1964ൽ കെ.പി.എ.സിയുടെ നാടകത്തിലൂടെ അരങ്ങേറ്റം നടത്തിയ അഭിനയ പ്രതിഭ കെ.പി.എ.സി ലളിത 2022 ഫെബ്രുവരി 22ന് അരങ്ങൊഴിഞ്ഞു. കെ.പി.എ.സി എന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്ന അശ്വമേധം, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ പല നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത മഹേശ്വരിയെന്ന ലളിത അഞ്ചുവർഷത്തെ നാടകവേദിയുടെ തിരശ്ശീല താഴ്ത്തി വെള്ളിത്തിരയിലെത്തി. 1969ൽ പുറത്തിറങ്ങിയ “കൂട്ടുകുടുബം” ആയിരുന്നു ആദ്യ സിനിമ. സംവിധായകൻ കെ.എസ്.സേതുമാധവൻ സിനിമയാക്കുന്നതിനു മുമ്പ് ഇത് നാടകമായി സ്റ്റുഡിയോയിൽ അവതരിപ്പിച്ചിരുന്നു. അന്ന് ലളിതയുടെ മികച്ച അഭിനയം കെ.പി.എ.സിയുടെ നാടകങ്ങളിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ കാലമായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ അഭിനയ പാടവം തെളിയിച്ച ലളിതയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
അമ്പതിലധികം വർഷങ്ങളിൽ ലളിത അഭിനയിച്ച വിവിധ കഥാപാത്രങ്ങളിൽ ഒരു സ്ത്രീ ജൻമത്തിന്റെ എല്ലാ തലങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. മകളിൽനിന്ന് മരുമകളിലേക്കും അമ്മയിൽനിന്ന് അമ്മായി അമ്മയിലേക്കും തികച്ചും അനായാസമായി മാറാൻ അവർക്കു കഴിഞ്ഞു.
സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ പൊതുവെ അഭിനേതാക്കളുടെ ഒരു സ്ഥിരം പാക്കേജ് കാണാറുണ്ട്. അതിൽ ഒരിക്കൽ പോലും മാറ്റി നിർത്താതിരുന്ന ഒരാൾ ലളിതയാണ്. ചട്ടയും മുണ്ടുമുടുത്ത് സിനിമയിൽ അച്ചപ്പവും കുഴലപ്പവും ഉണ്ടാക്കുന്നതു കണ്ടാൽ യഥാർത്ഥ ജീവിതത്തിലെ ഒരു പരിചയക്കാരിയെ ലളിതയിൽ നമുക്ക് കാണാൻ കഴിയും. നാട്ടിൻപുറത്തെ അമ്മയായി സെറ്റും മുണ്ടുമുടുത്ത് തൊടിയിലിരുന്ന് മീൻ വൃത്തിയാക്കുന്ന സീൻ വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ ജീവനുള്ള കാഴ്ചയാണെന്നതിൽ തർക്കമില്ല.
കൂടെ അഭിനയിക്കുന്നവർക്ക് ഊർജ്ജമാവുകയെന്നത് എല്ലാവർക്കും കഴിയില്ല. പക്ഷെ ലളിത കൂടെയുണ്ടെങ്കിൽ ഒരു ധൈര്യമാണെന്ന് നടൻ ഇന്നസെൻ്റ് പറഞ്ഞിരുന്നു. കഥാപാത്രങ്ങൾ ഗൗരവമുള്ളതാണെങ്കിലും തമാശയാണെങ്കിലും ഇന്നസെൻ്റ് – ലളിത ജോടിയുടെ പ്രകടനം എടുത്തു പറയേണ്ട സിനിമകളാണ് ഗോഡ്ഫാദർ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ഗജകേസരി യോഗം, മണിച്ചിത്രത്താഴ്, പാപ്പി അപ്പച്ചൻ തുടങ്ങിയവ.
മലയാളത്തിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അമ്മയായി നിരവധി സിനിമകളിൽ അഭിനയിച്ചു. അതേസമയം തികച്ചും വ്യത്യസ്തമായി കനൽക്കാറ്റ് എന്ന സിനിമയിൽ മമ്മൂട്ടിയുടെ കാമുകിയായി. ശബ്ദം കൊണ്ടു മാത്രം മമ്മൂട്ടിയുടെ കാമുകിയായി മതിലുകൾ എന്ന സിനിമയിലും വന്നു.
ജീവിതത്തെ പച്ചയായി അവതരിപ്പിക്കുന്ന ശക്തമായ നാടകാനുഭവങ്ങളുടെ സമ്പത്താണ് സിനിമയിലെ ഓരോ വേഷത്തിലും നിറഞ്ഞാടുവാൻ ലളിതയ്ക്ക് മുതൽക്കൂട്ടായതെന്ന കാര്യത്തിൽ സംശയമില്ല. അതു കൊണ്ടു തന്നെയാണ് രണ്ട് ദേശീയ അവാർഡുകളടക്കം നിരവധി അവാർഡുകൾ അവർക്കു സ്വന്തമാക്കാനായതും.
തികച്ചും സ്വാഭാവികമായി, ഒരു കഥാപാത്രമാണെന്ന് തോന്നാത്ത രീതിയിൽ സ്ക്രീനിൽ തിളങ്ങാനും അഭിനയ ജീവിതത്തിലുടനീളം അത് നിലനിർത്താനും കഴിഞ്ഞത് ഒരു നടിയെന്ന രീതിയിൽ അവർക്കു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്.
കലാസംവിധാനമെന്നതിന്റെ എല്ലാ അർത്ഥവും ഉൾക്കൊണ്ട് മലയാളത്തിൽ ഒരു കാലഘട്ടത്തിലെ മികച്ച സിനിമക്കാരനിൽ ഒരാളായ ഭരതനുമായുള്ള വിവാഹത്തിനുശേഷം “അഭിനയമില്ലാതെ ജീവിതമില്ലെന്ന്” മനസ്സിലാക്കി വീണ്ടും സിനിമയിലേക്ക് തിരിച്ചുവരികയായിരുന്നു. ഭരതന്റെ സിനിമകളിൽ അരയത്തിയായും (അമരം), മൂശാരിയായും (വെങ്കലം) അവർ ജീവസ്സുറ്റ കഥാപാത്രങ്ങളായി. ഭരതന്റെ മരണത്തിനുശേഷം വീണ്ടുമൊരു ഇടവേള. 1999ൽ തിരിച്ചുവന്നതിനു ശേഷം സജീവ സാന്നിധ്യമായി മലയാള സിനിമയിലും സമീപകാലത്ത് സീരിയലിലും നിറഞ്ഞു നിന്ന ലളിത ഇത്തവണ ഇടവേളയില്ലാത്ത നാടകത്തിലെ വേഷം പൂർത്തിയാക്കി ചമയങ്ങളഴിച്ചു വച്ച് യാത്രയായി.