ടോട്ടക്‌സ്‌ മാതൃകാ സ്‌മാർട്ട്‌ മീറ്റർ വ്യാപനത്തിനെതിരെ എൻസിസിഒഇഇഇയുടെ സമരപ്രഖ്യാപനം

179

ആര്‍.ഡി.എസ്.എസ്. പദ്ധതിയുടെ ഭാഗമായി ടോട്ടക്സ് രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ വ്യാപിപ്പിക്കുന്നതിനെതിരെ എന്‍.സി.സി.ഒ.ഇ.ഇ.ഇ. നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി ഓഫീസര്‍ സംഘടനകള്‍ സംയുക്തമായി സംസ്ഥാനതല സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ 10.05.2023 നു തിരുവനന്തപുരത്ത് ബി ടി ആർ ഭവനിൽ വച്ചു സംഘടിപ്പിച്ചു . സി ഐ റ്റി യു സംസ്ഥാന സെക്രട്ടറി എളമരം കരീം കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു. വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യവത്കരണം കൊണ്ടു വരാൻ കേന്ദ്ര സർക്കാർ കണ്ടെത്തിയ മാർഗമാണ് ടോട്ടക്സ് മാതൃകയിലുളള സ്മാർട്ട് മീറ്റർ നടപ്പിലാക്കൽ,കേരളത്തിൽ ഇത് നടപ്പിലാക്കാനുളള ശ്രമത്തെ അംഗീകരിക്കാൻ കഴിയില്ല എന്ന് അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു. ഐ.എൻ.റ്റി.യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ഡോ. എം ജി സുരേഷ് കുമാർ, സ. ഹരിലാൽ, സ. ഗോപകുമാർ എന്നിവരുൾപ്പെടെയുളള സംഘടനാ നേതാക്കൾ സംസാരിച്ചു.


വൈദ്യുതി മേഖലയില്‍ സാങ്കേതിക വിദ്യയുടെ മാറ്റത്തിനനുസൃതമായി സ്മാര്‍ട്ട് മീറ്റര്‍ അടക്കമുള്ള ആധുനികവല്‍ക്കരണ നടപടികള്‍ സ്വീകരിക്കുന്നതിനെ അംഗീകരിക്കുന്നതോടൊപ്പം., എന്നാല്‍ വൈദ്യുതി വിതരണ രംഗം സ്വകാര്യവല്‍ക്കരിക്കുന്നതിന് സഹായകമായ നിലയില്‍ വൈദ്യുതി ബോര്‍ഡിന്റെ റവന്യൂ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും പുറംകരാര്‍ നല്‍കുന്നതിന് ലക്ഷ്യം വെച്ചുള്ള ടോട്ടക്സ് രീതി യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല എന്നും സംഘടനകൾ കൂട്ടായി തീരുമാനിച്ചു.
തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആശങ്കകളുടെ അടിസ്ഥാനത്തില്‍ പദ്ധതിയെപ്പറ്റി പഠിക്കുന്നതിനും സംഘടനകള്‍ മുന്നോട്ടുവെച്ച ബദല്‍ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി 2023 മാര്‍ച്ചിൽ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് സംഘടനകളുമായി ചര്‍ച്ച ചെയ്യാനോ സംഘടനകളെ വിശ്വാസത്തിലെടുത്ത് സമവായം രൂപപ്പെടുത്താനോ തയ്യാറാകാതെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചുള്ള മാതൃകയില്‍ ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചത്. മാത്രമല്ല ഇതു സംബന്ധിച്ച് സംഘടനകള്‍ ബഹു. വൈദ്യുതി മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നയപരമായ തീരുമാനമെടുക്കുന്നതുവരെ ടെണ്ടര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും കെ.എസ്.ഇ.ബി. ടെണ്ടര്‍ നടപടികളുമായി ഏകപക്ഷീയമായി മുന്നോട്ടുപോകുകയാണ്. ഈ സമീപനം സംഘടനകളെ വെല്ലുവിളിക്കുന്നതാണ്.
ഈ സാഹചര്യത്തില്‍ ടോട്ടക്സ് രീതിയിലുള്ള സ്മാര്‍ട്ട് മീറ്റര്‍ വ്യാപനത്തിനെതിരെ പണിമുടക്കടക്കമുള്ള പ്രക്ഷോഭ നടപടികളുമായി മുന്നോട്ടുപോകാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ബഹുജനങ്ങള്‍ക്കിടയില്‍ വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.