി റ്റ്യൂബുകളുമാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്. മെച്ചപ്പെട്ട ഗുണനിലവാരം ഉറപ്പാക്കപ്പെട്ട എല്‍ ഇ ഡി വിളക്കുകളുടെ വില, കുറഞ്ഞ തുക വരുന്ന തവണ വ്യവസ്ഥയില്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കാനാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഓരോ ഉപഭോക്താവിനും ആവശ്യമായത്ര എല്‍ ഇ ഡി വിളക്കുകള്‍ വിതരണം ചെയ്യും. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫിലമെന്റ് ബള്‍ബുകളും ഫ്ലൂറസെന്റ് വിളക്കുകളും തിരികെ വാങ്ങി നശിപ്പിക്കുന്നതിനുള്ള ക്രമീകരണവും ഇതോടൊപ്പം ഏര്‍പ്പെടുത്തുന്നുണ്ട്. കേരളത്തിലെ തെരുവ് വിളക്കുകള്‍ പൂര്‍ണ്ണമായും എല്‍ ഇ ഡി ആക്കി മാറ്റുന്നതിനുള്ള നടപടികളും ഇതോടൊപ്പം ഉദ്ദേശിക്കുന്നുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് ഗ്രാമ പഞ്ചായത്ത് ഇതിനോടകം തന്നെ ഫിലമെന്റ് രഹിത പഞ്ചായത്ത് ആയി മാറിയിട്ടുണ്ട്.
ദ്യുതി 2021
സമ്പൂര്‍ണ്ണമായി വൈദ്യുതീകരിക്കപ്പെട്ട ആദ്യ സംസ്ഥാനം എന്ന ഖ്യാതി കേരളം കൈവരിച്ചെങ്കിലും, സംസ്ഥാനത്തെ വൈദ്യുതി മേഖല ചില പുതിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതമായ വൈദ്യുതി നല്‍കുക, പ്രസരണ-വിതരണ നഷ്ടം കുറയ്ക്കുക, സുരക്ഷിതമായ ശൃംഖല ഉറപ്പുവരുത്തുക എന്നിവയാണ് ഉടന്‍ പരിഹാരം കാണേണ്ട പ്രധാന പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ പരിഹരിച്ച് ലോക നിലവാരത്തിലുള്ള വിതരണ ശൃംഖല കൈവരിക്കാന്‍ ലക്ഷ്യമിടുന്നതാണ് ദ്യുതി 2021 പദ്ധതി.
സെക്ഷന്‍ ഓഫീസ് തലത്തില്‍ വിതരണ ശൃംഖലയെ കാണുന്നതിന് പകരം, ഒരു സബ്‌സ്റ്റേഷനില്‍ നിന്നും ആരംഭിച്ച് മറ്റൊരു സബ്‌സ്റ്റേഷനില്‍ അവസാനിക്കുന്ന രൂപത്തില്‍ വൈദ്യുതി ശൃംഖലയെ സമഗ്രമായി കണ്ട് ന്യൂനതകള്‍ പരിഹരിക്കാന്‍ കഴിയുന്ന വിദഗ്ദ്ധാംഗങ്ങളുടെ ഒരു സംഘം – പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകള്‍ (PMU) – ഓരോ സര്‍ക്കിള്‍ തലത്തിലും ഇതിനായി രൂപീകരിച്ചാണ് പദ്ധതി ആസൂത്രണവും നിര്‍വ്വഹണ മേല്‍നോട്ടവും നടപ്പാക്കുന്നത്.
വിതരണ ശൃംഖലയുടെ ഭൂപടം
ശൃംഖലാടിസ്ഥിത ആസൂത്രണം ഫലപ്രദമായി നിര്‍വ്വഹിക്കുന്നതിനായി യഥാര്‍ത്ഥ ഭൂതലാടിസ്ഥാനത്തിലുള്ള (Georeferenced / GIS map) ഹൈ ടെന്‍ഷന്‍ ഗ്രിഡ് മാപ് തയ്യാറാക്കി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗം പ്രചരിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍, വിവര സാങ്കേതിക വകുപ്പിന് കീഴില്‍ രൂപീകരിച്ചിട്ടുള്ള ICFOSS (International Centre for Free and Open Source Software)ന്റെ സഹായത്തോടെയാണ് 50,000 കിലോമീറ്ററിലധികം വരുന്ന ഹൈ ടെന്‍ഷന്‍ ലൈന്‍ മാപ് ചെയ്തത്. ICFOSS ചിട്ടപ്പെടുത്തിയ മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍, തങ്ങളുടെ സ്വന്തം സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് കേവലം 15 ദിവസം കൊണ്ട് ബൃഹത്തായ ഈ മാപ്പിംഗ് പൂര്‍ത്തീകരിച്ചത്. ഏകദേശം 6300 ജീവനക്കാര്‍ ഈ ഉദ്യമത്തില്‍ നേരിട്ട് പങ്കാളികളായി. ഇതേ തുടര്‍ന്ന് ഗ്രിഡ്-ഭൂപടം തയ്യാറാക്കുകയും അതിനെ അടിസ്ഥാനപ്പെടുത്തി ശൃംഖലാടിസ്ഥാനത്തിലുള്ള ആസൂത്രണ പദ്ധതികള്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകള്‍ ഇതിനോടകം തന്നെ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
പദ്ധതി – ഒറ്റനോട്ടത്തില്‍
വരുന്ന നാല് വര്‍ഷങ്ങളിലായി 4035.57 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇതില്‍ 3782 കോടി രൂപ വികസന പ്രവര്‍ത്തനങ്ങള്‍ക്കും, 50 കോടി രൂപ പുതിയ വൈദ്യുതി കണക്ഷ നുകള്‍ നല്‍കുന്നതിനും ശേഷിക്കുന്ന തുക കേടായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുമാണ് വകയിരുത്തിയിരിക്കുന്നത്.
വൈദ്യുതി വിതരണത്തിന് തടസ്സം ഉണ്ടായിട്ടുള്ള ശൃംഖലാഭാഗങ്ങള്‍ ഉടനടി തിരിച്ചറിഞ്ഞ് വിവരം നല്‍കുന്നതിന് 16, 258 എണ്ണം ഫാള്‍ട്ട് പാസ്സേജ് ഡിറ്റക്ടര്‍, 24, 097 എയര്‍ ബ്രേക്ക് സ്വിച്ചുകള്‍, 943 ലോഡ് ബ്രേക്ക് സ്വിച്ചുകള്‍, 1, 478 റിങ് മെയിന്‍ യൂണിറ്റുകള്‍, അഞ്ച് പ്രധാന പട്ടണങ്ങളില്‍ കമ്പ്യൂട്ടര്‍ നിയന്ത്രിത വൈദ്യുത വിതരണ സംവിധാനങ്ങള്‍ (SCADA), ഊര്‍ജ്ജനഷ്ടം കുറയ്ക്കുന്നതിന് 227 പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചും 29 കിലോമീറ്റര്‍ ലൈന്‍ നിര്‍മ്മിച്ചും ഉന്നത വോള്‍ട്ടതയില്‍ വൈദ്യുതി വിതരണം (HVDS), ജനനിബിഡ പ്രദേശങ്ങളിലും, വനപ്രദേശങ്ങളിലും വൃക്ഷലതാദികള്‍ അധികമുള്ള സ്ഥലങ്ങളിലും 6, 959 കിലോമീറ്റര്‍ കവചിത ചാലകങ്ങള്‍, ശൃംഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 4, 61, 752 വൈദ്യുതി പോസ്റ്റുകളുടെ എര്‍ത്തിങ്, ശൃംഖല ആധുനികവല്‍ക്കരിക്കുന്നതിനായി 35, 198 പോള്‍ ടോപ്പ് ഡിസ്ട്രിബ്യൂഷന്‍ ബോക്സുകള്‍ എന്നിവയാണ് പുതിയ പദ്ധതിയിലെ മുഖ്യ ഇനങ്ങള്‍.
കുറഞ്ഞ ചെലവില്‍ ഫാള്‍ട്ട് പാസ്സേജ് ഡിറ്റക്ടര്‍ കെ എസ് ഇ ബി യിലെ ഉദ്യോഗസ്ഥര്‍ തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ട്രാന്‍സ്ഗ്രിഡ് 2.0
വൈദ്യുതി പ്രസരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനും, പ്രസരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, പ്രസരണ നഷ്ടം കുറയ്ക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതിയാണ് ട്രാന്‍സ്ഗ്രിഡ് 2.0. ഏകദേശം 10, 000 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതി രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനകം ആരംഭിച്ചു കഴിഞ്ഞ ഒന്നാം ഘട്ട പദ്ധതികള്‍ 2020 ല്‍ പൂര്‍ത്തിയാക്കുവാന്‍ ലക്ഷ്യമിടുന്നു. 110 കെ.വി. സബ്‌സ്റ്റേഷനുകള്‍ 220 കെ.വി. ആയി ഉയര്‍ത്തുന്നതിനും പുതിയ 400കെ.വി / 220കെ.വി സബ്‌സ്റ്റേഷനുകളും അനുബന്ധ ലൈനുകളും നിര്‍മ്മിക്കുന്നതിനുമുള്ള പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒന്നാം ഘട്ടത്തില്‍ രണ്ടു 400 കെ.വി. സബ്‌സ്റ്റേഷനുകളുടെയും പന്ത്രണ്ട് 220 കെ.വി. സബ്‌സ്റ്റേഷനുകളുടെയും അനുബന്ധ ലൈനുകളുടെയും നിര്‍മ്മാണം ഉള്‍പ്പെടുന്നു. അധികമായി ഭൂമി ഏറ്റെടുക്കാതെ നിലവിലുള്ള ഇടനാഴി (RoW) ഉപയോഗപ്പെടുത്തിക്കൊണ്ട് ലൈനുകളുടെ വോള്‍ട്ടേജ് നിലവാരം ഉയര്‍ത്തുകയും ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു എന്നത് ഈ പദ്ധതിയുടെ സവിശേഷതയാണ്.
ഒന്നാംഘട്ട പ്രവൃത്തികള്‍ക്ക് ആവശ്യമായ 6375 കോടി രൂപയുടെ സാമ്പത്തിക സഹായം കിഫ്ബിയുടെ ‘Special investment package’ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 5200 കോടി രൂപയ്ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി ലഭിച്ചിട്ടുണ്ട്. 5200 കോടി രൂപയുടെ പദ്ധതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഒന്നാം ഘട്ടത്തില്‍ വരുന്ന പ്രവര്‍ത്തികളുടെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി (ഡി.പി.ആര്‍.) കിഫ്ബിയിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ തന്നെ രണ്ടു പാക്കേജില്‍ ഉള്‍പ്പെടുന്ന പ്രവൃത്തികള്‍ക്ക് കിഫ്ബിയുടെ അനുമതി ലഭിച്ചു. ഇതില്‍ കൊച്ചി ലൈന്‍ പാക്കേജിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. മഞ്ചേരി, ചാലക്കുടി, ചിത്തിരപുരം, കോതമംഗലം എന്നിവിടങ്ങളില്‍ 220 കെ.വി. സബ്‌സ്റ്റേഷനുകളുടെ നിര്‍മ്മാണം ഉള്‍പ്പെടുന്ന സബ്‌സ്റ്റേഷന്‍ പാക്കേജിന്റെയും ആലുവ, കലൂര്‍, കുന്നമംഗലം 220 കെ.വി.സബ്‌സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന GIS സബ്‌സ്റ്റേഷന്‍ പാക്കേജിന്റെയും പ്രവൃത്തികള്‍ കരാര്‍ നല്‍കുന്ന ഘട്ടത്തിലാണുള്ളത്. ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നാല് ലൈന്‍ പാക്കേജുകളുടെ ദര്‍ഘാസ് നടപടികള്‍ നടത്തുന്നതിനു വേണ്ടി REC, PFC എന്നീ കേന്ദ്ര ധനകാര്യ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. PSDF സഹായത്തോടു കൂടി നടപ്പാക്കുന്ന രണ്ടു പ്രവൃത്തികളുടെ നിര്‍മ്മാണം ത്വരിതഗതിയില്‍ പുരോഗമിക്കുന്നു.
പ്രസരണ ലൈനുകളുടെ സംരക്ഷണത്തിന് നൂതന സംവിധാനം
പ്രസരണ ലൈനുകളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന തകരാറുകള്‍ വൈദ്യുതി തടസ്സം സൃഷ്ടിക്കുന്നതോടൊപ്പം, വൈദ്യുതി ബോര്‍ഡിന് വലിയതോതില്‍ വരുമാന നഷ്ടത്തിനും കാരണമാകുന്നുണ്ട്. ഇത്തരം തകരാറുകള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അപ്പപ്പോള്‍ പരിഹരിക്കുന്നതിന് അതിനൂതനമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നു. വിദൂര നിയന്ത്രിത ഡ്രോണ്‍ സംവിധാനം ഉപയോഗിച്ച് ടവറുകളില്‍ കയറാതെ തന്നെ ഇന്‍സുലേറ്ററിന്റെയും കണ്ടക്ടറുകളുടെയും അവസ്ഥ നിരീക്ഷിക്കുന്നതിനും തകരാറുകള്‍ കണ്ടെത്തി ലൈനുകള്‍ ഓഫ് ചെയ്യാതെ തന്നെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമുള്ള സംവിധാനമാണ് തയ്യാറാവുന്നത്. കേരള സര്‍ക്കാരിന്റെ ധനസഹായത്തോടുകൂടി 2.75 കോടി രൂപ ചിലവില്‍ രണ്ടു ഡ്രോണുകളാണ് ഇപ്പോള്‍ വാങ്ങിയിട്ടുള്ളത്.
പ്രസരണ ലൈനുകളുടെ കണ്ടീഷന്‍ മോണിറ്ററിംഗിന് ഡ്രോണുകള്‍ ഉപയോഗിക്കുന്ന ആദ്യത്തെ പൊതുമേഖല സ്ഥാപനമാണ് കെ എസ് ഇ ബി ലിമിറ്റഡ്.
ഇ – സേഫ് കേരള
‘വൈദ്യുതി അപകട രഹിത കേരളം’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ‘ഇ – സേഫ് കേരള’ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പും കെ എസ് ഇ ബി യും കൂടി ചേര്‍ന്നാണി പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതി പ്രകാരം പ്രസരണ – വിതരണ ശൃംഖല ഘട്ടം ഘട്ടമായി ആധുനികവല്‍ക്കരിക്കും. അനാവൃത ചാലകങ്ങള്‍ക്ക് പകരം ഭൂഗര്‍ഭ കേബിള്‍, കവചിത ചാലകങ്ങള്‍, സര്‍ക്യൂട്ട് ബ്രേക്കറുകള്‍ / ആട്ടോ റീക്ലോഷറുകള്‍ എന്നിവ വിതരണ ശൃംഖലയില്‍ ഉള്‍പ്പെടുത്തും.
വൈദ്യുതി പ്രതിഷ്ഠാപനങ്ങളിലെ പ്രവര്‍ത്തികള്‍ സുരക്ഷിതമായി നടപ്പാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിക്കും. പെര്‍മിറ്റ് വിതരണം, ജോലിയുടെ ആധികാരികത എന്നിവ ഓണ്‍ലൈന്‍ വഴിയാക്കും.
സൂപ്പര്‍വൈസര്‍, ടെക്നീഷ്യന്‍, കരാര്‍ തൊഴിലാളികള്‍, വയറിങ് തൊഴിലാളികള്‍ എന്നിവര്‍ക്ക് വൈദ്യുതി സുരക്ഷാ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.
മുന്‍പ് ഇ എല്‍ സി ബി ഘടിപ്പിച്ചിട്ടില്ലാത്ത ബി പി എല്‍ / എസ് സി / എസ് ടി വിഭാഗങ്ങളുടെ വീടുകള്‍ പുനര്‍ വൈദ്യുതീകരിക്കുന്ന ‘ജാഗ്രത’ പദ്ധതി സംസ്ഥാനമൊട്ടാകെ ഘട്ടം ഘട്ടമായി നടപ്പാക്കും.
തിരുവനന്തപുരം ജില്ലയിലെ ഒരു പഞ്ചായത്തിനെ ‘സമ്പൂര്‍ണ്ണ വൈദ്യുത സുരക്ഷാ പദ്ധതി’ (സേവ് ലൈഫ്) യ്ക്കായി തെരഞ്ഞെടുക്കും. ഗാര്‍ഹിക മേഖലയില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ഇവിടെ നടപ്പാക്കും. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ പദ്ധതി വ്യാപിപ്പിക്കും.
ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുന്നതിനായി പവര്‍ ക്വാളിറ്റി ഓഡിറ്റ് സംസ്ഥാനത്ത് നടപ്പാക്കും.
വൈദ്യുതി പ്രതിഷ്ഠാപനങ്ങളുടെ നിലവാരം വിലയിരുത്തുന്നതിന് സേഫ്റ്റി ആഡിറ്റ്, സേഫ്റ്റി സര്‍വ്വേ എന്നിവ നടപ്പാക്കും.
കുടുംബശ്രീ, അയല്‍ക്കൂട്ടം, റസിഡന്‍സ് അസോസിയേഷനുകള്‍, ആശാ വര്‍ക്കര്‍ എന്നിവ മുഖേന സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും.