സൗര സബ്സിഡിസ്കീം- വെബിനാർ അവതരണത്തിന് മികച്ച പ്രതികരണം

478

കെ.എസ്.ഇ.ബി ലിമിറ്റഡ് വഴി കേരളത്തിലെ ഗാർഹിക ഉപഭോക്താക്കൾക്കായി നടപ്പാക്കുന്ന ഓൺഗ്രിഡ് സോളാർ പദ്ധതിയായ സൗര സബ്സിഡി സ്കീമിന്റേയും തരിശുഭൂമിയിൽ കർഷകർക്കായി ഉദ്ദേശിച്ചിരിക്കുന്ന പി.എം- കുസും പദ്ധതിയുടേയും സവിശേഷതകൾ സംബന്ധിച്ചും രജിസ്ട്രേഷൻ സംബന്ധിച്ചും ഉള്ള വിവരങ്ങൾ വെബിനാറിലൂടെ പങ്കുവെച്ചു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ സി.ഡി.പി സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വെബ് വഴിയുള്ള സെമിനാർ സംഘടപ്പിച്ചത്. 16.2.2020 ന് രാവിലെ 11 മണിക്കാണ് രജിസ്റ്റർ ചെയ്തവർക്ക് വെബിനാർ അവതരണം ലഭ്യമാക്കിയത്.
കരിയർ ഡവലപ്മെന്റ് പ്രോഗ്രാം സബ്കമ്മിറ്റി കൺവീനറും റിന്യൂവബിൾ എനർജി വിഭാഗത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറുമായ നന്ദകുമാർ എൻ സൗര സബ്സിഡി പ്രോഗ്രാമിന്റെ പ്രസന്റേഷൻ അവതരിപ്പിച്ച് വെബിനാറിന് തുടക്കമിട്ടു. ഇതിന് ശേഷം പി.എം കുസും സംബന്ധിച്ച വിവരങ്ങൾ അസോസിയേഷൻ വൈസ് പ്രസിഡന്റും എക്സിക്യുട്ടീവ് എഞ്ചിനീയറുമായ ജെ. മധുലാൽ അവതരിപ്പിച്ചു.

ജെ. മധുലാൽ, നന്ദകുമാർ എൻ- വെബിനാർ പ്രസന്റേഷൻ

തുടർന്ന് നടന്ന സംശയനിവാരണമുൾപ്പെടെ 1 മണിക്കൂർ നീണ്ട് നിന്ന പരിപാടി വിജ്ഞാനപ്രദവും സമഗ്രവുമാക്കാൻ അവതാരകർക്കായി. 87 പേർ രജിസ്റ്റർ ചെയ്ത് തൽസമയം വീക്ഷിച്ച പരിപാടിയിൽ 41 പേർ മുഴുവൻ സമയ പങ്കാളികളായി ഉണ്ടായിരുന്നു. ഓരോരുത്തർക്കും അവർക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഇഷ്ടമനുസരിച്ച് വീക്ഷിക്കാനും വിഷയങ്ങൾ മനസ്സിലാക്കാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കാനും സാധിക്കും എന്നതാണ് വെബിനാറിന്റെ പ്രത്യേകത. വൈദ്യുതി മേഖലയിലെ പുനരുപയോഗ ഊർജ്ജ സാധ്യതകൾ യാഥാർത്ഥ്യമാക്കാനുള്ള നവീന പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വെബിനാർ ശ്രദ്ധേയമാക്കിയവർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

വെബിനാറിന്റെ വീഡിയോ യുട്യൂബിൽ ലഭ്യമാക്കിയിട്ടുണ്ട്.
https://youtu.be/L2Sz6PYKXRw