2022ലെ വൈദ്യുതി (ഭേദഗതി) ബിൽ -ജനങ്ങളെ ഇരുട്ടിലേയ്ക്ക് നയിക്കുന്നു -(ഭാഗം 2)

82

ഊർജം സംബന്ധിച്ച പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പതിനാലാം റിപ്പോർട്ട് രേഖപ്പെടുത്തിയത് താഴെ കൊടുക്കുന്നു:
“വൈദ്യുതി ഭേദഗ തി ബിൽ 2005” പ്രസ്താവിയ്ക്കുന്നു: “രാജ്യത്തെ പ്രാദേശിക സാമ്പത്തിക വികസനത്തിലെ അസന്തുലിതാവസ്ഥ നിരവധി സംസ്ഥാനങ്ങളിൽ ധാരാളം ഉപഭോക്താക്കൾക്ക് പണമടയ്ക്കാൻ ശേഷിയില്ലാതാവുന്നതിന് കാരണമാണെന്ന് കമ്മറ്റി സൂചിപ്പിക്കുന്നു. അവർക്ക് താങ്ങാനാവുന്ന നിരക്കിൽ വൈദ്യുതി നൽകുന്നതിന്, വൈദ്യുതി താരിഫുമായി ബന്ധപ്പെട്ട് പ്രാഥമിക സബ്‌സിഡി വഴി ചുരുങ്ങിയ തോതിലെങ്കിലും പിന്തുണ ആവശ്യമാണ്. മിക്ക സംസ്ഥാനങ്ങൾക്കും അവരുടെ ഖജനാവിൽ നിന്ന് സബ്‌സിഡി നൽകാൻ കഴിയുന്നില്ല.”
എന്നാൽ നിയമനിർമ്മാതാക്കൾ അത്തരം ഉപദേശം ശ്രദ്ധിക്കുന്നില്ല എന്നത് വ്യക്തമാണ്. പ്രവർത്തന തലത്തിൽ, കരുതലോടെയുള്ള ചെലവുകളും ന്യായമായ റിട്ടേൺ നിരക്കും തിരിച്ചു പിടിയ്ക്കാനുള്ള ഈ ഭ്രമം പ്രീ-പെയ്ഡ് മീറ്ററിലൂടെ സാധിച്ചെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത്തരം സംവിധാനങ്ങളിലൂടെ വേണ്ടി വന്നാൽ വിതരണം പെട്ടെന്ന് നിർത്തലാക്കാൻ കഴിയുകയും ചെയ്യും. 2015 ഒക്ടോബറിൽ, ജനങ്ങളുടെ പൊതു സമ്മതമില്ലാതെ സർക്കാർ പ്രീ-പെയ്ഡ് മീറ്ററുകൾ സ്ഥാപിച്ചതിന് ദക്ഷിണാഫ്രിക്കയിലെ സോവെറ്റോയിൽ കലാപം പൊട്ടിപ്പുറപ്പെടുകയുണ്ടായി.
നേരത്തെ തന്നെ കരട് വൈദ്യുതി കരാർ എൻഫോഴ്‌സ്‌മെന്റ് അതോറിറ്റി രൂപീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. ശക്തമായ എതിർപ്പിനെ തുടർന്ന് നിലവിലെ ബില്ലിൽ നിന്ന് ഇപ്പോൾ ഈ നിർദേശം ഒഴിവാക്കി. വൈദ്യുതി പ്രവാഹം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ, അത്തരം ചുമതലയേറ്റെടുക്കുന്ന ലോഡ് ഡിസ്‌പാച്ച് സെന്ററുകൾ ജനറേറ്റിങ്ങ് കമ്പനികൾക്ക് ഡിസ്‌കോമുകൾ (വിതരണക്കമ്പനികൾ) പണം നൽകിയിട്ടുണ്ടോയെന്ന് ഓരോ 15 മിനിറ്റുകളിലും പരിശോധിച്ച ശേഷം മാത്രം വൈദ്യുതി നൽകണമെന്ന് 2022ലെ ഭേദഗതി ബിൽ ആവശ്യപ്പെടുന്നു. തികച്ചും അപ്രായോഗികമായ ഈ ആശയം ആത്യന്തികമായി പവർ കട്ടും ബ്ലാക്ക്ഔട്ടും ആയിരിക്കും ഉപഭോക്താക്കളിലേയ്ക്ക് എത്തിയ്ക്കാൻ പോകുന്നത്.
ഈ ബില്ലിന്റെ തിക്തഫലങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത്‌ കാർഷിക മേഖലയെയാണ്. സാധാരണ ഗതിയിൽ ഒരു നിയമം കർഷകന്റെ സാമ്പത്തിക സ്ഥിരതയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയും ഉറപ്പാക്കേണ്ടതാണ്. സ്വാഭാവികമായും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് ഈ ആശങ്കയ്ക്ക് ഉയർന്ന മുൻഗണന നൽകാതിരിക്കാൻ കഴിയില്ല. ഹരിയാനയുടെ ഉദാഹരണമെടുക്കാം. 2014-15 സാമ്പത്തിക വർഷത്തിൽ ഭൂഗർഭജലത്തിന്റെ 72% വൈദ്യുത പമ്പ് സെറ്റുകൾ കൊണ്ട് എടുക്കുന്നതായിരുന്നു. മാത്രമല്ല, കാർഷിക മേഖലയ്ക്കുള്ള മൊത്തം സബ്‌സിഡിയുടെ 46% വൈദ്യുതിക്ക് വേണ്ടിയായിരുന്നു എന്നു കൂടി നാം കാണണം. ഇത്തരമൊരു സാഹചര്യത്തിൽ സബ്‌സിഡികൾ നിർത്തലാക്കാൻ നിർദേശിക്കുന്ന ഒരു നിയമത്തിന്റെ അനന്തരഫലം എന്തായിരിക്കും എന്ന് നാം ഗൗരവപൂർവ്വം ചിന്തിക്കേണ്ടതുണ്ട്.
ധാന്യങ്ങൾ കൃഷി ചെയ്യുന്നതിന് പമ്പ് ചെയ്യുന്ന വെള്ളം ആവശ്യമാണ്. അതിനാൽ തന്നെ ഇതിന് വേണ്ടി ഉപയോഗിക്കുന്ന വൈദ്യതിയ്ക്ക് ഇപ്പോൾ സബ്സിഡി ലഭിയ്ക്കുന്നുമുണ്ട്. 2002-17 കാലഘട്ടത്തിൽ, അതായത് 15 വർഷങ്ങളുടെ കാലയളവിൽ പഞ്ചാബ് സെൻട്രൽ പൂളിന് 290 ദശലക്ഷം ടൺ നെല്ലും ഗോതമ്പും നൽകി. 450 ട്രില്യൺ ലിറ്റർ വെള്ളം ജലസേചനത്തിനായി ഉപയോഗിച്ചു. അതിനായി 25,000 കോടി രൂപയുടെ കാർഷിക വൈദ്യുതി സബ്‌സിഡി ആവശ്യമാണ്. എന്നാൽ പഞ്ചാബിന് കേന്ദ്രസർക്കാരിൽ നിന്ന് സബ്‌സിഡി ലഭിച്ചില്ല. പൊതുവിതരണ സമ്പ്രദായത്തിനും മറ്റ് കേന്ദ്ര മേഖലയിലെ പദ്ധതികൾക്കുമായി പഞ്ചാബിൽ നിന്ന് സംഭരിക്കുന്ന ധാന്യത്തിന് ഇന്ത്യൻ സർക്കാർ സബ്‌സിഡി നൽകാൻ ബാദ്ധ്യതപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത.
ആയതിനാൽ സബ്‌സിഡിയുടെ കാര്യത്തിൽ, സമീപകാല സംഭവങ്ങളിൽ നിന്ന് നാം പഠിക്കേണ്ടത് പ്രധാനമാണ്. യുക്രൈൻ യുദ്ധത്തെ തുടർന്നുണ്ടായ ഉപരോധം മൂലം യൂറോപ്യൻ രാജ്യങ്ങളിൽ വൈദ്യുതിയുടെ വില കുതിച്ചുയരുകയാണ്. ഉദാഹരണത്തിന്, ഈ വർഷം ഒക്ടോബറിനു മുമ്പുള്ള ഒരു വർഷത്തിനുള്ളിൽ ഇറ്റലിയിൽ വൈദ്യുതി നിരക്ക് 350% വർദ്ധിച്ചു. യുകെയിൽ ഏകദേശം 250% വർധനവുണ്ടായി. ഈ സർക്കാരുകൾ ഉപഭോക്താക്കൾക്ക് പിന്തുണ നൽകാൻ വലിയ സബ്‌സിഡികൾ നൽകുന്നുണ്ട് എന്നു നാം കാണണം.
എന്തുകൊണ്ടാണ് മോദി സർക്കാർ ഉപഭോക്തൃ താൽപ്പര്യത്തിൽ അശ്രദ്ധ കാണിക്കുന്നത്? നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഭൂരിപക്ഷം ആളുകൾക്കും വൈദ്യുതി പോലും നിഷേധിക്കാൻ തീരുമാനിയ്ക്കുകയാണ് മോദി സർക്കാർ ചെയ്തിട്ടുള്ളത്. ഒരു അവശ്യവസ്തുവിന് പണം നൽകാനുള്ള ജനങ്ങളുടെ കഴിവില്ലായ്മയെ നിയമനിർമ്മാണവും ഭരണപരവുമായ നടപടികളിലൂടെ പരിഹരിക്കാൻ കഴിയില്ലെന്ന് അംഗീകരിക്കാൻ സർക്കാർ വിസമ്മതിക്കുന്നു. “ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരു ആവൃത്തി, ഒരു വില” എന്ന മുദ്രാവാക്യത്തിൽ ഈ പ്രത്യയശാസ്ത്ര അഭിനിവേശം ഉൾച്ചേർത്തിരിക്കുന്നു. ഇത് ഒരു ദേശീയ വിപണി അധിഷ്ഠിത ഇക്കണോമിക് ഡിസ്പാച്ച് സെന്റർ മുഖേന നടപ്പിലാക്കാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. എന്നു വെച്ചാൽ, ഏകദേശം 1,400 ബില്യൺ യൂണിറ്റ് വൈദ്യുതിയുടെ വാർഷിക ഉപഭോഗം മുഴുവൻ നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രീകൃത ഷെഡ്യൂളിംഗ് വിഭാവനം ചെയ്യുന്ന ഒരു സംവിധാനം!
മത്സരത്തിന് കാര്യക്ഷമത മെച്ചപ്പെടുത്താനും താരിഫ് കുറയ്ക്കാനും കഴിയുമോ?
വൈദ്യുതി വിതരണ വ്യവസായത്തിനുള്ളിൽ മത്സരം സാധ്യമാണോ എന്നതാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യം വ്യക്തമാക്കപ്പെടേണ്ടത്. EDF എന്നും ഒരു ഫ്രഞ്ച് യൂട്ടിലിറ്റി കമ്പനി എന്നും അറിയപ്പെടുന്ന Électricité de France SA, ലോകബാങ്കുമായുള്ള ഒരു സംവാദത്തിൽ പറഞ്ഞു:
“മറ്റ് വ്യവസായങ്ങളെ അപേക്ഷിച്ച് വൈദ്യുതിയുമായി ബന്ധപ്പെട്ട നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചറിൽ മത്സരം അവതരിപ്പിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്നും മറ്റ് നെറ്റ്‌വർക്കുകളെ അപേക്ഷിച്ച് വൈദ്യുതിമേഖലയിൽ കൂടുതൽ ബുദ്ധിമുട്ടാണെന്നും ആധുനിക സാമ്പത്തിക സിദ്ധാന്തം നമ്മോട് പറയുന്നു. മത്സരം നിയന്ത്രണങ്ങളെ കാര്യക്ഷമമാക്കുകയല്ല, മറിച്ച് അതിനെ കൂടുതൽ സങ്കീർണ്ണവും ഭാരപ്പെടുത്തുന്നതുമാക്കുകയാണെന്ന് നമുക്കറിയാം. മത്സരം ഒരു ‘പാതി-സ്വതന്ത്ര, പകുതി അടിമ’ മേഖലയാണ് സൃഷ്ടിക്കുന്നത്. ചുരുക്കത്തിൽ, സ്വകാര്യവൽക്കരണത്തെയും മത്സരത്തെയും കുറിച്ചുള്ള ഞങ്ങളുടെ ചർച്ചയ്ക്കപ്പുറമുള്ള ആശയങ്ങൾ ലക്ഷ്യം വെയ്ക്കുന്നത് വികസ്വര രാജ്യങ്ങളുടെ ഊർജ്ജ മേഖലയെ വിദേശ ഓപ്പറേറ്റർമാർക്കും വൈദഗ്ധ്യത്തിനും മൂലധനത്തിനും തുറന്നുകൊടുക്കുക എന്നതായിരിക്കാം.”
2022 ജൂലൈ 19 ന്, EDF പൂർണ്ണമായും ദേശസാൽക്കരിക്കാനുള്ള പദ്ധതികൾ ഫ്രാൻസ് പ്രഖ്യാപിച്ചു. EDF ന്റെ ദേശസാൽക്കരണം അതിന്റെ ഊർജ്ജ കരുതൽ സുരക്ഷ വർദ്ധിപ്പിക്കുമെന്ന് ഫ്രാൻസ് പറഞ്ഞു.
ഇന്ത്യയിൽ മത്സരം സാധ്യമാണോ?
പവർ പർച്ചേസുകളുടെ (ഊർജം വാങ്ങിക്കുന്നതിന്റെ) കാര്യം പരിശോധിയ്ക്കാം. FY20-21ൽ ഉൽപ്പാദനത്തിന്റെയും പ്രസരണത്തിന്റെയും ചെലവ് (ഈ ചെലവുകൾ വിതരണക്കമ്പനികളായ ഡിസ്കോമുകൾക്ക് നിയന്ത്രിക്കാൻ കഴിയില്ല) അന്തിമ ഉപഭോക്താവിനെ സേവിക്കുന്നതിനുള്ള ചെലവിന്റെ 77% വരും. ചില സംസ്ഥാനങ്ങളിൽ ഇത് വളരെ കൂടുതലാണ്. വൈദ്യുതി ഉപയോഗിക്കുന്നില്ലെങ്കിൽപ്പോലും, പവർ പർച്ചേസ് എഗ്രിമെന്റുകൾ (പിപിഎ) പ്രകാരം ആയിരക്കണക്കിന് കോടികൾ നിശ്ചിത ചെലവ് ആയി നൽകണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സേവനത്തിനുള്ള ചെലവിന്റെ ഏതാണ്ട് 80% ഡിസ്‌കോമുകളുടെ നിയന്ത്രണത്തിന് പുറത്താണ്. ഒന്നിലധികം ലൈസൻസികളെ കൊണ്ട് വിതരണ മേഖലയിൽ മൽസരം നടത്തിയാൽ വില വ്യത്യാസം ഉണ്ടാക്കാൻ കഴിയുന്നത് ഈ 20 ശതമാനത്തിൽ മാത്രമാണ് എന്നതാണ് വസ്തുത.
ഇനി ഊർജം വിൽക്കുന്നതിന്റെ കാര്യം പരിശോധിയ്ക്കാം. വിതരണത്തിന്റെ ശരാശരി വില യൂണിറ്റിന് ഏകദേശം 7.45 രൂപയായിരുന്ന സമയത്ത് കാർഷിക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന ശരാശരി താരിഫ് 2016 സാമ്പത്തിക വർഷത്തിൽ 0.79 രൂപയിൽ നിന്ന് 2020 ൽ 0.75 രൂപയായി ആയി കുറയുകയുണ്ടായി. വാണിജ്യ ഉപഭോക്താക്കൾ സാധാരണയേക്കാൾ ശരാശരി 12% കൂടുതൽ പണം നൽകി. എന്നാൽ ഈ മേഖലയിൽ വിൽപ്പനയുടെ അളവ് വളരെ കുറവായിരുന്നതിനാൽ ക്രോസ് സബ്‌സിഡി തിരിച്ചു പിടിയ്ക്കുന്നതിൽ ഗണ്യമായ കുറവ് വന്നു . ഓപ്പൺ ആക്‌സസ്, ക്യാപ്റ്റീവ് സ്രോതസ്സുകൾ എന്നിവയിലേക്ക് മാറുന്നത് തടയാൻ ക്രോസ് സബ്‌സിഡി കുറച്ചുകൊണ്ട് വാണിജ്യ-വ്യവസായ ഉപഭോക്താക്കളെ നിലനിർത്താൻ ഡിസ്‌കോമുകളിൽ നിരന്തരമായ സമ്മർദ്ദമാണ് ഇപ്പോഴുള്ളത്. അതിനാൽ തന്നെ ഒന്നിലധികം ലൈസൻസികൾ പ്രതിസന്ധിയുടെ ആഴം കൂട്ടും.
ടെലികോം മേഖലയുമായുള്ള താരതമ്യത്തിലൂടെയാണ് മത്സരത്തിന്റെ നേട്ടങ്ങൾ വൈദ്യുതി മേഖലയിലും ഉണ്ടാവുമെന്ന് പറയുന്നത്. മൊബൈൽ സേവനങ്ങൾ വയർലെസ് ആണെന്നും വൈദ്യുതി ഒരു വയർഡ് സംവിധാനമാണെന്നതും വലിയ വ്യത്യാസമാണുണ്ടാക്കുന്നത്. മൊബൈൽ സേവനങ്ങളുടെ കാര്യത്തിൽ ഓരോ ഉപഭോക്താവും – പണക്കാരനായാലും പാവപ്പെട്ടവനായാലും – ഓരോ കോളിനും ഒരേ നിരക്ക് നൽകുകയാണ് ചെയ്യുന്നത്. ഈ നിരക്കാകട്ടെ കമ്പനിയ്ക്ക് സേവനം നൽകാനുള്ള ചെലവിനേക്കാൾ കൂടുതലാണ്. ബിഎസ്എൻഎല്ലിനെ കേന്ദ്രസർക്കാർ തന്നെ തകർത്തപ്പോൾ മേഖല ഒരു പിടി കമ്പനികളുടെ കൈകളിലേയ്ക്ക് പോകുകയാണ് ഉണ്ടായിട്ടുള്ളത്. .
ഒന്നിലധികം ലൈസൻസികൾക്ക് ലൈസൻസ് നൽകുമ്പോൾ ബിൽ താഴെപ്പറയുന്ന കാര്യങ്ങൾ പ്രദാനം ചെയ്യുന്നു:
നിശ്ചിത സമയത്തിനുള്ളിൽ കമ്മീഷന് ലൈസൻസ് അനുവദിക്കാൻ കഴിയുന്നില്ലെങ്കിലോ അപേക്ഷ നിരസിക്കുകയോ ചെയ്താൽ അപേക്ഷകന് ലൈസൻസ് ലഭിച്ചതായി കണക്കാക്കും.
ഒന്നിലധികം സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണം ചെയ്യുന്നതിന് ലൈസൻസ് നൽകാനുള്ള അധികാരവും ബിൽ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന് നൽകുന്നു.
ലൈസൻസ് അനുവദിക്കുന്നത് സംസ്ഥാന ഗവൺമെന്റിന്റെ അധികാര പരിധിയിൽ നിന്ന് സ്വതന്ത്രമാണ്. ലൈസൻസ് ലഭിക്കാൻ സാധ്യതയുള്ള ഏതൊരു വ്യക്തിക്കും നിരവധി സംസ്ഥാനങ്ങളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാനും കേന്ദ്ര റെഗുലേറ്ററിൽ നിന്ന് നേരിട്ട് ലൈസൻസ് നേടാനും കഴിയും എന്നതുമാണ് ഇതിന് കാരണം. അതുപോലെ, ലൈസൻസ് അനുവദിക്കുന്നതിലെ കാലതാമസം ഉണ്ടാക്കിയെടുത്ത് സ്ഥിര സംഭവമായി അതിനെ മാറ്റി ലൈസൻസ് നേടിയെടുക്കാനും ഇതിലൂടെ ഫലത്തിൽ കഴിയും. നിർണ്ണയ ഘടകങ്ങളില്ലാതെ ലൈസൻസ് അനുവദിക്കുന്ന യാന്ത്രിക നടപടിയാണ് ഇതിലൂടെ ഉണ്ടാകുന്നത്.
ഒന്നിലധികം ലൈസൻസുകളുടെ കാര്യത്തിൽ ഊർജം സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റി ശരിയായി താഴെ പറയും വിധം നിരീക്ഷിച്ചു:
“കമ്മീഷന്റെ വിവേചനാധികാരവും ഏകപക്ഷീയവുമായ അധികാരങ്ങൾ ലഘൂകരിക്കുന്നതിന് വേണ്ടി വ്യക്തമായി നിർവചിക്കപ്പെട്ട ചില നിർണ്ണയ ഘടകങ്ങൾ സ്ഥാപിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ രാജ്യത്തെ ഉപഭോക്തൃ മിശ്രിതത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ ഇത് കൂടുതൽ ആവശ്യമായി വരുന്നു. ഉപഭോക്താവിന്റെ അവസ്ഥ, അവർക്ക് നൽകുന്ന നേരിട്ടുള്ളതും പരോക്ഷമായ ക്രോസ്-സബ്‌സിഡിയും, സാങ്കേതികവും വാണിജ്യപരവുമായ സ്വഭാവത്തിന്റെ നഷ്ടം എന്നിവ കണക്കിലെടുത്ത് വൈദ്യുതി വിതരണത്തിന്റെ ഉദ്ദേശ്യത്തിനായി ഉപഭോക്താക്കൾക്ക് തുല്യമായ വിഹിതം വിഭാവനം ചെയ്യുന്ന മാനദണ്ഡങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്. സപ്ലൈ ലൈസൻസികൾ ഉപഭോക്താക്കളെ തങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക അകറ്റാൻ ഇത് സഹായിക്കും.
വിതരണ മേഖലയിലെ സ്വകാര്യവൽക്കരണത്തിന്റെ അനുഭവം കാണിച്ചു തരുന്നത് അത്തരം നീക്കങ്ങൾ ഇതുവരെ സമ്പൂർണ പരാജയമായിരുന്നു എന്നാണ്. ബിഹാറിലെ ഗയ, സമസ്തിപൂർ, ഭഗൽപൂർ, ഉത്തർപ്രദേശിലെ കാൺപൂർ, മധ്യപ്രദേശിലെ ഗ്വാളിയോർ, സാഗർ, ഉജ്ജയിൻ, മഹാരാഷ്ട്രയിലെ ഔറംഗബാദ്, ജൽഗാവ്, ജാർഖണ്ഡിലെ റാഞ്ചി, ജംഷഡ്പൂർ എന്നിവിടങ്ങൾ അടക്കം സ്വകാര്യവൽക്കരണത്തിന് ശ്രമിച്ച മിക്കവാറും എല്ലാ നഗരങ്ങളിലും റെഗുലേറ്ററി കമ്മീഷനുകൾക്ക് ഒടുവിൽ ലൈസൻസികളെ പുറത്താക്കേണ്ടതായി വന്നു.
വൈദ്യുതി മേഖലയിലെ സ്വകാര്യവൽക്കരണത്തിന്റെ കാര്യത്തിൽ രണ്ടുതവണ പരാജയപ്പെട്ട ഒഡീഷ സർക്കാർ 2020-ൽ മൂന്നാം തവണയും വിതരണ മേഖലയിലെ ഡിസ്‌കോമുകൾ സ്വകാര്യവൽക്കരിച്ചു. നേരത്തെ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്നും എന്തിനാണ് മൂന്നാം തവണയും സ്വകാര്യവൽക്കരണം നടത്താൻ ശ്രമിക്കുന്നതെന്നും ഒഡീഷ സർക്കാർ വിശദീകരിക്കേണ്ടതായിട്ടുണ്ട്. പരാജയത്തിന്റെ പാഠങ്ങൾ എന്തൊക്കെയാണ്എന്നവർ പറയണം. ഉയർന്ന ജനസാന്ദ്രതയുള്ളതും ഉയർന്ന വരുമാനമുള്ളതുമായ വിതരണ മേഖലയായ മുംബൈയിൽ ഒന്നിലധികം ലൈസൻസുകളുടെ അനുഭവം മോശമായിരുന്നു എന്നതാണ് വസ്തുത. മുംബൈയിൽ ഒന്നിലധികം വ്യവഹാരങ്ങളും വൈദ്യുതി ചാർജ് വർദ്ധനയുമാണ് ഇതിന്റെ ഫലമായി ഉണ്ടായത്.